അനുസ്മരണം; ‘സി. ഐ. പാപ്പച്ചൻ പാസ്റ്റർ വിട പറയുമ്പോൾ’

ഷാജൻ ജോൺ ഇട്ടയ്ക്കാട്

ചെറുതെന്നോ വലുതെന്നോ ഇല്ലാതെ അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിൻ്റെ ഏതൊരു പരിപാടിയ്ക്കും എത്തിച്ചേരുന്ന സി.ഐ.പാപ്പച്ചൻ പാസ്റ്ററാണ് എൻ്റെ കൺമുന്നിൽ ഇപ്പോഴും നിറഞ്ഞു നില്കുന്നത്.

ചിലരെങ്കിലും ഒരു മീറ്റിംഗിന് എങ്ങനെ പോകാതിരിക്കാൻ കഴിയും എന്ന് ഗവേഷണം നടത്തുമ്പോൾ, എങ്ങനെ ഒരു മീറ്റിംഗിന് എത്തിച്ചേരാൻ കഴിയുമെന്ന് നാം പഠിക്കേണ്ടിയിരുന്നത് പ്രീയപ്പെട്ട പാപ്പച്ചൻ പാസ്റ്ററിൽ നിന്നുമാണ്.

എനിക്ക് പാസ്റ്ററുടെ ഇളയ മകൻ്റെ പ്രായമാണ്. സിബു എൻ്റെ നല്ല സ്നേഹിതനുമാണ്, സിബുവിൻ്റെ കൂട്ടുകാരനെന്ന നിലയിലേതിനെക്കാൾ അടുപ്പം പാസ്റ്ററുമായി പുലർത്താൻ കഴിഞ്ഞിട്ടുമുണ്ട്. അതിൻ്റെ കാരണങ്ങൾ പലതുമാണ്. എ.ജി സമൂഹത്തെ നെഞ്ചിൽ വഹിക്കുന്നവർക്ക് എല്ലാ എ ജി ക്കാരും കുടുംബാംഗം പോലെയാണ്. അങ്ങനൊരു പരിഗണന എനിക്കും കിട്ടിയിട്ടുണ്ട്.

പാപ്പച്ചൻ പാസ്റ്റർ കാറോടിക്കുമായിരുന്നോ എന്നെനിക്കറിയില്ല. ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിന് അവസാന വർഷങ്ങളിൽ മീറ്റിംഗിൽ സംബന്ധിക്കുവാനുള്ള ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ മകൻ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്.

എ ജി യുടെ മീറ്റിംഗ് പുനലൂർ ബഥേലിൽ നടക്കുമ്പോൾ പ്രത്യേകിച്ച് സൺഡേസ്കൂൾ യുവജന ക്യാമ്പുകളിലൊക്കെ ആ കുന്നുമ്പുറത്തേക്ക് നടന്നു വരുന്നൊരു കാഴ്ച വർഷങ്ങൾക്ക് മുമ്പ് ഹ്യദ്യമായി ഞാൻ ആസ്വദിച്ചിട്ടുണ്ട്, അതൊക്കെ ഇന്നും എനിക്ക് ആവേശം നല്കുന്നുമുണ്ട്, വചനം പറയുക മാത്രമല്ല മാതൃക ആവുകയെന്നതും അനിവാര്യമാണ്. കേട്ട് പഠിക്കുന്നതിനെക്കാൾ എത്രയധികമാണ് നാം കണ്ടു പഠിക്കുന്നത്. സാന്നിധ്യം കൊണ്ട് ധന്യമാക്കുക എന്നത് ഞാൻ പഠിച്ചെടുത്തത് പാപ്പച്ചൻ പാസ്റ്ററെപ്പോലുള്ള മുൻ നിരക്കാരിൽ നിന്നുമാണ്, ആ സാന്നിധ്യം സംഘാടകർക്ക് നല്കുന്ന കടുത്ത പിന്തുണ തന്നെയത്രെ.

പ്രായഭേദമെന്യേ സൗഹൃദം രൂപപ്പെടുത്തി സൂക്ഷിക്കുമായിരുന്നു. പാസ്റ്ററുടെ വെടിപ്പും വൃത്തിയുമുള്ള വസ്ത്രധാരണം പാസ്റ്ററുടെ ഭംഗി വർദ്ധിപ്പിച്ചിട്ടുണ്ട്. മികച്ച ശുശ്രുഷകനായിരുന്നു. എ ജിയുടെ പ്രമുഖ സഭകളിൽ പാസ്റ്ററായി സേവനം ചെയ്തിട്ടുണ്ട്.

 

പക്ഷെ അദ്ദേഹം ചെയ്ത ഏറ്റവും വലിയ സേവനമായി ഞാൻ കാണുന്നത് പാസ്റ്റർക്ക് സഭയോടുള്ള കൂറും സ്നേഹവും വൈകാരിക അടുപ്പവുമാണ്. അതാണ് കുട്ടികളുടെയും യുവാക്കളുടെയും താലന്തു പരിശോധനകൾക്ക് പോലും സാനിധ്യമാകുവാൻ പ്രേരിപ്പിച്ച ഘടകം. അങ്ങനെ സാന്നിധ്യം എന്ന നിശബ്ദ പിന്തുണ കൊണ്ട് മീറ്റിംഗുകൾക്ക് മിഴിവു പകരുവാൻ അദ്ദേഹത്തിൽ നിന്നും ഞാൻ പഠിച്ച മികച്ച പാഠമാണെന്ന ഓർമ്മ ഒരിക്കൽ കൂടി പുതുക്കി കൊണ്ട് കുറിപ്പ് അവസാനിപ്പിക്കുന്നു.

തിരക്കുകളുടെ ഈയുള്ള കാലത്ത് സാന്നിധ്യം കൊണ്ട് മിഴിവു പകരാൻ നാം ദൈവത്തെ നെഞ്ചിലേറ്റി ദൈവസ്നേഹത്തിൽ ഏറെ വളരേണ്ടതുണ്ട്.

ഭക്തൻ വിട്ടൊഴിയുമ്പോൾ ഉണ്ടാവുന്ന ശൂന്യത നികത്തപ്പെടുവാൻ സമർപ്പിതരാകുവാൻ ആരെങ്കിലും ഒക്കെ ഉണ്ടാവുകയാണ് ഈ പിതാവിനും നമുക്ക് നല്കുവാൻ കഴിയുന്ന മികച്ച ആദരവ്. കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നു. പ്രാർത്ഥിക്കുന്നു.

Shajan John Edakkadu
Leave A Reply

Your email address will not be published.