നാട്ടിലേക്ക് വരാന്‍ എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ കുഴഞ്ഞ് വീണു; സൗത്ത്‌ കൊറിയയില്‍ മലയാളി യുവതി മരിച്ചു.

ഇടുക്കി : സൗത്ത്‌ കൊറിയയിൽ ഗവേഷകയായിരുന്ന മലയാളി വിദ്യാർത്ഥിനി എയർപോർട്ടിൽ കുഴഞ്ഞു വീണു മരിച്ചു. ഇടുക്കി വാഴത്തോപ്പ് മണിമലയിൽ ശ്രീ ജോസിൻറെയും ശ്രീമതി ഷേർലിയുടെയും മകൾ ലീജ ജോസാണ് (28 വയസ്സ് ) മരണമടഞ്ഞത്. നാലു വർഷമായി ലീജ സൗത്ത്‌ കൊറിയയിൽ ഗവേഷകയാണ്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ലീജ നാട്ടില്‍ വന്നിരുന്നു. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യഥാസമയം ലീജക്ക് തിരികെ പോകാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ആറാം തീയതിയാണ് ലീജ വീണ്ടും കൊറിയയിലേയ്ക്ക് പുറപ്പെട്ടത്. സെപ്തംബറിൽ വിസയുടെ കാലാവധി തീരുകയും കോഴ്സ് പൂർത്തിയാവുകയും ചെയ്യുന്നതിനാലാണ് തിരികെ പോയത്. അവിടെയെത്തി 14 ദിവസം ക്വാറൻറൈനിൽ കഴിയേണ്ടി വന്നിരുന്നു. ഇതിനിടെ ചെവിവേദനയും പുറംവേദനയും അനുഭവപ്പെട്ടെങ്കിലും വിദഗദ്ധ ചികിത്സ ലഭ്യമായില്ല.
ക്വാറൻറൈൻ കാലാവധിക്ക് ശേഷം ആശുപത്രിയിലെത്തി ചികിത്സ നടത്തിയെങ്കിലും കുറയാത്തതിനെ തുടർന്ന് തിരികെ പോരാൻ ടിക്കറ്റെടുത്തിരുന്നു. നാട്ടിലേക്ക് തിരികെ പോരാൻ ഓഗസ്റ്റ് 27 വ്യാഴാഴ്ച്ച വൈകിട്ട് എയർപോർട്ടിലെത്തിയ ലീജ അവിടെ വച്ച് കുഴഞ്ഞു വീണു. ഉടൻ തന്നെ സമീപത്തുള്ള മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.