ശിഷ്യനെ ഓണ്‍ലൈന്‍ ക്ലാസില്‍ കാണാനില്ല; സ്മാര്‍ട്ട് ഫോണ്‍ നല്‍കാന്‍ 125 കി.മി. താണ്ടി ടീച്ചര്‍ എത്തി

മറയൂർ: ഓൺലൈൻ ക്ലാസിൽ പ്രിയശിഷ്യനെ സ്ഥിരമായി കാണുന്നില്ലല്ലോ എന്നത് അടുത്തിടെയാണ് കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രീതി ടീച്ചറുടെ ശ്രദ്ധയിൽപ്പെട്ടത്. ഏറെ അകലത്തുള്ള കുട്ടിയെ തപ്പി കണ്ടു പിടിക്കാൻ ഏറെ പണിപ്പെടേണ്ടിവന്നു ടീച്ചർക്ക്.

കാര്യമറിഞ്ഞപ്പോ അവനോടു തോന്നിയ നീരസമെല്ലാം അലിഞ്ഞ് ഇല്ലാതെയായി. പിന്നെ അതിനുള്ള പരിഹാരവുമായി കിലോമീറ്ററുകൾ താണ്ടി യാത്രചെയ്ത് തന്നെ കാണാനെത്തിയ ടീച്ചറെ കണ്ടപ്പോൾ ശിഷ്യനും അദ്ഭുതപ്പെട്ടു. മാർ ബേസിൽ സ്കൂളിലെ ഹിന്ദി അധ്യാപികയാണ് പ്രീതി എൻ.കുര്യാക്കോസ്.

ഓൺലൈൻ ക്ലാസ് തുടങ്ങി മാസങ്ങളായിട്ടും പങ്കെടുക്കാത്ത പത്താം ക്ലാസുകാരനായ മറയൂർ സ്വദേശിയെ തേടിയായിരുന്നു ടീച്ചറുടെ അന്വേഷണം. അപ്പോഴാണ് അറിയുന്നത് നിർധന കുടുംബത്തിലെ അംഗമായ വിദ്യാർഥിക്ക് പഠിക്കാൻ ഓൺലൈൻ സൗകര്യങ്ങളോ, പാഠപുസ്തകമോ ഇല്ലെന്ന്. പിന്നെ പുതിയ മൊബൈലും പഠനോപകരണങ്ങളുമെല്ലാമായി കോതമംഗലത്തുനിന്ന് ടീച്ചർ കുട്ടിയുടെ വീട്ടിലെത്തി. ശിഷ്യന് സ്നേഹത്തോടെ അവ കൈമാറി.

കാന്തല്ലൂർ പഞ്ചായത്ത് പത്തടിപാലം സ്വദേശിയാണ് വിദ്യാർഥി. മാർ ബേസിൽ സ്കൂളിന് സമീപത്തുള്ള ഓർഫനേജിൽ താമസിച്ചാണ് പഠിച്ചിരുന്നത്.

കൊറോണക്കാലത്ത് ഓൺലൈൻ ക്ലാസിൽ കാണാതായതോടെ സ്കൂളിൽ നൽകിയിരുന്ന ഫോൺ നമ്പറിൽ ടീച്ചർ വിളിച്ചുനോക്കിയെങ്കിലും തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലുള്ളയാളെയാണ് കിട്ടിയത്. എങ്കിൽ പിന്നെ കാര്യമെന്തെന്നറിഞ്ഞിട്ടാകട്ടെ എന്ന് ടീച്ചറും. ഇതോടെ സഹപാഠിയായിരുന്ന മറയൂർ പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ എം.എം.ഷമീറിന്റെ സഹായം ടീച്ചർ തേടി. മൂന്നുനാലു ദിവസത്തെ ശ്രമത്തിനൊടുവിൽ വിദ്യാർഥിയെയും വീട്ടുകാരെയും അദ്ദേഹം കണ്ടെത്തി. സ്മാർട്ട് ഫോൺ സൗകര്യം ഇല്ലാത്തതിനാലാണ് ക്ലാസിൽ പങ്കെടുക്കാതിരുന്നതെന്ന് കുട്ടി പറഞ്ഞു. അച്ഛൻ ഫോൺ വാങ്ങി തന്നെങ്കിലും നെറ്റ് ഇല്ലാത്തതിനാൽ ഫോൺ തിരികെ കടയിൽ നൽകി.

ഈ വിവരങ്ങൾ ഷമീർ, പ്രീതി ടീച്ചറെ അറിയിച്ചു. പിന്നെ ഒട്ടും താമസിച്ചില്ല പുതിയ സ്മാർട്ട് ഫോണും നോട്ടുബുക്കുകളും പാഠപുസ്തകങ്ങളും സ്കൂൾ ബാഗും പേനകളും മാസ്കുകളും ഇൻസ്ട്രമെന്റ് ബോക്സും വാങ്ങി പ്രീതി ടീച്ചർ കുടുംബസമേതം വെള്ളിയാഴ്ച കാറിൽ മറയൂരിലെത്തി. അഡി. എസ്.ഐ. ഷമീറിന്റെ സഹായത്തോടെ അരുമശിഷ്യന് ഇവയെല്ലാം കൈമാറി.

എല്ലാ വിഷയങ്ങൾക്കും എ പ്ളസ് വാങ്ങുമെന്ന ഉറപ്പുംവാങ്ങിയാണ് പ്രീതി ടീച്ചർ മടങ്ങിയത്. മൂവാറ്റുപുഴ കടവൂർ മലയകണ്ടത്തിൽ ചാർലിയുടെ ഭാര്യയാണ് പ്രീതി എൻ.കുര്യാക്കോസ്.

Leave A Reply

Your email address will not be published.