മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന് കേരള ഗവർണർ

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തർക്കങ്ങളിൽ ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് കോടതികളാണെന്നും ഗവർണർ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ട് പഴയതാണെന്നും, പുതിയത് പണിയണമെന്നും, ജനങ്ങളുടെ ആശങ്ക സർക്കാരിനെ അറിയിച്ചുവെന്നും ഗവർണർ വ്യക്തമാക്കി. തമിഴ്‌നാട് സർക്കാരുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും ഗവർണർ അറിയിച്ചു.

അതേസമയം, മുല്ലപ്പെരിയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. 137.6 അടിയാണ് നിലവിലെ ജലനിരപ്പ്. ഇത് 138 അടിയിൽ എത്തിയാൽ തമിഴ്‌നാട് കേരളത്തിന് രണ്ടാം മുന്നറിയിപ്പ് നൽകും. ഡാമിലെ ജലനിരപ്പ് 136 അടി പിന്നിട്ടപ്പോൾ ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു.

മുല്ലപ്പെരിയാറിലെ സ്ഥിതി ചർച്ചചെയ്യാൻ ഇന്ന് അടിയന്തര ഉന്നതതല യോഗം ചേരും. മേൽനോട്ട സമിതിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോർട്ട് കേരളം തയാറാക്കിവരികയാണ്. 1500 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പുതിയ ഡി പി ആർ ഡിസംബറിൽ സർക്കാരിന്റേയും കേന്ദ്ര ജല കമ്മിഷന്റേയും പരിഗണനക്ക് സമർപ്പിക്കും. മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ നിലവിൽ ആശങ്ക വേണ്ടെന്നാണ് സംസ്ഥാന സർക്കാർ നിലപാട്.

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ രാത്രി ശക്തമായ മഴയായിരുന്നു. ഇന്നും സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷക കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട്. തുലാവർഷത്തോട് അനുബന്ധിച്ചാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണം. കേരളാ തീരത്ത് നിലവിൽ മത്സ്യബന്ധനത്തിന് തടസമില്ല. അതേസമയം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്.

Leave A Reply

Your email address will not be published.