പുതുപ്പള്ളി എന്നു കേൾക്കുമ്പോൾ എന്റെ മനസിൽ ആദ്യം വരുന്ന പേര് ഉമ്മൻ ചാണ്ടി :

ബാല്യത്തിൽ കൂട്ടുകാർക്കൊപ്പം ‘ഉമ്മൻ ചാണ്ടി’ കളിക്കുന്നത്
എനിക്കും കൂട്ടുകാർക്കും ഒരു ഹരമായിരുന്നു.
എത്ര പ്രാവശ്യം വേഷം കെട്ടിയാലും
ഉമ്മൻ ചാണ്ടിയാകാൻ എനിക്കു കഴിഞ്ഞിരുന്നില്ല.
പറ്റെ തലമുടി വെട്ടി ശീലിച്ചിരുന്ന എനിക്ക് ഉമ്മൻ ചാണ്ടിയുടെ
തലമുടിയുടെ സ്റ്റൈൽ അനുകരിക്കാൻ കഴിഞ്ഞിരുന്നില്ല.
എനിക്കെന്നല്ല, കൂട്ടുകാർക്കാർക്കും തന്നെ അദ്ദേഹത്തിന്റെ
അനുസരണയില്ലാതെ ഭംഗിയായി ഇളകിയാടുന്ന തലമുടി
സ്വന്തം തലയിൽ ‘മേക്കപ്പ്’ ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
ലോകരാജ്യങ്ങളിൽ ഒരിടത്തും ഉമ്മൻ ചാണ്ടിയുടെ തലമുടിയോട്
സാദൃശ്യമുള്ള ഒരാളെയും ഞാൻ കണ്ടിട്ടില്ല.
ഉമ്മൻ ചാണ്ടി സാറിനെക്കുറിച്ച് ചിന്തിക്കുമ്പോൾ
ആദ്യം എന്റെ മനസിൽ വരുന്നത് വർഷങ്ങളോളം അദ്ദേഹത്തിന്റെ മാത്രം ആകർഷണബിന്ദുവായിരുന്ന
മിനുസമുള്ള തലമുടി തന്നെയാണ്.
എന്നാണ് ഉമ്മൻ ചാണ്ടി സാറിനെ ആദ്യമായി ഞാൻ കാണുന്നത് ?
കൃത്യമായി ഓർക്കുന്നില്ല.
എനിക്ക് പത്തു വയസ് പ്രായമുള്ളപ്പോഴാണ് അദ്ദേഹം ആദ്യമായി
പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ മത്സരിക്കുന്നത്.
അന്ന് വോട്ട് ചോദിക്കാൻ വീട്ടിൽ വന്നിരുന്നുവെന്ന് തോന്നുന്നു.
അന്ന് വോട്ട് ചോദിച്ചതായി ഓർമയില്ല.
ഒരു നിഷ്കളങ്ക ചിരി ചിരിച്ചു.
ആ ചിരിയിൽ വോട്ട് മുഴുവൻ അദ്ദേഹത്തിന്റെ
പെട്ടിയിൽ വീഴുമെന്ന് അദ്ദേഹത്തെപ്പോലെ നിശ്ചയമുള്ള മറ്റാരും കാണുകയില്ല.
എന്റെ വീട്ടിൽ നിന്നും എട്ടു മിനിറ്റ് വേഗതയിൽ നടന്നാൽ അദ്ദേഹത്തിന്റെ വീട്ടിലെത്താം.
അങ്ങനെ നോക്കുമ്പോൾ അദ്ദേഹം എന്റെ അയൽവാസിയാണ്.
ഞാൻ അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പഠിച്ചത്
അദ്ദേഹത്തിന്റെ പിതാവ് മാനേജർ ആയിരുന്ന
വിജെഒഎംയുപി സ്‌കൂളിലാണ്.
മതഭക്തിയുടെ കഠിനമായ
പാതയിൽ ഒരു ‘നേർച്ചക്കോഴി’യെപ്പോലെ അമ്മ എന്നെ വളർത്തിയിരുന്നതിനാൽ രാഷ്ട്രീയത്തെക്കുറിച്ചു
ചിന്തിക്കാൻപോലും എനിക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല.
ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ രാഷ്ട്രീയപാതയിൽ
നീങ്ങുവാൻ ഞാനും ശ്രമിച്ചേനെ, അറിയില്ല.
അത്രമാത്രം ഉമ്മൻ ചാണ്ടി എന്ന യുവനേതാവ് ഞങ്ങളുടെ ഹൃദയങ്ങളെ കീഴടക്കിയിരുന്നു.
ഉമ്മൻ ചാണ്ടിയെപ്പോലെ ലേശം തലക്കനമില്ലാത്ത,
വിനയവും സൗമ്യതയുമുള്ള ഒരു
രാഷ്ട്രീയനേതാവിനെ വേറെ ഞാൻ കണ്ടിട്ടില്ല.
അദ്ദേഹം കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ
ചെയ്തതിന്റെ തലേ ദിവസം അദ്ദേഹത്തെ ഞാൻ ഫോൺ വിളിച്ചു.
ഒരു വാക്ക് അഭിനന്ദിച്ചശേഷം ഫോൺ വയ്ക്കാമെന്നാണ്
ഞാൻ കരുതിയത്.
പക്ഷെ ഫോൺ താഴെ വയ്ക്കാൻ
അദ്ദേഹം തയാറായില്ല.
പത്തു മിനിട്ടോളം അദ്ദേഹം സംസാരിച്ചു.
‘എറണാകുളത്തു വരുമ്പോൾ കാണണം’
എന്നറിയിച്ചു.
ഞാൻ ഒരു പാർട്ടിയിലും അംഗമല്ല.
എന്നാൽ സ്വന്തമായി രാഷ്ട്രീയാവബോധമുള്ള വ്യക്തിയും
രാജ്യത്തിന്റെ ഭാവിയിൽ
താല്പര്യമുള്ള പൗരനുമാണ്.
എന്നാൽ ആർക്കാണ് വോട്ടവകാശം വിനിയോഗിക്കുന്നത് എന്ന കാര്യം ഇന്നുവരെ ഞാൻ വെളിപ്പെടുത്തിയിട്ടില്ല.
അത് എന്റെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്.
അത് എന്റെ മനസിൽ മാത്രം ഒളിച്ചിരിക്കട്ടെ.
ഉമ്മൻ ചാണ്ടിയുടെ ജനസമ്മതിയുടെ ആഴവും പരപ്പും
എത്ര വിശാലമാണ് എന്നതിന്റെ തെളിവ് പതിനൊന്നു പ്രാവശ്യം
തുടർച്ചയായി അദ്ദേഹം പുതുപ്പള്ളി മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു
എന്നതു തന്നെയാണ്.
അത് വ്യക്തിപരമായി തിരിച്ചറിയുവാനുള്ള പല സന്ദർഭങ്ങളും
എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.
ഒരിക്കൽ കൺവൻഷൻ പ്രസംഗവും കഴിഞ്ഞ് ഞാനും സാലിയും പത്തനംതിട്ടയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു.
രാത്രി പന്ത്രണ്ട് കഴിഞ്ഞപ്പോൾ പൂത്തോട്ട എന്ന സ്ഥലത്ത് കാർ എത്തി.
വഴിയിൽ വാഹനങ്ങൾ വളരെ കുറവായിരുന്നു.
സീറ്റ് ബെൽറ്റ്‌ അൽപം തകരാർ ഉണ്ടാക്കിയതിനാൽ
ഞാൻ സീറ്റ് ബെൽറ്റ്‌ ഉപയോഗിച്ചിരുന്നില്ല.
നല്ല വേഗതയിലാണ് ഞാൻ കാർ ഓടിച്ചിരുന്നത്.
പെട്ടെന്നാണ് നടുവഴിയിൽ നഗരത്തിലെ പ്രസിദ്ധനായ
ഒരു പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ നിൽക്കുന്നു.
എന്റെ കാർ അദ്ദേഹം തടഞ്ഞു.
നീതിമാനായ അദ്ദേഹം കർക്കശക്കാരനും കുറ്റവാളികളുടെ
പേടിസ്വപ്നവുമാണ്.
ഞാനും അദ്ദേഹത്തിന്റെ വീരകഥകൾ പത്രങ്ങളിൽ വായിച്ചിട്ടുണ്ട്.
ഞാൻ അൽപം ഭയത്തോടെ കാർ ചവിട്ടി നിർത്തി.
അദ്ദേഹം എന്റെ അടുത്തുവന്ന് കാറിനുള്ളിലെ ലൈറ്റ്
ഇടുവാൻ പറഞ്ഞു.
കാറിനുള്ളിൽ വെളിച്ചം പരന്നു.
അദ്ദേഹം ഗൗരവത്തിൽ എന്റെ ജൂബയിലേക്കും മീശയിലേക്കും
താടിയിലേക്കും
സീറ്റ് ബെൽറ്റിലേക്കും നോക്കി.
പണി കിട്ടുമെന്ന് എനിക്ക് ഉറപ്പായി.
അദ്ദേഹം ചോദിച്ചു :
‘ഫാദർ എവിടെപ്പോയിട്ടു വരുന്നു ?’
‘കൺവൻഷൻ പ്രസംഗം
കഴിഞ്ഞു വരികയാണെന്ന്’ ഞാൻ അറിയിച്ചു.
‘എന്റെ വീട് എവിടെ’യെന്ന്
അദ്ദേഹം തിരക്കി.
‘പുതുപ്പള്ളി’ എന്നു ഞാൻ പറഞ്ഞു.
അടുത്ത ചോദ്യം
‘ഉമ്മൻ ചാണ്ടി സാറിന്റെ…?’
ഞാൻ പറഞ്ഞു :
‘അയൽവാസിയാണ്.’
കമ്മീഷണറുടെ മുഖം തെളിഞ്ഞു.
അദ്ദേഹം ചോദിക്കാതെ തന്നെ ഞാൻ പറഞ്ഞു :
‘സർ, സീറ്റ് ബെൽറ്റ്‌ അൽപം കേടാണ്.’
‘ഒ കെ, എത്രയുംവേഗം അത് നന്നാക്കി ഉപയോഗിക്കണം.
ശരി ഫാദർ പൊയ്ക്കോളൂ.’
ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടി സാറിന്റെ അയൽവാസിയാണെന്ന്
ഞാൻ പറഞ്ഞപ്പോൾ കമ്മീഷണറുടെ
മുഖത്തെ തെളിച്ചം
അദ്ദേഹത്തിന്റെ വ്യക്തിത്വത്തോടുള്ള ആദരവായിരുന്നുവെന്ന് എനിക്കു വ്യക്തമായി.
അയൽവാസിയാണെണെങ്കിലും ഇന്നുവരെയും ഒരു ശുപാർശയ്ക്കും ഞാൻ അദ്ദേഹത്തെ സമീപിച്ചിട്ടില്ല.
അതിന്റെ ആവശ്യം എനിക്ക് ഉണ്ടായിട്ടില്ല.
എനിക്കുള്ളതെല്ലാം എന്നെ തേടിയെത്തുമെന്ന് എനിക്കു നല്ലവണ്ണം അറിയാം.
അർഹതയുള്ള കാര്യങ്ങൾ
യേശുകർത്താവ് എനിക്കു
നൽകുമെന്നും നിശ്ചയമുണ്ട്.
രാഷ്ട്രീയ നേതാക്കളെ സ്വാധീനിച്ച് അനർഹമായ ശുപാർശകൾ നടത്തുന്നത് ഒരു നല്ല പ്രവണതയാണെന്നു ഞാൻ വിശ്വസിക്കുന്നില്ല.
ഉമ്മൻ ചാണ്ടി സാറിന്റെ അമ്മ ബേബി അമ്മച്ചിയെക്കുറിച്ച്
ഒരു വാക്ക് എഴുതിയില്ലെങ്കിൽ ഈ ലേഖനം അപൂർണ്ണമാകും.
ഞാൻ ‘ഉമ്മച്ചന്റെ സ്‌കൂളിൽ’ പഠിക്കുമ്പോൾ ഉച്ചഭക്ഷണം കഴിച്ചിരുന്നത്
ഉമ്മൻ ചാണ്ടി സാറിന്റെ വീട്ടിൽ ഇരുന്നുകൊണ്ടാണ്.
എന്റെ വീട്ടിൽനിന്നും വഴറ്റിയ
വാഴയിലയിൽ എന്റെ അമ്മ കെട്ടിത്തന്നിരുന്ന രുചികരമായ പൊതിച്ചോറ് അവിടെയിരുന്ന് കഴിക്കുമ്പോൾ പിറകിൽ നിന്ന് ഒരു തവി എന്റെ പൊതിപ്പാത്രത്തിലേക്ക് നീണ്ടുവരും.
അതിൽ നിന്നും മുഴുത്ത
ഒരു നെയ് മീൻ കഷണം എന്റെ പൊതിച്ചോറിലേക്കു വീഴും.
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ചിരിച്ചുകൊണ്ട് ബേബി അമ്മച്ചി.
എന്റെ അമ്മയും ബേബി അമ്മച്ചിയും നല്ല സൗഹൃദമായിരുന്നു.
എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം ഞാനും അമ്മയും
ബേബി അമ്മച്ചിയും കൂടി പുതുപ്പള്ളി പള്ളിയിൽ പ്രാർത്ഥിക്കാൻ പോകുമായിരുന്നു.
ബേബി അമ്മച്ചിക്ക് എന്നെ ജീവനായിരുന്നു. ഞാൻ വൈദികനാകണമെന്ന് എന്നെക്കാൾ കൂടുതലായി അവർ
ആഗ്രഹിച്ചിരുന്നു എന്ന് എനിക്കു തോന്നിയിട്ടുണ്ട്.
താഴ്മയും വിനയവും പാരമ്പര്യമായി അവർക്കു ലഭിച്ചിരുന്ന ദൈവിക സിദ്ധികളായിരുന്നു.
ഭക്തയായ ബേബി അമ്മച്ചിയുടെ സ്വഭാവശ്രേഷ്ഠതകളാണ്
ഉമ്മൻ ചാണ്ടി സാറിന് ലഭിച്ചിട്ടുള്ളതെന്ന് എനിക്കു തോന്നുന്നു.
അദ്ദേഹം തൊഴിൽ മന്ത്രിയായിരുന്ന സമയത്ത് ബേബി അമ്മച്ചി
പ്രൈവറ്റ് ബസിൽ നിന്നുകൊണ്ട് യാത്ര ചെയ്യുന്നത്
പല പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട്.
ആരെങ്കിലും എഴുന്നേറ്റു കൊടുത്താൽ സ്നേഹപൂർവ്വം നിരസിക്കും.
ഞാൻ വൈദികപട്ടമേറ്റ് ആദ്യകുർബാന ചൊല്ലുമ്പോൾ
കുർബാന കൊടുക്കാനായി വരുമ്പോൾ വൃദ്ധയായ ഒരു മാതാവ്
ഭയഭക്തിയോടെ എന്റെ കയ്യിൽ നിന്ന് കുർബാനയപ്പവും
വീഞ്ഞും സ്വീകരിച്ചു.
അവരുടെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങിയിരുന്നു.
ഞാൻ നോക്കുമ്പോൾ ഉമ്മൻ ചാണ്ടി സാറിന്റെ അമ്മ ബേബി അമ്മച്ചി.
‘വിത്തുഗുണം പത്തു ഗുണം’
‘മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ല’ തുടങ്ങിയ പഴഞ്ചൊല്ലുകൾ നാം കേട്ടിട്ടുണ്ടല്ലോ.
ഇതുപോലെ ഭക്തയായ,
താഴ്മയും എളിമയുമുള്ള ഒരു അമ്മയുടെ മകനായി ഉമ്മൻ ചാണ്ടി സർ
ജനിച്ചില്ലെങ്കിലേ എനിക്ക് അത്ഭുതമുള്ളൂ.
എഴുതാൻ ഇനി ഒത്തിരിയുണ്ട്.
വിസ്താരഭയത്താൽ ചുരുക്കുന്നു.
പറ്റിയാൽ ഇനി മറ്റൊരു അവസരത്തിലാകട്ടെ.
അമ്പത് വർഷത്തെ ‘ജനപ്രതിനിധി വാർഷികം’ ആഘോഷിക്കുന്ന
‘എന്റെ നല്ല അയൽക്കാരൻ’ ശ്രീ ഉമ്മൻ ചാണ്ടി സാറിന് എല്ലാവിധ നന്മകളും ആശംസിക്കുന്നു……………………………………

റവ.ജോർജ് മാത്യു പുതുപ്പള്ളി
+91 98474 81080

Leave A Reply

Your email address will not be published.