കൊച്ചി: കോവിഡ് കാർട്ടൂണുകൾ വരച്ച് പ്രചാരണം നടത്തി വന്നിരുന്ന യുവ കലാകാരൻ ഇബ്രാഹിം ബാദുഷ കോവിഡാനന്തര ചികിത്സകൾ പുരോഗമിക്കുന്നതിനിടെ അന്തരിച്ചു.
ആലുവ താലൂക്ക് ആശുപത്രിയിൽ വച്ചാണ് അന്ത്യം.
കോവിഡ് നെഗറ്റീവായി വീട്ടിലെത്തിയിരുന്നെങ്കിലും വീണ്ടും അസ്വസ്ഥത തോന്നി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആലുവ തോട്ടുമുഖം ശിവഗിരി വിദ്യാനികേതൻ സ്കൂളിനടുത്താണ് താമസിച്ചിരുന്നത്.
കാർട്ടൂൺ ക്ലബ് ഓഫ് കേരള കൊ–ഓർഡിനേറ്ററും കേരള കാർട്ടൂൺ അക്കാദമി മുൻ വൈസ് ചെയർമാനുമായിരുന്നു.
ആളുകളുടെ കാരിക്കേച്ചറുകള്‍ ഒരു മിനിറ്റുകൊണ്ട് വരക്കുന്ന വൺ മിനിറ്റ് കാരിക്കേച്ചറിലൂടെ ‘കാർട്ടൂൺ മാൻ ‘ എന്ന് പ്രശസ്തനായ വ്യക്തിയാണ് ബാദുഷ.
മാളുകളിലും സ്കൂളുകളിലും കോളേജുകളിലുമുള്‍പ്പെടെ തത്സമയ കാരിക്കേച്ചര്‍ ഷോകള്‍ നടത്തിയിരുന്നു. വരയില്‍ പല റെക്കോഡുകളും ഇദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്.
തത്സമയ കാരിക്കേച്ചർ വരച്ചതിലൂടെ ലഭിച്ച വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയും മാതൃകയായി.
കൊറോണ പ്രതിരോധ കാർട്ടൂണുകൾ വരച്ച് നവമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്ന ബാദുഷയ്ക്ക് ഐ.എം.എയുടെയടക്കം വലിയ പിന്തുണ ലഭിച്ചിരുന്നു.
വിവിധ കോളേജുകളിലെ എൻ.എസ്.എസ് വളണ്ടിയർമാരും ബാദുഷയുടെ കാർട്ടൂണുകളുടെ പ്രചാരകരാണ്.
സംസ്ഥാനത്തെ പ്രമുഖ യുവ കാർട്ടൂണിസ്റ്റുകൾ അംഗങ്ങളായ കാർട്ടൂൺ ക്ളബ് ഒഫ് കേരളയുടെ കോ ഓർഡിനേറ്റർ കൂടിയായിരുന്നു ബാദുഷ.
തോട്ടുംമുഖം കല്ലുങ്കൽ വീട്ടിൽ പരേതനായ ഹംസയുടെ മകനാണ്.
സഫീനയാണ് ഭാര്യ.
മുഹമ്മദ് ഫനാൻ,ആയിഷ,അമാൻ എന്നിവർ മക്കളാണ്.
ഖബറടക്കം തോട്ടുംമുഖം പടിഞ്ഞാറേ പള്ളിയിൽ പിന്നീട്.