മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റായി കോട്ടയം സ്വദേശി ജോൺ ജോർജ് ചിറപ്പുറത്ത്

മൈക്രോസോഫ്റ്റിന്റെ വൈസ് പ്രസിഡന്റായി കോട്ടയം സ്വദേശി ജോൺ ജോർജ് ചിറപ്പുറത്ത് നിയമിതനായി. മൈക്രോസോഫ്റ്റ് ക്ലൗഡ് കംപ്യൂട്ടിങ് സേവനമായ ആഷറിന്റെ ജനറൽ മാനേജർ ആയിരുന്ന ഇദ്ദേഹത്തിനു സ്ഥാനക്കയറ്റം നൽകിയാണ് പുതിയ നിയമനം. കോട്ടയം ചിറപ്പുറത്ത് പരേതരായ സി ജോർജ് ജോണിന്റെയും സാറാ ജോണിന്റെയും മകനാണ് ജോൺ ജോർജ്.

ചെന്നൈ ഡോൺ ബോസ്കോയിലും കൊച്ചി ഡെൽറ്റ സ്കൂളിലുമായാന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട്, ബെംഗളൂരു ബിഎംഎസ് കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ജോൺ ഉപരിപഠനത്തിനായി അമേരിക്കയിലെത്തി. യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡിൽ നിന്ന് മാസ്റ്റർ ഇൻ കംപ്യൂട്ടർ സയൻസ് ബിരുദം നേടിയ അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിൽ നിന്ന് എംബിഎ പഠനവും പൂർത്തിയാക്കി. ഇന്റലിജന്റ് ഡേറ്റ സെന്റർ സ്വിച്ചിന്റെ തുടക്കക്കാരായ സർവേഗ എന്ന കമ്പനിയുടെ സഹസ്ഥാപനായാണ് അമേരിക്കയിൽ കരിയർ തുടങ്ങിയത്.

2000ൽ തുടങ്ങിയ ഈ കമ്പനി 2005ൽ ഇന്റൽ വാങ്ങി. തുടർന്ന് പത്ത് വർഷത്തോളം മൈക്രോസോഫ്റ്റിൽ ഡേറ്റ പ്ലാറ്റ്ഫോം പ്രോഡക്ട് പ്ലാനിങ് സീനിയർ ഡയറക്ടർ സ്ഥാനം വഹിച്ചു. തുടർച്ച് എച്ച്പി കമ്പനിയുടെ വൈസ് പ്രസി‍ഡന്റായി. 2017ൽ മൈക്രോസോഫ്റ്റിൽ തിരികെയെത്തിയ അദ്ദേഹം ബ്ലോക്ചെയിൻ, അനലിറ്റിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, മിക്സ്ഡ് റിയാലിറ്റി തുടങ്ങിയവയുടെ ചുമതല വഹിക്കുകയായിരുന്നു. യുഎസിലെ പ്രമുഖ സംഗീതജ്ഞയും സംരംഭകയുമായ ജെസിക്കയാണ് ഭാര്യ. വർഷങ്ങളായി അമേരിക്കയിലെ സിയാറ്റിലിലാണ് താമസം. മക്കൾ: ജോർജ്, സാറ.

Leave A Reply

Your email address will not be published.