സീറോ മലങ്കര സഭാ ബിഷപ്പ് ഡോ. ജേക്കബ് മാർ ബർണബാസ് കാലം ചെയ്തു; യാത്രയായത് ഗുരുഗ്രാം രൂപതയുടെ പ്രഥമ ഇടയൻ

 

ന്യൂഡൽഹി: ഗുരുഗ്രാം സീറോ മലങ്കര രൂപതയുടെ പ്രഥമ ഇടയൻ ഡോ. ജേക്കബ് മാർ ബർണബാസ് (60) കാലം ചെയ്തു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡാനന്തര ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ വിയോഗം ഇന്ന് (ഓഗസ്റ്റ് 26) ഉച്ചയോടെയായിരുന്നു.

നിരവധി ജീവകാരുണ്യ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയതിലൂടെയും ഏറെ ശ്രദ്ധ നേടിയ ഇടയനാണ് മാർ ബർണബാസ്.

പത്തനംതിട്ട ജില്ലയിലെ റാന്നി കരികുളം ഏറാത്ത് ഗീവർഗീസ്- റേച്ചൽ ദമ്പതികളുടെ മകനായ ഇദ്ദേഹം 1975ലാണ് ഒ.ഐ.സി സന്യാസ സഭയിൽ അർത്ഥിയായത്.

1985ൽ സന്യാസവ്രതവും 1986ൽ തിരുപ്പട്ടവും സ്വീകരിച്ചു. റോമിലായിരുന്നു ഉപരിപഠനം. സെമിനാരി അധ്യാപനം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്.

സീറോ മലങ്കര രൂപതകളുടെ അജപാലന പരിധിക്ക് പുറത്തുള്ള ഇന്ത്യൻ പ്രദേശങ്ങളിലെ (ബാഹ്യകേരള മിഷൻ) അപ്പസ്‌തോലിക് വിസിറ്റേറ്റർ പദവിയോടെ 2007ൽ മെത്രാനായി ഉയർത്തപ്പെട്ടു.

ഡൽഹിയിലെ ഗുരുഗ്രാം കേന്ദ്രീകരിച്ച് ഫ്രാൻസിസ് പാപ്പ 2015ൽ പുതിയ സീറോ മലങ്കര രൂപത സ്ഥാപിച്ചപ്പോൾ പ്രഥമ അധ്യക്ഷനായി നിയോഗിതനായി.

വിശ്വാസീസമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ വളർച്ച ഉറപ്പാക്കുന്നതിനൊപ്പം ജാതിമതഭേദമെന്യേയുള്ള പാവപ്പെട്ടവർക്കായുള്ള നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം തുടക്കം കുറിച്ചു.

തെരുവിൽ കഴിയുന്നവർക്ക് ദിവസവും ഉച്ചഭക്ഷണം നൽകാൻ 2010ൽ ആരംഭിച്ച പദ്ധതിയാണ് അതിൽ ഏറെ ശ്രദ്ധേയം. തെരുവിലും പുറംപോക്കിലും പാലങ്ങളുടെ അടിയിലും മറ്റുമായി ജീവിക്കുന്ന നൂറുകണക്കിന് പട്ടിണിപ്പാവങ്ങൾക്ക് വലിയ അനുഗ്രഹമാണ് ഈ പദ്ധതി.

ക്രിസ്തുമസ് ഉൾപ്പെടെയുള്ള വിശേഷ ദിനങ്ങളിൽ സഹപ്രവർത്തകർക്കൊപ്പം ഭക്ഷണ വിതരണത്തിനായി അദ്ദേഹം ചേരികളിലും മറ്റും നേരിട്ടെത്തുമായിരുന്നു.

‘പ്രചോദന’ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ കോവിഡ് കാലത്ത് നടപ്പാക്കിയ പ്രവർത്തനങ്ങളും ശ്രദ്ധേയമായിരുന്നു.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.