ഹെയ്തിയിൽ നിന്നും 17 മിഷ്ണറിമാരെ തട്ടിക്കൊണ്ടുപോയി

അമേരിക്കയിലെ ഒഹായോ സംസ്ഥാനം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ എയിഡ് മിനിസ്ട്രീസ് സംഘടനയിലെ അംഗങ്ങളെ ഒരു അനാഥാലയം സന്ദർശിക്കുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയത്.

പോർട്ട്-ഓ-പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയിൽ നിന്നും 17 മിഷ്ണറിമാരെ തട്ടിക്കൊണ്ടുപോയി. ന്യൂയോർക്ക് ടൈംസ് മാധ്യമമാണ് ഇതാദ്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കയിലെ ഒഹായോ സംസ്ഥാനം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ എയിഡ് മിനിസ്ട്രീസ് സംഘടനയിലെ അംഗങ്ങളെ ഒരു അനാഥാലയം സന്ദർശിക്കുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയത്. സംഘത്തിൽ അഞ്ചു പുരുഷന്മാരും, ഏഴ് സ്ത്രീകളും, അഞ്ചു കുട്ടികളും ഉണ്ടെന്ന് ക്രിസ്ത്യൻ എയിഡ് മിനിസ്ട്രീസ് വെളിപ്പെടുത്തി. ഇവരിൽ 16 പേർ അമേരിക്കൻ പൗരത്വമുള്ളവരും, ഒരാൾ കനേഡിയൻ സ്വദേശിയുമാണ്. പ്രത്യേകമായ സാഹചര്യത്തെ ദൈവകരങ്ങളിൽ സമർപ്പിക്കുന്നതായി സംഘടന പ്രസ്താവിച്ചു.

പ്രാർത്ഥന ആവശ്യപ്പെട്ടുകൊണ്ടും, അവസ്ഥ വിവരിച്ചുകൊണ്ടും തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ ഒരാൾ വാട്സാപ്പിൽ സന്ദേശം അയച്ചതായി വാഷിംഗ്ടൺ പോസ്റ്റ് സംഭവവുമായി ബന്ധം ഉള്ള ഒരാൾ കൈമാറിയ വിവരങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. 400 മാവോസൊ എന്ന പ്രസ്ഥാനമാണ് മിഷ്ണറിമാരെ തട്ടിക്കൊണ്ടുപോയെതെന്ന് ഹെയ്ത്തി പോലീസ് പറഞ്ഞതായി അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ ‘അസോസിയേറ്റഡ് പ്രസ്’ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഏപ്രിൽ മാസം ഏതാനും വൈദികരേയും, സന്യസ്തരെയും സംഘം തട്ടിക്കൊണ്ടു പോയിരുന്നു.

വലിയ പ്രകൃതി ദുരന്തങ്ങളും, അക്രമസംഭവങ്ങളും ഏതാനും നാളുകളായി ഹെയ്ത്തി അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പ്രസിഡന്റ് ജോവനൽ മോയിസ് ജൂലൈ മാസം അദ്ദേഹത്തിന്റെ വസതിയിൽ കൊല്ലപ്പെട്ടത് രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. ഓഗസ്റ്റ് മാസം 7.2 തീവ്രത ഉണ്ടായിരുന്ന ഒരു ഭൂമികുലുക്കവും രാജ്യത്ത് നാശം വിതച്ചു. രാജ്യത്തെ അരക്ഷിതാവസ്ഥയെ പറ്റി കഴിഞ്ഞ ആഴ്ച നടന്ന ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ വത്തിക്കാനും ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് തട്ടിക്കൊണ്ടു പോകല്‍ നടന്നിരിക്കുന്നത്.

Leave A Reply

Your email address will not be published.