കേരള സംസ്ഥാന പൊലീസ് മേധാവിയായി അനില്‍കാന്ത്; തീരുമാനം മന്ത്രിസഭായോഗത്തില്‍
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി അനിൽ കാന്തിനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ദളിത് വിഭാഗത്തിൽ നിന്നും സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് ദില്ലി സ്വദേശിയായ അനിൽകാന്ത്. എഡിജിപി കസേരയിൽ നിന്നും നേരിട്ട് പൊലീസ് മേധാവിയാകുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. അപ്രതീക്ഷിതമായാണ് യു പി എസ് സിയുടെ മൂന്നംഗ ചുരുക്കപ്പട്ടികയിൽ അനിൽകാന്ത് ഇടം നേടിയത്.
ദില്ലി സർവ്വകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ എം എ പൂർത്തിയാക്കിയ ശേഷമാണ് അനിൽ കാന്ത് സിവിൽ സർവ്വീസ് നേടുന്നത്. 1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഒരുപാട് സവിശേഷതകളോടെയാണ് അനിൽകാന്ത് പൊലീസ് മേധാവിയാകുന്നത്. സംസ്ഥാനം കൊടുത്ത പട്ടികയിൽ ഉൾപ്പെട്ട അരുണ്‍കുമാർ സിൻഹ ഒഴിയുകയും തച്ചങ്കരിയെ ഒഴിവാക്കുകയും ചെയ്തതാണ് അനിൽകാന്ത് യുപിഎസ് സി പട്ടികയിൽ ഇടം പിടിക്കുന്നത്. നിലവിൽ എഡിജിപിയാണ് ഇദ്ദേഹം. ഡിജിപി തസ്തികയിൽ എത്തും മുമ്പെ പൊലീസ് മേധാവി. അടുത്ത മാസം 30 ന് മാത്രം ഡിജിപി റാങ്കിലെത്തുന്ന അനിൽകാന്തിന് ഏഴ് മാസത്തെ സർവ്വീസാണ് ബാക്കിയുള്ളത്. പക്ഷെ പൊലീസ് മേധാവിയായതോടെ രണ്ട് വർഷം കൂടി അധികമായി കിട്ടും.
ബെഹ്റയെ പോലെ വിജിലൻസ്, ഫയർഫോഴ്സ്, ജയിൽ തുടങ്ങി ആഭ്യന്തരവകുപ്പിന് കീഴിലെ എല്ലാ വിഭാഗത്തിൻ്റെയും തലവനായ ശേഷമാണ് അനിൽ കാന്തും പൊലീസ് മേധാവിയാകുന്നത്. കല്പറ്റ എഎസ്പിയായുള്ള സർവ്വീസ് തുടക്കം തന്നെ വിവാദത്തിലായിരുന്നു. പെൺകുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിൽ ദീർഘനാൾ സസ്പെൻഷനിലായി. പിന്നീട് കുറ്റവിമുക്തനായി. വിവിധ ജില്ലകളിൽ പൊലീസ് മേധാവിയായും ഐബിയിലും സേവനമനുഷ്ഠിച്ചു. അഞ്ച് വർഷം പിണറായിക്കൊപ്പം വലംകൈയ്യായി തന്നെ വിവാദപരമ്പരകളിലടക്കം ഉണ്ടായിരുന്ന പൊലീസ് മേധാവിയായിരുന്നു ബെഹ്റ. ബെഹ്റയുടെ പിൻഗാമിയായി രണ്ടാം പിണറായി സർക്കാർ കാലത്ത് അനിൽകാന്ത് വരുമ്പോള്‍ ആഭ്യന്തര വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ എത്തരത്തിലാകുമെന്ന് ഒറ്റു നോക്കുകയാണ് കേരളം.