4.24 ലക്ഷം വോട്ടുകളുടെ ഗിന്നസ് റെക്കോര്‍ഡ്; വിടവാങ്ങിയത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വേറിട്ട മുഖം
കേന്ദ്ര ഭക്ഷ്യമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാംവിലാസ് പസ്വാന്‍ യാത്രയായി. അരനൂറ്റാണ്ടിലധികം നീണ്ടുനിന്ന രാഷ്ട്രീയ ജീവിതം കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദളിത് മുഖങ്ങളില്‍ ഒന്നായിമാറിയ നേതാവയിരുന്നു രാംവിലാസ് പസ്വാന്‍. 1977 ല്‍ 4.24 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഹാജിപുരില്‍ നിന്ന് ഗിന്നസ് റെക്കോര്‍ഡ് വിജയം നേടി ലോക തെരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ഭാഗമായി പസ്വാന്‍.
എട്ട് തവണ ലോക്‌സഭാ അംഗവും രാജ്യസഭാ എംപിയുമായ പാസ്വാന്‍, സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗമായാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1969 ല്‍ ബിഹാര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥയെ ധീരമായി എതിര്‍ത്ത അദ്ദേഹം ഈ കാലയളവില്‍ ജയില്‍വാസം അനുഭവിച്ചു. 1977 ല്‍ ആദ്യമായി ലോക്സഭയിലെത്തിയ അദ്ദേഹം, ഹാജിപൂര്‍ മണ്ഡലത്തില്‍ നിന്ന് ജനതാ പാര്‍ട്ടി അംഗമായി 1980, 1989, 1996, 1998, 1999, 2004, 2014 എന്നീ വര്‍ഷങ്ങളില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
2000 ല്‍ പാസ്വാന്‍ ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) രൂപീകരിച്ചു. 2004ല്‍ യുപിഎയ്ക്കൊപ്പം ചേര്‍ന്ന് ഒന്നാം യു.പി.എ. മന്ത്രിസഭയില്‍ ഉരുക്ക്, രാസവസ്തു-വളം മന്ത്രിയായി പ്രവര്‍ത്തിച്ചു. 2009 ലെ തെരഞ്ഞെടുപ്പില്‍ പാസ്വാന്‍ ആദ്യമായി പരാജയപ്പെട്ടു. 2010 മുതല്‍ 2014 വരെ രാജ്യസഭാംഗമായി അംഗമായ ശേഷം 2014 ലെ ഹാജിപൂര്‍ മണ്ഡലത്തില്‍ നിന്ന് 16 ആം ലോക്‌സഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.