സുവിശേഷകന്റെ മകൻ ഒളിമ്പിക്‌സിന്; 2021 ടോക്കിയോ ഒളിമ്പിക്‌സിൽ യോഗ്യത നേടി നോഹ നിർമൽ ടോം

വാർത്ത: മോൻസി പി മാമ്മൻ

കോഴിക്കോട്: 2021ലെ ടോക്കിയോ ഒളിമ്പിക്സിൽ മത്സരിക്കുവാൻ യോഗ്യത നേടി കോഴിക്കോട് പേരാമ്പ്ര സ്വദേശി നോഹ നിർമൽ ടോം. പൂഴിത്തോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സഭയിലെ സീനിയർ ശുശ്രുഷന്റെ മകനാണ് നോഹ. ഇന്ത്യക്കായി ടോക്കിയോയിൽ മെഡൽ നേടുക എന്ന ലക്ഷ്യവുമായി നോഹാ നിർമൽ ടോം പട്യാലയിൽ ഉള്ള ട്രെയിനിങ് സെന്ററിൽ പോരാട്ടത്തിനുള്ള അവസാനവട്ട തയാറെടുപ്പിലാണ്. മിക്സഡ് റിലേയിലും 4×400 റിലയിലും ഒളിമ്പിക്സിൽ യോഗ്യത നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമാണ് നോഹാ. 2019 -ൽ ഖത്തറിൽ നടന്ന വേൾഡ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തിരുന്നു. തുർക്കിയിൽ നടന്ന ഇന്റർനാഷണൽ മീറ്റിൽ റിലയിൽ ഇന്ത്യക്കായി സുവർണനേട്ടം സ്വന്തമാക്കിയ സംഘത്തിലെ അംഗമായി രുന്നു.

2018, 19 വർഷങ്ങളിൽ ദേശീയ മീറ്റുകളിൽ 400 മീറ്ററിലെ സ്വർണ്ണ മെഡൽ ജേതാവു കൂടിയാണ്.

2013 ൽ ജൂനിയർ സൗത്ത് ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ 4 × 400 മീറ്റർ പുരുഷ റിലേ ടീമിന്റെ ഭാഗമായിരുന്നു നോഹ. കോഴിക്കോട് സിൽവർ ഹിൽസ് ഹൈസ്കൂളിലും ദേവഗിരി സെന്റ് ജോസഫ്സ് കോളജിലും പഠനം പൂർത്തിയാക്കിയ ശേഷം എയർഫോഴ്സിൽ സീനിയർ നോൺ കമ്മീഷൻ ഓഫീസറായി ജോലി ചെയ്യുന്നു. ടോക്കിയോ ഒളിമ്പിക്സിൽ മിന്നും പ്രകടനം ഇന്ത്യക്കായി നടത്താനുള്ള പരി ശ്രമത്തിലാണ് നോഹാ.

സുവിശേഷകനായ പിതാവിന്റെയും മാതാവിന്റെയും പ്രാർത്ഥനകളും പിന്തുണയുമാണ് തന്റെ കരിയറിൽ വളർച്ചയുടെ കാരണമെന്ന് നോഹ സാക്ഷ്യപ്പെടുത്തുന്നു. തനിക്ക് മാനസികമായ ബലം ആവശ്യമുള്ള സമയങ്ങളിൽ പിതാവ് പറഞ്ഞു തരുന്ന ബൈബിൾ വാക്യങ്ങൾ പ്രചോദിപ്പിക്കുകയും മുൻപോട്ട് കുതിക്കുവാൻ പ്രേരണയായിട്ടുണ്ട് മാത്രമല്ല തന്റെ ഒരു ദിനം ആരംഭിക്കുന്നത് ബൈബിൾ വായിക്കുകയും പ്രാർത്ഥന യിലൂടെയും ആണെന്ന് നോഹ തുറന്നു പറയുന്നു.

കോഴിക്കോട് പൂഴിത്തോടുള്ള സഭയിലെ സീനിയർ ശുശ്രുഷകരിലൊരാളാണ് നോഹയുടെ പിതാവ് ടോമിച്ചൻ ടി ജോൺ. സഭയുടെ ആത്മീക പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കുന്ന നോഹ സഭയിലെ യുവജനങ്ങൾക്ക് ബൈബിൾ ക്ലാസുകൾക്കും നേതൃത്വം നൽകാറുണ്ടെന്നും പിതാവ് ലേഖകനോട് പറഞ്ഞു.

Leave A Reply

Your email address will not be published.