യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു

അബുദാബി: യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ (74) അന്തരിച്ചു. യു.എ.ഇയുടെ രണ്ടാമത്തെ പ്രസിഡന്റാണ്. എമിറൈറ്റ്സ് ഓഫ് അബുദാബിയുടെ 16-മത്തെ ഭരണാധികാരികൂടിയാണ്. യു.എ.ഇയെ വികസനക്കുതിപ്പിലേക്ക് നയിച്ച ഭരണാധികാരിയാണ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ.

2004 മുതൽ യു.എ.ഇ പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ മരണം വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് പ്രസിഡൻഷ്യൽ അഫേഴ്സ് മന്ത്രാലയം അറിയിച്ചത്. പ്രസിഡന്റിന്റെ മരണത്തെ തുടർന്ന് യുഎഇയിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

1966 ഓഗസ്റ്റിൽ അബുദാബിയുടെയും കിഴക്കൻ പ്രവിശ്യകളുടെയും ഭരണാധികാരിയുടെ പ്രതിനിധിയായാണ് ശൈഖ് ഖലീഫ ഔദ്യോഗിക രംഗത്തേക്ക് കടന്നുവരുന്നത്. 1969 ഫെബ്രുവരി ഒന്നിന് അദ്ദേഹം അബുദാബിയുടെ കിരീടാവകാശിയായി ചുമതലയേറ്റു. തുടർന്ന് അബുദാബി പ്രധാനമന്ത്രിയായും യു.എ.ഇ. പ്രതിരോധമന്ത്രിയായും യു.എ.ഇ. ഉപപ്രധാനമന്ത്രിയായും യു.എ.ഇ. സായുധസേനാ ഉപസർവ സൈന്യാധിപനായും വിവിധ കാലയളവുകളിൽ സേവനമനുഷ്ഠിച്ചു. രാഷ്ട്രപിതാവിന്റെ വിയോഗത്തിനുശേഷം 2004 നവംബർ മൂന്നിനാണ് അദ്ദേഹം യു.എ.ഇ.യുടെ പ്രസിഡന്റായി ചുമതലയേൽക്കുന്നത്.

 

Courtesy: Mathrubhumi

Leave A Reply

Your email address will not be published.