നാവിക സേനയ്ക്ക് കരുത്ത് പകരാൻ മൾട്ടി റോൾ എംഎച്ച്-60ആർ ഹെലികോപ്റ്ററുകൾ; ഇന്ത്യയ്ക്ക് ഉടൻ കൈമാറാനൊരുങ്ങി യുഎസ്
24 എംഎച്ച്-60 റോമിയോ ഹെലിക്കോപ്റ്ററുകൾ രാജ്യത്തിന് നൽകുന്നതിനായി ഇന്ത്യയും അമേരിക്കും തമ്മിൽ കരാറിലേർപ്പെട്ടിരുന്നു. 16,000 കോടിയുടെ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.
ന്യൂഡൽഹി : ഇന്ത്യൻ നാവിക സേനയ്ക്ക് കരുത്ത് വർദ്ധിപ്പിക്കാൻ ഇനി മൾട്ടി റോൾ എംഎച്ച്-60 റോമിയോ ഹെലികോപ്റ്ററുകളും. ജൂലൈയോടെ മൂന്ന് ഹെലികോപ്റ്ററുകൾ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറും. ഇതിന്റെ ഭാഗമായി പരിശീലനത്തിന് വേണ്ടി ഇന്ത്യയിൽ നിന്നുള്ള പൈലറ്റുമാർ അമേരിക്കയിലെത്തിയതായും ഇന്ത്യൻ നാവിക സേന അറിയിച്ചു.
24 എംഎച്ച്-60 റോമിയോ ഹെലിക്കോപ്റ്ററുകൾ രാജ്യത്തിന് നൽകുന്നതിനായി ഇന്ത്യയും അമേരിക്കും തമ്മിൽ കരാറിലേർപ്പെട്ടിരുന്നു. 16,000 കോടിയുടെ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. ഇതിന്റെ ഭാഗമായുള്ള പൈലറ്റുമാരുടെ പരിശീലനം ആദ്യം ഫ്‌ലോറിഡയിലെ പെൻസാകോളയിലും തുടർന്ന് കാലിഫോർണിയയിലെ സാൻ ഡിയാഗോയിലുമാകും നടക്കുക.
അന്തർവാഹിനികളെ വേട്ടയാടുന്നതിനും കടലിൽ പരിശോധന നടത്തുന്നതിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി പ്രത്യേകം നിർമ്മിച്ച ഹെലികോപ്റ്ററുകളാണിത്. എംഎച്ച്-60 റോമിയോയിൽ മൾട്ടി മോഡ് റഡാറുകളും, നൈറ്റ് വിഷൻ ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. ആക്രമണം നടത്തുന്നതിനായി ഹെൽഫയർ മിസൈലുകളും വെള്ളത്തിനടിയിലൂടെ സഞ്ചരിക്കാൻ സാധിക്കുന്ന ടോർപിഡോകളുമുണ്ട്. ഏത് പ്രതലത്തിൽ നിന്നും ആക്രമണം നടത്താവുന്ന തരത്തിലാണ് ഹെലികോപ്റ്ററുകൾ നിർമ്മിച്ചിരിക്കുന്നത്.