ഗഗൻയാൻ 2022 ഓഗസ്റ്റിൽ യാഥാർത്ഥ്യമാകും: ആദ്യം പറക്കുക വ്യോമമിത്ര, ചർച്ചകൾ പുരോഗമിക്കുന്നു
ബംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയ്റോനട്ടിക്കൽ ലിമിറ്ററിൽ ഗഗൻയാൻ ദൗത്യത്തിന്റെ മാതൃപേടകം തയ്യാറായി കഴിഞ്ഞു.
ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗൻയാൻ ദൗത്യം വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ഡിസംബറോടെ വിക്ഷേപണത്തിന് മുന്നോടിയായുള്ള ആളില്ല പേടകങ്ങൾ വിക്ഷേപിക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ പദ്ധതി ആറ് മാസത്തോളം നീളും. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിന സമ്മാനമായി ഗഗൻയാൻ ബഹിരാകാശത്ത് എത്തിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്
ബംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയ്റോനട്ടിക്കൽ ലിമിറ്ററിൽ ഗഗൻയാൻ ദൗത്യത്തിന്റെ മാതൃപേടകം തയ്യാറായി കഴിഞ്ഞു. നിലവിൽ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ് ബംഗളൂരുവിൽ. ജൂലൈ 15ഓടെ ലോക്ഡൗൺ പൂർണമായും പിൻവലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്ഡൗൺ പിൻവലിച്ചാലുടൻ തന്നെ ആളില്ലാ പേടകം ബഹിരാകാശത്തേയ്ക്ക് അയക്കുമെന്നും ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഗഗൻയാന് മുന്നോടിയായുള്ള പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന വിക്ഷേപണങ്ങളിൽ ബഹിരാകാശത്തെത്തുന്നത് വ്യോമമിത്ര എന്ന റോബോർട്ട് ആയിരിക്കും. വ്യോമമിത്രയുടെ രൂപീകരണവും പൂർത്തിയായിട്ടുണ്ട്. ബഹിരാകാശ ദൗത്യത്തിനായി തെരഞ്ഞെടുത്ത ഉദ്യോഗസ്ഥർ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. പേടകത്തിലെ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നത് പ്രതിരോധ ഗവേഷക ഏജൻസിയായ ഡിആർഡിഒ ആണ്.
2018ലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗഗൻയാൻ ദൗത്യം പ്രഖ്യാപിച്ചത്. ഇന്ത്യ 75 വർഷത്തെ സ്വാതന്ത്ര്യം പൂർത്തിയാക്കുമ്പോൾ 2022ഓടെ അഞ്ച് മുതൽ ഏഴ് ദിവസം വരെ മൂന്നംഗ സംഘത്തെ ബഹിരാകാശത്തേക്ക് അയയ്ക്കുകയാണ് ലക്ഷ്യം. ഇതോടെ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം മനുഷ്യനെ ബഹിരാകാശത്തേക്ക് അയച്ച നാലാമത്തെ രാജ്യമായി മാറും ഇന്ത്യ.