ഇനി റോഡ് ടെസ്റ്റിലാതെ ഡ്രൈവിങ്ങ് ലൈസന്‍സ്; ലൈസന്‍സിന് യോഗ്യത ലഭിക്കുക അക്രഡിറ്റഡ് കേന്ദ്രങ്ങളില്‍ ഡ്രൈവിങ് പരിശീലിച്ചവര്‍ക്ക്; നിയമ ഭേദഗതി നടപ്പാക്കുക ജൂലൈ 1 മുതൽ
ന്യൂഡല്‍ഹി: അക്രഡിറ്റഡ് കേന്ദ്രങ്ങളില്‍ ഡ്രൈവിങ് പരിശീലിച്ചവര്‍ക്ക് ഇനി റോഡ് ടെസ്റ്റില്ലാതെ ലൈസന്‍സ് ലഭിക്കും. ഇതു സംബന്ധിച്ച മോട്ടര്‍ വാഹന നിയമ ഭേദഗതി ജൂലൈ 1 മുതല്‍ നടപ്പാക്കും. രാജ്യത്ത് കൂടുതല്‍ അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ക്ക് അനുമതി നല്കുന്ന നിയമ ഭേദഗതി വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഇതുപ്രകാരം താല്പര്യമുള്ളവര്ക്ക് ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങാം. ഇതുവരെ സര്‍ക്കാരാണ് പലയിടത്തും ഇതു നടത്തിയിരുന്നത്.
ചെറിയ വാഹനങ്ങള്‍ ഓടിക്കാന്‍ നാലാഴ്ചത്തെ 29 മണിക്കൂര്‍ പരിശീലനം വേണം. ഇതില്‍ 21 മണിക്കൂര്‍ പ്രായോഗിക പരിശീലനം; അതില്‍ത്തന്നെ 4 മണിക്കൂര്‍ സിമുലേറ്ററില്‍ രാത്രികാല ഡ്രൈവിങ്, മഴ, ഫോഗ് ഡ്രൈവിങ് എന്നിവ പരിശീലിപ്പിക്കും. മീഡിയം, ഹെവി വാഹനങ്ങൾ ഓടിക്കാൻ ആറാഴ്ചത്തെ 38 മണിക്കൂര്‍ പരിശീലനം. ഇതില്‍ 16 മണിക്കൂര്‍ തിയറിയും 22 മണിക്കൂര്‍ പ്രാക്ടിക്കലും (3 മണിക്കൂര്‍ സിമുലേറ്റര്‍).
എന്താണ് അക്രഡിറ്റഡ് കേന്ദ്രങ്ങൾ ?
അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലനകേന്ദ്രങ്ങള്‍ അപൂര്‍വമാണ്. ഒരു സംസ്ഥാനത്ത് ഒന്ന് എന്ന നിലയില്‍ മാതൃകാ ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ് നിലവിലുള്ളത്. കേരളത്തിലെ കേന്ദ്രം മലപ്പുറം ജില്ലയിലെ എടപ്പാളില്‍. ഇത്തരം കേന്ദ്രങൾ കൂടുതല്‍ അനുവദിക്കാനാണ് കേന്ദ്രതീരുമാനം. 5 വര്‍ഷത്തേക്കായിരിക്കും അക്രഡിറ്റേഷൻ. കുറഞ്ഞത് 3 ഏക്കർ സ്ഥലം, വാഹനഭാഗങ്ങളെക്കുറിച്ചു പഠിപ്പിക്കാനുള്ള വര്‍ക്ഷോപ്, ഡ്രൈവിങ് സിമുലേറ്റര്‍, ടെസ്റ്റ് ട്രാക്ക് തുടങ്ങിയവ വേണം.