വിയറ്റ്നാമിൽ കണ്ടെത്തിയ വൈറസ് വകഭേദം കൂടുതൽ അപകടകാരി, വളരെ പെട്ടെന്ന് വിഭജിച്ച് ഇരട്ടിയാകുകയും വായുവിലൂടെ അതിവേഗം പടരുന്നു
വിയറ്റ്നാം: വിയറ്റ്നാമിൽ കണ്ടെത്തിയ കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദം കൂടുതൽ അപകടകാരിയാണെന്ന് റിപ്പോർട്ടുകൾ. ഇത് വായുവിലൂടെ അതിവേഗമാണ് പടരുന്നത്. ഇന്ത്യയിലും യുകെയിലും ആദ്യം കണ്ടെത്തിയ വൈറസിന്റെ സങ്കരയിനം ആണിത്. വായുവിലൂടെ അതിവേഗം പടരുന്ന ഈ വൈറസ് അപകടകാരിയാണെന്ന് വിയറ്റ്നാം ആരോഗ്യമന്ത്രി ഗുയെൻ താൻ ലോങ് വ്യക്തമാക്കി. ഇതിനു മുമ്പ് കോവിഡ് 19 ന്റെ ഏഴ് വകഭേദങ്ങളാണ് വിയറ്റ്നാമിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഇന്ത്യയിലും യുകെയിലും ആദ്യം കണ്ടെത്തിയ നിലവിലുള്ള രണ്ട് വകഭേദങ്ങളുടെയും സ്വഭാവസവിശേഷതകൾ ചേർന്നതാണ് പുതിയ വകഭേദം. മുൻപുള്ള വൈറസ് വകഭേദങ്ങളെക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ളതും വായുവിലൂടെ അതിവേഗം പടരുന്നതുമാണിത്. തൊണ്ടയിലെ ഫ്ലൂയിഡിൽ വൈറസിന്റെ ഗാഢത വളരെ പെട്ടെന്ന് കൂടുന്നു. തുടർന്ന് വളരെ ശക്തമായി ചുറ്റുപാടും പടരുന്നു.
പുതിയതായി കണ്ടെത്തിയ വകഭേദത്തിന്റെ ജീനോം ഡേറ്റ ഉടൻ തന്നെ പ്രസിദ്ധപ്പെടുത്തുമെന് വിയറ്റ്നാം ആരോഗ്യ പ്രവർത്തകർ അറിയിച്ചു. വളരെ പെട്ടെന്നുതന്നെ ഇത് വിഭജിച്ച് ഇരട്ടിയാകുന്നതാണെന്ന് ലബോറട്ടറി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ വിയറ്റ്നാമിൽ വളരെയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ഇതാണ് കാരണം. പുതിയ കോവിഡ് വകഭേദം വളരെ അപകടകാരിയാണ്. വിയറ്റ്നാമിലെ ജന ബാഹുല്യമുള്ള വ്യാവസായിക മേഖലകളിലാണ് പുതിയ ഇനം വ്യാപിച്ചത്.
ഇന്ത്യയിലും യുകെയിലും കണ്ടെത്തിയ കോവിഡ് വകഭേദത്തെ ലോകാരോഗ്യ സംഘടന ‘variant of global concern’ അഥവാ ആഗോള ആശങ്കയുണർത്തുന്ന വകഭേദങ്ങളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്.