കോവിഡ്-19ന്റെ പ്രഭവകേന്ദ്രം കണ്ടെത്തൂ, ഇല്ലെങ്കില്‍ കോവിഡ്-26ഉം 32ഉം ഉണ്ടാകും’; യുഎസ് ആരോഗ്യ വിദഗ്ധര്‍.
വാഷിങ്ടന്‍ : ഭാവിയില്‍ മഹാമാരികള്‍ ലോകത്തിനു ഭീഷണിയാകുന്നതു തടയാന്‍ കോവിഡ് 19ന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയേ മതിയാകൂ എന്നും ഇതിനായി ഷീ ജിന്‍ പിങ്ങിന്റെ നേതൃത്വത്തിലുളള ചൈനീസ് സര്‍ക്കാര്‍ സഹകരിക്കണമെന്നും യുഎസ് ആരോഗ്യ വിദഗ്ധര്‍.
വൈറസിന്റെ ഉത്ഭവം എവിടെനിന്നാണ് എന്നതിനെക്കുറിച്ചുള്ള പൂര്‍ണമായ വിവരം ലഭിക്കാതിരിക്കുന്നത്, ലോകത്ത് വീണ്ടും മഹാമാരി ഭീഷണികള്‍ക്ക് ഇടയാക്കുമെന്ന് ടെക്‌സസ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ സെന്റര്‍ ഫോര്‍ വാക്‌സീന്‍ ഡെവലപ്‌മെന്റ് ഡയറക്ടര്‍ പീറ്റര്‍ ഹോറ്റെസ് പറഞ്ഞു. കോവിഡിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ച് അറിഞ്ഞില്ലെങ്കില്‍ കോവിഡ്-26ഉം കോവിഡ്-32ഉം സംഭവിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
ചൈനയില്‍ ദീര്‍ഘകാല പഠനം നടത്താനും മനുഷ്യരുടെയും മൃഗങ്ങളുടെയും രക്തസാംപിളുകള്‍ ശേഖരിക്കാനും ഗവേഷകര്‍ക്ക് അനുമതി നല്‍കണമെന്ന് ഹോറ്റെസ് ആവശ്യപ്പെട്ടു. ഇതിനായി യുഎസ് സമ്മര്‍ദം ചെലുത്തണം. ഗവേഷകര്‍, പകര്‍ച്ചവ്യാധി വിദഗ്ധര്‍, വൈറോളജിസ്റ്റുകള്‍, ഹുബെ പ്രവിശ്യയിലെ ബാറ്റ് ഇക്കോളജിസ്റ്റുകള്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം ആറു മാസം മുതല്‍ ഒരു വര്‍ഷത്തോളം പഠനം നടത്തണമെന്നും ഹോറ്റെസ് പറഞ്ഞു.
അതേസമയം, സാര്‍സ്-കോവ്-2 വൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍നിന്നു പുറത്തുവന്നതാണെന്നതിനു തെളിവുകള്‍ വര്‍ധിച്ചുവെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ മുന്‍ കമ്മിഷണര്‍ സ്‌കോട്ട് ഗോട്ട്‌ലൈബ് പറഞ്ഞു.
ചൈനയിലെ വുഹാനില്‍ കോവിഡ് സ്ഥിരീകരിച്ചിട്ട് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്കു പടര്‍ന്നുവെന്നാണ് ഗവേഷകരുടെ നിഗമനം. അതിനിടെ വുഹാനിലെ വൈറോളജി ലാബില്‍നിന്നാണു വൈറസ് പുറത്തുവന്നതെന്ന ആരോപണം വീണ്ടും ശക്തിപ്പെട്ടിരിക്കുകയാണ്.
ഇതേക്കുറിച്ചു പുതിയ അന്വേഷണം നടത്താന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കുകയും ചെയ്തു. 90 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
2019 നവംബറില്‍ കോവിഡ് ലക്ഷണങ്ങളോടെ വുഹാന്‍ വൈറോളജി ഇന്‍സിറ്റിറ്റിയൂട്ടിലെ മൂന്നു ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്ന് മേയ്-23ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.