പ്രകൃതിദുരന്ത നഷ്ടപരിഹാരത്തിന് നേരിട്ടും ഓൺലൈനായും അപേക്ഷിക്കാം; അറിയാം വിശദാംശങ്ങൾ

പ്രകൃതിദുരന്തത്തെ തുടർന്നുണ്ടായ നാശനഷ്ടത്തിന് അപേക്ഷനൽകേണ്ടത് നേരിട്ടും ഓൺലൈനായും. വീടുകൾക്കും മൃഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും അപേക്ഷ അതത് ഓഫീസുകളിൽ നേരിട്ട് നൽകണം. കൃഷിവകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഓൺലൈനായും നൽകണം.
◼️വീടിന് നഷ്ടപരിഹാരം കിട്ടാൻ

അപേക്ഷ വില്ലേജ് ഓഫീസർക്ക് നൽകണം. പൂർണമായി വാസയോഗ്യമല്ലാതായ വീടിന് നാലുലക്ഷവും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സ്ഥലം വാങ്ങാൻ ആറുലക്ഷവും കഴിഞ്ഞ പ്രളയസമയത്ത് അനുവദിച്ചിരുന്നു.

◼️നിലവിലെ നഷ്ടപരിഹാരം

നഷ്ടശതമാനം എസ്.ഡി.ആർ.എഫ്. സി.എം.ഡി.ആർ.എഫ്. ആകെ

15% വരെ 5200 4800 10,000

16-29% 28,500 31,500 60,000

30-59% 47,500 77,500 1,25,000

60-74% 71,000 1,79,000 2,50,000

75%-ത്തിനു മുകളിൽ 95,100 3,04,900 4,00,000

◼️മരിച്ചവരുടെ ബന്ധുക്കൾക്ക് നാലുലക്ഷം

അപേക്ഷ നൽകേണ്ടത് തഹസിൽദാർക്ക്. പരിക്കേറ്റവരും തഹസിൽദാർക്കാണ് അപേക്ഷ നൽകേണ്ടത്. വീട്ടുപകരണങ്ങൾക്കും പഠന സാമഗ്രികൾക്കും നഷ്ടപരിഹാരത്തുക നിശ്ചയിച്ചിട്ടില്ല.

റവന്യൂ രേഖകൾ നഷ്ടപ്പെട്ടാൽ

ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയ റവന്യൂ രേഖകൾ പ്രകൃതിദുരന്തത്തിനിടെ നഷ്ടപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്പെഷ്യൽ ഡ്രൈവ് നടത്തും. പകർപ്പ് കൈവശമുള്ളവർ രേഖകളുമായി ബന്ധപ്പെട്ട ഓഫീസിൽ അപേക്ഷനൽകണം.

കൃഷിനാശത്തിന്

www.aims.kerala.gov.in/home എന്ന പോർട്ടലിൽ കർഷകർ രജിസ്റ്റർചെയ്ത് അപേക്ഷിക്കണം. അക്ഷയവഴിയോ സ്വന്തമായോ ചെയ്യാം. പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിയിലേക്കുള്ള അപേക്ഷ നാശനഷ്ടം സംഭവിച്ച ദിവസം ഉൾപ്പെടെ 10 ദിവസത്തിനുള്ളിലും വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നാശനഷ്ടം സംഭവിച്ച ദിവസം ഉൾപ്പെടെ 15 ദിവസത്തിനുള്ളിലും നൽകണം.

ഏതൊക്കെ വിളവുകൾക്കാണ് നഷ്ടപരിഹാരം വേണ്ടതെന്ന് പോർട്ടലിൽനിന്നു തിരഞ്ഞെടുക്കാം. വിളനാശം സംബന്ധിച്ച് അതത് കൃഷിഭവനിൽ അറിയിക്കണം. കൃഷി അസിസ്റ്റന്റുമാർ വന്ന് നഷ്ടമുണ്ടായതിന്റെ ചിത്രങ്ങൾ പോർട്ടലിൽ അപ്ലോഡ് ചെയ്ത് നഷ്ടപരിഹാരത്തിനു ശുപാർശ ചെയ്യും. നഷ്ടപരിഹാരത്തുക കർഷകന് അക്കൗണ്ടിൽ കിട്ടും.

◼️മൃഗസംരക്ഷണമേഖലയിൽ

തദ്ദേശസ്ഥാപന അംഗത്തിന്റെയോ പ്രസിഡന്റിന്റെയോ ശുപാർശപ്രകാരം സ്ഥലം വെറ്ററിനറി ഡോക്ടർക്ക് അപേക്ഷനൽകണം. അപേക്ഷാ ഫോറം വെറ്ററിനറി ആശുപത്രികളിൽ ലഭ്യമാണ്.

ജീവൻ നഷ്ടമായ പശു/എരുമ എന്നിവയ്ക്ക് സംസ്ഥാന ദുരന്തനിവാരണ വകുപ്പിൽനിന്ന് 30,000, കിടാരി/കന്നുകുട്ടി എന്നിവയ്ക്ക് 16,000, ആട്/പന്നി എന്നിവയ്ക്ക് 3000, കോഴി/താറാവ് എന്നിവയ്ക്ക് 50 രൂപയാണ് നിലവിൽ നഷ്ടപരിഹാരം.

ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിയ പശുക്കൾക്കും മറ്റും തീറ്റനൽകാൻ ക്ഷീരവികസന വകുപ്പ് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കന്നുകാലിത്തൊഴുത്തിന് നാശനഷ്ടം ഉണ്ടായവർക്കായി 2100 രൂപ വീതം നൽകാനും ആലോചനയുണ്ട്.

Leave A Reply

Your email address will not be published.