പ്രതികരണ പ്രസ്താവനയുമായി പാസ്റ്റർ ബി വർഗീസ്

 

ദൈവദാസന്മാരും ദൈവമക്കളും ആയ ഏവർക്കും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നേഹവന്ദനം.

Sub. ക്ഷമാപണം?

കഴിഞ്ഞദിവസം അടൂരിൽ വെച്ച് നടന്ന വിവാഹം സംബന്ധിച്ച വിവാദ വിഷയങ്ങളിൽ പല പ്രതികരണങ്ങളും ശ്രദ്ധയിൽപ്പെട്ടു. എന്നെ വ്യക്തിപരമായി അറിയാവുന്നവരും അല്ലാത്തവരുമായ പലരും ഫോണിൽ വിളിച്ച് കാര്യങ്ങൾ ആരാഞ്ഞു. മറ്റുചിലർ സോഷ്യൽ മീഡിയയിൽ വിവിധ തരത്തിൽ പ്രതികരണങ്ങൾ ഉന്നയിക്കുകയും വിമർശിക്കുകയും ചെയ്യുന്നത് കാണുവാനിടയായി. അത്തരം വിമർശനങ്ങളെയും പ്രതികരണങ്ങളെയും പോസിറ്റീവായ നിലയിൽ തന്നെ ഞാനും നോക്കി കാണുന്നു.

ഒരു വിശ്വാസി എന്ന നിലയിലും അനുഗ്രഹിക്കപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെ ശുശ്രൂഷകനായി കഴിഞ്ഞ കാലങ്ങളിൽ സേവനം അനുഷ്ഠിച്ചു വന്ന ഒരു കർത്തൃദാസൻ എന്ന നിലയിലും പ്രസ്തുത വിഷയത്തിൽ വന്ന പ്രതികരണങ്ങളെ നല്ല നിലയിൽ തന്നെ നോക്കി കാണുവാൻ ആഗ്രഹിക്കുന്നു. ഉപദേശ വീക്ഷണങ്ങളിൽ നിന്നുകൊണ്ടുള്ള പ്രതികരണങ്ങളുടെ വിമർശനാത്മക സ്വഭാവത്തെ സ്വാഗതം ചെയ്യുന്നു.

എന്നാൽ പ്രസ്തുത വിഷയത്തിൽ എന്റെതായ ഒരു പ്രതികരണ പ്രസ്താവന അറിയിക്കുവാൻ കർത്താവിൽ ശരണപ്പെടുന്നു.

കർത്താവിന്റെ ദാസൻ പാസ്റ്റർ ഷാജി ഇടമൺ എന്റെ സ്വന്ത ദേശമായ ഇടമൺ സ്വദേശിയാണ്. എന്റെ ഭവനത്തിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ ദൂരം മാത്രം വ്യത്യാസത്തിലാണ് ദീർഘ കാലം കർത്താവിന്റെ ദാസനും പാർത്തു വന്നിരുന്നത് .
ഞാൻ എന്റെ കുടുംബത്തിൽ നിന്ന് ഒറ്റയ്ക്ക് വിശ്വാസത്തിൽ വന്ന ഒരു വ്യക്തിയാണ്. ചില വർഷങ്ങൾക്കുശേഷം തന്റെ കുടുംബത്തിൽ നിന്ന് ഒറ്റയ്ക്ക് വിശ്വാസത്തിൽ വന്ന വ്യക്തിയാണ് ഷാജി ഇടമൺ. ആ കാലത്തുതന്നെ പരിചിതരായ ഞങ്ങൾ ഇന്നോളം നല്ല സുഹൃത്തുക്കളായി തന്നെ വളരെ അടുത്ത ബന്ധം പുലർത്തിപ്പോന്നു. എന്നാൽ അദ്ദേഹത്തിന്റെ കുഞ്ഞുങ്ങളെ ഏകദേശം അവരുടെ പത്താം ക്ലാസ് പഠനം വരെ അടുത്തറിഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം വിവാഹ ശുശ്രൂഷ സംബന്ധിച്ച് എനിക്കും ക്ഷണം ലഭിച്ചു, ആ വിവാഹ ശുശ്രൂഷ ലീഡ് ചെയ്യണമെന്നും പാസ്റ്റർ ഷാജി അറിയിച്ചു, ആ അവസരത്തിൽ തന്നെ ആരാണ് ശുശ്രൂഷ നടത്തുന്നത് എന്ന് ഞാൻ ചോദിച്ചിരുന്നു, pപാസ്റ്റർ രാജു പൂവക്കാലയാണ് നടത്തുന്നതെന്ന് മറുപടിയും ലഭിച്ചു. അനുഗ്രഹീതനായ ഒരു ശുശ്രൂഷകൻ കാർമികത്വം വഹിക്കുന്ന ഒരു വിവാഹം ലീഡ് ചെയ്യുന്നത് എന്നെ സംബന്ധിച്ചിടത്തോളം സന്തോഷകരമായിരുന്നു.

കോവിഡ് സാഹചര്യം ആയതിനാൽ 20പേര് മാത്രമേ പ്രസ്തുത ശുശ്രൂഷയിൽ പങ്കെടുക്കുന്നുള്ളൂ എന്ന് അറിയിച്ചു. അടൂർ ഹോട്ടൽ വൈറ്റ് പോർട്ടിക്കൊയിൽ ഒരു ചെറിയ മുറി ആണ് ക്രമീകരിച്ചിരുന്നത്. മീറ്റിംഗ് ആരംഭിക്കുന്നത് വരെ വരനെ ഞാൻ കണ്ടിരുന്നില്ല.

പത്തരയ്ക്ക് പ്രാർത്ഥിച്ചു ശുശ്രൂഷ ആരംഭിച്ചു. ആ സമയത്താണ് വരനും വധുവും ബ്രൈഡൽ മാർച്ച് നടത്തി അവിടേക്ക് പ്രവേശിച്ചത്, അപ്പോഴാണ് വരന്റെ തലയിൽ നീണ്ട മുടി കെട്ടി വെച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ഞാനും രാജു പൂവക്കാല പാസ്റ്ററും അന്യോന്യം ഈ വിഷയത്തിൽ പരിഭ്രമം വ്യക്തമാക്കി. പ്രാർത്ഥിച്ചു ആരംഭിച്ച ഒരു ശുശ്രൂഷ ഇട്ടിട്ടു പോകുന്നത് ഓർക്കാൻ വയ്യാത്ത ഒരു പ്രയാസമായി. മറ്റാരെങ്കിലും ആ ശുശ്രൂഷ ഏറ്റെടുത്ത് നടത്താനും ഇല്ല എന്നത് മറ്റൊരു ഭാരം.
പാസ്റ്റർ ഷാജി പറഞ്ഞതനുസരിച്ച് ആ ചെറുക്കൻ വീണ്ടും ജനനം പ്രാപിച്ചതാണ് എന്ന വസ്തുത ഞാനും വിശ്വസിച്ചു. നല്ല പ്രാർത്ഥിക്കുന്ന, സമർപ്പണം ഉള്ള ഒരു പയ്യൻ എന്ന നിലയിലാണ് ഞങ്ങളെ ധരിപ്പിച്ചിരുന്നത്. എന്നാൽ വേദിയിൽ വെച്ച് കണ്ടത് എന്നെ ഏറ്റവും വിഷമിപ്പിക്കുന്ന നിലയിലുള്ള രീതിയിൽ ആയിരുന്നു. ഇറങ്ങി പോകാൻ കഴിയാത്ത വിധം ഒരു കെണിയിൽ പെടുകയായിരുന്നു ഞങ്ങൾ, ആ സമയത്ത് പെട്ടെന്ന് ഒരു തീരുമാനം എടുക്കാൻ കഴിയാതെ ശുശ്രൂഷയിൽ തുടരുകയായിരുന്നു.

പ്രസ്തുത സംഭവം പെന്തക്കോസ്തിന് തന്നെ ഒരു അപമാനം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. സമ്മർദ്ദ സാഹചര്യങ്ങളാൽ ഉണ്ടായ ഒരു വീഴ്ചയാണ് ഈ ശുശ്രൂഷ മുഖാന്തരം എന്റെ പക്കൽ നിന്നും ഉണ്ടായത്. വിവാഹത്തിനുശേഷം പാസ്റ്റർ ഷാജിയോട് എന്റെ പരിഭവവും ശക്തമായ പ്രതിഷേധവും അറിയിക്കുകയും ചെയ്തിരുന്നു.

ഈയൊരു ശുശ്രൂഷയിൽ എന്റെ ഭാഗത്തു നിന്ന് ഉണ്ടായ ഗൗരവമായ വീഴ്ചയിൽ ഞാൻ ക്രിസ്തീയ സമൂഹത്തോട്, പ്രത്യേകിച്ച് പെന്തക്കോസ്ത് ശുശ്രൂഷകരും വിശ്വാസികളുമായുള്ള ഏവരോടും യേശുക്രിസ്തുവിന്റെ നാമത്തിൽ ക്ഷമാപണം അറിയിക്കുന്നു. ഞങ്ങളെ ഓർത്തു പ്രാർത്ഥിക്കണമെന്ന് ഏവരോടും അപേക്ഷിക്കുന്നു, നന്ദി.

ക്രിസ്തുവിൽ നിങ്ങളുടെ സഹ ശുശ്രൂഷകൻ
Pr. B. Varghese.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.