വിരമിച്ച പോലീസ് നായ്ക്കള്‍ക്കായി അന്ത്യവിശ്രമകേന്ദ്രം തൃശ്ശൂരില്‍ തുടങ്ങി

തൃശ്ശൂർ: പോലീസ് സേനയിലെ സേവനത്തിനുശേഷം വിരമിച്ച് മരണമടയുന്ന നായ്ക്കള്‍ക്കായുള്ള അന്ത്യവിശ്രമകേന്ദ്രം തൃശ്ശൂരിലെ കേരളപോലീസ് അക്കാദമിയില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ഏഷ്യയിലെ തന്നെ ആദ്യ സംരംഭമാണിത്. പ്രത്യേകം തയ്യാറാക്കിയ കല്ലറകളില്‍ പുഷ്പാര്‍ച്ചന ചെയ്താണ് ഡി.ജി.പി കുടീരം സമര്‍പ്പിച്ചത്. കേരളപോലീസ് അക്കാദമി പരിശീലനവിഭാഗം ഐ.ജി പി വിജയന്‍ പങ്കെടുത്തു.
പോലീസ് നായ്ക്കളുടെ വിശ്രമകേന്ദ്രമായ വിശ്രാന്തിയോട് ചേര്‍ന്നാണ് കുടീരം. ഇതോടൊപ്പം മനോഹരമായ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. പോലീസ് സര്‍വ്വീസിലെ നായ്ക്കളുടെ ത്യാഗങ്ങള്‍, നേട്ടങ്ങള്‍, മികച്ച ഇടപെടലുകള്‍ എന്നിവ ഉള്‍പ്പെടുത്തി പ്രത്യേകം ബലികുടീരങ്ങളും ഇവിടെ തയ്യാറാക്കും.
സേവന കാലാവധി പൂര്‍ത്തിയാക്കുന്ന പോലീസ് ശ്വാനന്മാർക്ക് വിശ്രമ ജീവിതത്തിനായി തൃശ്ശൂരിലെ കേരളാ പോലീസ് അക്കാഡമിയില്‍ വിശ്രാന്തി എന്ന പേരില്‍ ഇപ്പോള്‍ത്തന്നെ റിട്ടയര്‍മെന്‍റ് ഹോം നിലവിലുണ്ട്. സര്‍വ്വീസ് പൂര്‍ത്തിയാക്കിയ നായ്ക്കള്‍ക്ക് ജീവിതാന്ത്യംവരെ വിശ്രമിയ്ക്കാനും പരിചരണത്തിനും സൗകര്യപ്രദമായ രീതിയിലുള്ള വിശ്രമസ്ഥലമാണ് വിശ്രാന്തി. 2019 മെയ് 29 ന് ആരംഭിച്ച വിശ്രാന്തിയില്‍ ഇപ്പോള്‍ 18 നായ്ക്കള്‍ ഉണ്ട്. വെറ്റിനറി ഡോക്ടര്‍മാരുടെ സേവനവും ശ്രദ്ധയും ആവശ്യത്തിന് ലഭ്യമാക്കുന്നുണ്ട്.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം സമീകൃത ആഹാരമാണ് അവയ്ക്ക് നല്‍കുന്നത്. പ്രായം, ആരോഗ്യ പ്രകൃതി, തൂക്കം എന്നിവയ്ക്കനുസരിച്ച് പ്രത്യേകം പ്രത്യേകം ഭക്ഷണം നല്‍കുന്നു. നായ്ക്കള്‍ക്കായി നീന്തല്‍ക്കുളം, കളിസ്ഥലം, ടി.വി കാണാനുള്ള സംവിധാനം തുടങ്ങിയവയും വിശ്രാന്തിയില്‍ ഒരുക്കിയിട്ടുണ്ട്.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.