ലോക്ഡൗണിനു തൊട്ടുമുമ്പ് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കു പോയവർക്ക് സമൻസ്

ബെംഗളൂരു: ലോക്ഡൗൺ ഏർപ്പെടുത്തിയാൽ നാട്ടിൽ പോകാൻ സാധിക്കില്ലെന്നു മുന്നിൽക്കണ്ട് അതിനു തൊട്ടുമുമ്പായി ബെംഗളൂരുവിൽ നിന്നു മുത്തങ്ങ ചെക്‌പോസ്റ്റുവഴി കേരളത്തിലെത്തിയവർക്ക് സമൻസ്. കഴിഞ്ഞ മാർച്ചിൽ കോവിഡ് മഹാമാരി തടയാനേർപ്പെടുത്തിയ ലോക്ഡൗണിനു തൊട്ടുമുമ്പ് നാട്ടിലേക്ക് പോയവർക്കാണ് ഈ അനുഭവം ഉണ്ടായിരിക്കുന്നത്.

മാർച്ച് 24-ന് വൈകീട്ട് അഞ്ചുമണിയോടെ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി ചെക്‌പോസ്റ്റിലെത്തിയവരാണ് പലരും. മൈസൂരു കഴിഞ്ഞ ശേഷമാണ് പലരും ലോക്ഡൗൺ ഏർപ്പെടുത്തിയ വിവരം അറിയുന്നത്. കോവിഡ് ചട്ടലംഘനം, കൈകാണിച്ചിട്ട് നിർത്തിയില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പലർക്കും നോട്ടീസ് ലഭിച്ചിരിക്കുന്നത്.

നോട്ടീസ് ലഭിച്ചവർ അഭിഭാഷകരുമായി ബന്ധപ്പെട്ടിരിക്കുകയാണ്. സുൽത്താൻബത്തേരി മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പിഴയടയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ലോക്ഡൗൺ വന്നാൽ നാട്ടിലേക്കുള്ള യാത്രയ്ക്ക് നിരോധനം വരുമെന്നതിനാൽ തിടുക്കത്തിൽ പലരും കുടുംബത്തോടെ കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. ലോക്ഡൗണിനു തൊട്ടുമുമ്പായി ബെംഗളൂരുവിൽ നിന്ന് നൂറുകണക്കിന് മലയാളികളാണ് സ്വകാര്യ വാഹനങ്ങളിലും മറ്റുമായി നാട്ടിലേക്കു മടങ്ങിയത്.

മുത്തങ്ങ ചെക്‌പോസ്റ്റിൽ ഏറെ നേരം കാത്തുനിന്ന ശേഷമാണ് പലർക്കും കേരളത്തിലേക്കു പ്രവേശിക്കാനായത്. അവിടെ നിന്ന് പോലീസിന്റെ സഹായത്തോടെ വീടുകളിലേക്കു മടങ്ങിയവർക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.