ക്രിസ്ത്യന്‍ മിഷ്ണറി പ്രവര്‍ത്തനം നിരീക്ഷിക്കുവാനുള്ള കര്‍ണ്ണാടക നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; അസംതൃപ്തി രേഖപ്പെടുത്തി ബിഷപ്പ് പീറ്റര്‍ മച്ചാഡോ

ബെംഗളൂരു: കര്‍ണാടകയിലെ ക്രിസ്ത്യന്‍ മിഷ്ണറിമാരെ നിരീക്ഷിക്കുവാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം കനക്കുന്നു. ഒക്ടോബര്‍ 13ന് ഹോസ്ദുര്‍ഗയിലെ ബി.ജെ.പി എം.എല്‍.എ ഗൂലിഹട്ടി ശേഖറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ നിരീക്ഷണത്തിന് സര്‍വ്വേ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അനധികൃത ദേവാലയങ്ങളെ കണ്ടെത്തുവാനായി സര്‍വ്വേ നടത്തുവാന്‍ വിവിധ ജില്ലകളിലെ സര്‍ക്കാര്‍ അധികാരികള്‍ക്കും, ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും കര്‍ണാടകയിലെ പിന്നോക്ക, മതന്യൂനപക്ഷ ക്ഷേമ കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍ണാടകയില്‍ ഏകദേശം 1790 പള്ളികളുണ്ടെന്ന് പിന്നാക്ക വിഭാഗ-മതന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട ആഭ്യന്തര, റെവന്യു, നിയമ വിഭാഗ പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചതായി ശേഖര്‍ പറഞ്ഞു. ഇതില്‍ എത്ര ദേവാലയങ്ങള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍വ്വേ നടത്തി കണ്ടുപിടിക്കുവാന്‍ കമ്മിറ്റി അവരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മതന്യൂനപക്ഷ കമ്മീഷന്റെ അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ദേവാലയങ്ങളെ അനധികൃത ദേവാലയങ്ങളായി പരിഗണിക്കുമെന്നു ശേഖര്‍ കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവരെ പ്രതികൂട്ടിലാക്കുന്ന സര്‍വ്വേ നിര്‍ദ്ദേശത്തെ അപലപിച്ചു കൊണ്ട് ബാംഗ്ലൂര്‍ അതിരൂപത രംഗത്തെത്തി. സര്‍വ്വേ തങ്ങളുടെ വൈദികരോടും, കന്യാസ്ത്രീമാരോടും വിവേചനപരമായി പെരുമാറുവാന്‍ കാരണമാകുമെന്നു ബാംഗ്ലൂര്‍ മെത്രാപ്പോലീത്ത പീറ്റര്‍ മച്ചാഡോ പ്രസ്താവിച്ചു. ബിജെപി ക്രിസ്ത്യാനികളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്ന ആരോപണവും ശക്തമാണ്. മതന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്മിറ്റി പോലീസ് ചമയുവാന്‍ ശ്രമിക്കരുതെന്ന് മുന്‍ എം.എല്‍.എ ജെ.ആര്‍. ലോബോ പ്രസ്താവിച്ചു. ക്രൈസ്തവര്‍ സമാധാനം ആഗ്രഹിക്കുന്നവരാണെന്നും, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, സാമൂഹ്യ സേവനം തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവര്‍ മതപരിവര്‍ത്തനം നടത്തുകയാണെങ്കില്‍ ഇന്ത്യയിലെ എല്ലാവരും മതപരിവര്‍ത്തനം ചെയ്തേനെ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കര്‍ണ്ണാടകയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ, ക്രിസ്ത്യൻ സമൂഹങ്ങള്‍ സംഘടിപ്പിച്ച പ്രാർത്ഥനാ യോഗങ്ങൾ വലതുപക്ഷ ഗ്രൂപ്പുകൾ തടസ്സപ്പെടുത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രാര്‍ത്ഥന യോഗങ്ങള്‍ തടസ്സപ്പെടുത്തിയതില്‍ ഏറെയും ദക്ഷിണ കന്നഡ മേഖലയിലായിരിന്നു. സംസ്ഥാനത്തെ പിന്നോക്ക ജില്ലകളായ യാദ്ഗിർ, ചിത്രദുർഗ, വിജയപുര എന്നിവിടങ്ങളിലെ അധികാരികൾക്ക് വിശ്വാസ പരിവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.