സാജൻ മാത്യുവിന്റെ മരണത്തിൽ ഞെട്ടിത്തരിച്ച് മലയാളി സമൂഹം

പി പി ചെറിയാൻ

മസ്കിറ്റ് (ഡാലസ്): സാജൻ മാത്യുവിന്റെ മരണത്തിൽ ഞെട്ടിത്തരിച്ച് ഡാലസിലെ മലയാളി സമൂഹം. ഡാലസ് കൗണ്ടിയിലെ മസ്കിറ്റ് സിറ്റിയിൽ ബ്യൂട്ടി സപ്ലെ സ്റ്റോർ നടത്തിയിരുന്ന സാജൻ മാത്യൂ (സജി –56) ബുധനാഴ്ച ഉച്ചയ്ക്ക് ആക്രമിയുടെ വെടിയേറ്റാണു മരിച്ചത്. ഒരുമണിയോടെ സ്റ്റോറിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണശ്രമത്തിനിടെ കൗണ്ടറിൽ ഉണ്ടായിരുന്ന സജിക്കു നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവയ്പ്പു നടന്ന വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് സജിയെ ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോഴഞ്ചേരി ചെറുകോൽ ചരുവേൽ കുടുംബാംഗമായ സാജൻ കുവൈത്തില്‍ നിന്നാണ് 2005 ല്‍ അമേരിക്കയിൽ എത്തിയത്. ഡാലസ് സെഹിയോൻ മാർത്തോമാ ചർച്ച് അംഗമാണ്. ഡാലസ് പ്രിസ്ബിറ്റീരിയൻ ആശുപത്രിയിലെ നഴ്സായ മിനി സജിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.മസ്കിറ്റിൽ അടുത്തിടെയാണ് സാജൻ സുഹൃത്തുക്കളുമായി ചേർന്ന് ബ്യൂട്ടി സപ്ലെ സ്റ്റോർ ആരംഭിച്ചത്. സെഹിയോൻ മാർത്തോമാ ചർച്ചിലെ യുവജനസംഖ്യത്തിന്റെയും സജീവ അംഗമായിരുന്നു. പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവം അറിഞ്ഞതു മുതൽ സാജന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിന് നിരവധി മലയാളികളാണ് എത്തികൊണ്ടിരിക്കുന്നത്.”

 

Courtesy: Global Indian

Leave A Reply

Your email address will not be published.