സുവിശേഷ പ്രഭാഷണങ്ങൾ അപഹാസ്യമാകുന്നുവോ…?

പ്രഭാഷണങ്ങൾ ദൈവസ്നേഹത്തിൻ്റെ ആശയവിനിമയ വേദിയാകണം. പാസ്റ്റർ ജെസ്റ്റിൻ ഗിൽഗാൽ ബാംഗ്ലൂർ എഴുതുന്നു

സകല ഭൂചരാചരങ്ങളിലും സസ്യവൃക്ഷലതാദികളിലും അതതിൻ്റെ നിലയിൽ ഉള്ള ആശയവിനിമയം കാണാൻ കഴിയും. പ്രകൃതിയുടെ മാറ്റത്തിനനുസരിച്ച് കിളിർക്കുകയും വളരുകയും തളിർക്കുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്ന വൃക്ഷസസ്യലതാദികൾ, അവ പരസ്പരമുള്ള നിശബ്ദമായ ആശയവിനിമയത്തിലൂടെ കാര്യങ്ങൾ മനസ്സിലാക്കി മാറ്റങ്ങൾക്ക് വിധേയമാകുന്നു. മൃഗങ്ങളിലും ആശയവിനിമയം നമുക്ക് വ്യക്തമായ് കാണുവാൻ കഴിയും. ശബ്ദത്തിലുടെയും ആംഗ്യത്തിലൂടെയും അവ പരസ്പരം കാര്യങ്ങൾ മനസിലാക്കുന്നു. 

എന്നാൽ മനുഷ്യജീവിതത്തിൽ ആശയവിനിമയം തികച്ചും വ്യത്യസ്തമാണ്. വായ്മൊഴിയായും വരമൊഴിയായും ആശയങ്ങൾ കൈമാറുന്നു. അതിൽ തന്നെ വ്യക്തിപരമായും കുടുംബതലത്തിലും സാമൂഹികമായും മതപരമായും രാജ്യങ്ങൾ തമ്മിലും തുടങ്ങി ബഹിരാകാശത്തു നിന്ന് വരെ വ്യത്യസ്ത നിലവാരത്തിലുള്ള ആശയവിനിമയ സമ്പ്രദായങ്ങൾ ഇന്ന് നിലവിലുണ്ട്. വാക്കുകളിലൂടെയും എഴുത്തുകളിലൂടെയും പ്രസംഗത്തിലൂടെയും വിവിധ വാർത്താ മാധ്യമങ്ങളിലൂടെയും മനുഷ്യൻ ആശയങ്ങൾ കൈമാറുന്നു. ഇന്ന് ഈ സാമൂഹികമാധ്യമയുഗത്തിൽ ആശയവിനിമയത്തിൻ്റെ വേഗത വർദ്ധിച്ചുകൊണ്ടിരിക്കുന്നു. നിമിഷ നേരം കൊണ്ട് എത്ര ദൂരത്തിരുന്നും കാര്യങ്ങൾ അറിയാനും അറിയിക്കുവാനും ഇന്ന് കഴിയുന്നു. 

മനുഷ്യോൽപ്പത്തി മുതൽ മനുഷ്യജീവിതത്തിൽ ആശയവിനിമയത്തിന് വളരെ പ്രാധാന്യം ഉണ്ട്. ആശയങ്ങളോ, വിചാരങ്ങളോ, വിവരങ്ങളോ (Ideas, Feelings, Informations) പരസ്പ്പരം കൈമാറ്റം ചെയ്യുന്നതിനെ ആശയവിനിമയം എന്ന് പറയുന്നു. ആശയവിനിമയത്തിൽ ഒരു വക്താവും ഒരു ശ്രോതാവും ഒരു മാധ്യമവും ഉണ്ടായിരിക്കണം. 

ഏതൊരു മതത്തിലും എന്നപോലെ ക്രൈസ്തവ സമൂഹത്തിലും ആശയവിനിമയത്തിൻ്റെ പ്രാധാന്യം വളരെയാണ്. സൃഷ്ടിയുടെ ആരംഭത്തിൽ തന്നെ ദൈവം മനുഷ്യനോട് സംസാരിച്ച് തുടങ്ങിയത് നമുക്ക് പഠിക്കുവാൻ കഴിയും. പിതാവായ ദൈവത്തിൻ്റെ തിരുഹൃദയത്തിൽ മറഞ്ഞുകിടന്ന മർമ്മമായിരുന്നു ദൈവസഭ. പുത്രനാം ക്രിസ്തുവിലൂടെ സ്ഥാപിതമായ ആ മർമ്മം തൻ്റെ വിശുദ്ധ അപ്പോസ്തലന്മാരിലൂടെയും പ്രവാചകന്മാരിലൂടെയും ആത്മാവ് ലോകത്തിന് വെളിപ്പെടുത്തി (എഫേസ്യർ 3: 5,6). ഇന്ന് വിശുദ്ധ പൗലോസിൻ്റെ ഭാഷയിൽ പറഞ്ഞാൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന ഈ മർമ്മത്തിൻ്റെ വ്യവസ്ഥ ഇന്നതെന്ന് ലോകത്തോട് വെളിപ്പെടുത്തുവാൻ സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവരായ നാം ഓരോരുത്തരിലും ഈ കൃപ നല്കപ്പെട്ടിരിക്കുകയാണ് (എഫേസ്യർ 3: 8,9). വിശുദ്ധന്മാരുടെ യഥാസ്ഥാനത്തിനും സഭയുടെ ആത്മികവർദ്ധനക്കും പരിശുദ്ധാത്മാവ് സഭയിൽ, ചിലരെ അപ്പോസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു (എഫേസ്യർ 4: 11). എങ്കിലും കൃപയാൽ രക്ഷിക്കപ്പെട്ട നാം ഓരോരുത്തരിലും ദൈവം ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തമാണ് ദൈവസഭയുടെ വ്യവസ്ഥ പ്രകാശിപ്പിക്കുക എന്നുള്ളത്. പിതാവായ ദൈവം പുത്രനായ ക്രിസ്തുവിലൂടെ ക്രൂശ് മരണത്താൽ ലോകത്തിന് വെളിപ്പെടുത്തിയ രക്ഷാ പദ്ധതിയെകുറിച്ച് പറയുക എന്നത് നാം ഓരോരുത്തരുടെയും കടമയാണ്. 

പുറത്തുള്ളവരോട് ജ്ഞാനത്തോട് പെരുമാറുവിൻ എന്നാണ് വചനം പഠിപ്പിക്കുന്നത്‌ (കൊലോസ്സ്യർ 4: 5). Conduct Yourselves With Wisdom Towards Outsiders. നാം പരസ്പരം ജ്ഞാനത്തോടെ ഇടപെടുവാൻ വിളിക്കപ്പെട്ടവരാണ്. ദൈവവചനം പ്രസംഗിക്കുമ്പോൾ നാം പരിജ്ഞാനമുള്ളവരായിരിക്കണം. ഏതു കാലത്തും സുവിശേഷത്തിനും ദൈവവചന വ്യവസ്ഥക്കും ഉപദേശങ്ങൾക്കും മാറ്റമില്ല, എന്നാൽ കാലവും സമയവും സ്ഥലവും കേൾവിക്കാരെയും തിരിച്ചറിഞ്ഞ് ആശയവിനിമയം നടത്തുവാൻ നാം അറിഞ്ഞിരിക്കണം. വേദപുസ്തകത്തിലുള്ള അറിവിനോടൊപ്പം ദൈവിക പരിജ്ഞാനവും നാം പ്രാപിച്ചെടുക്കണം. 

സുവിശേഷം സൗമ്യതയോടെ പ്രസംഗിക്കപ്പെടേണ്ടതാണ്. ദൈവവചനത്തിലെ അറിവ് താഴ്മയോടെ പകർന്നുകൊടുക്കണ്ടതാണ്. മറ്റുള്ളവരെ നമ്മെക്കാൾ ശ്രേഷ്ഠർ എന്ന് കരുതി നാം ദൈവവചന വെളിപ്പാടുകൾ പങ്കുവയ്ക്കണം. ഓരോ ക്രിസ്തു വിശ്വാസിയും രക്ഷയ്ക്കായ് വളരുന്നവരാണ്. പ്രസംഗിക്കുന്ന ഞാൻ മാത്രം വിശുദ്ധനും മറ്റു കേൾവിക്കാർ പാപികളും എന്നുള്ള നിലപാട് ദൈവീക ജ്ഞാനത്തിൻ്റെ കുറവാണ് എന്ന് വേണം കരുതാൻ.

സുവിശേഷ പ്രഭാഷണ വേദികളിൽ ശ്രദ്ധിക്കണ്ട കാര്യങ്ങൾ

1. നിങ്ങളുടെ വാക്ക് എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തുന്നതും ആയിരിക്കട്ടെ (കൊലോസ്സ്യർ 4: 6).

ഇവിടെ “വാക്ക്” എന്ന പദത്തിന് ഇംഗ്ലീഷിൽ “Speech” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മനുഷ്യൻ വാക്കിലൂടെ/ സംസാരത്തിലൂടെ ആശയ വിനിമയം നടത്തുന്നു. എന്നാൽ നിങ്ങളുടെ സംസാരം എപ്പോഴും കൃപയോടുകൂടിയത് ആയിരിക്കണം എന്നാണ് പൗലോസ് ശ്ലീഹ പഠിപ്പിക്കുന്നത്. അതേ, പ്രസംഗിക്കുമ്പോൾ മാത്രമല്ല, ഈ ആധുനിക യുഗത്തിൽ സംസാരിക്കുമ്പോഴും നാം ആരാണ് എന്നുള്ള തിരിച്ചറിവ് നമുക്കുണ്ടായിരിക്കണം. യേശു കർത്താവിൻ്റെ പ്രഭാഷണങ്ങൾ ശ്രദ്ധിക്കുക, സ്നേഹം, താഴ്മ, വിനയം, ദയ, കരുണ എല്ലാം അതിൽ ഉൾപ്പെട്ടിരുന്നു. എതിർക്കുവാനും കുറ്റം ചുമത്താനും വന്നവരോട് യേശു കർത്താവ് വിനയത്തോടെ തൻ്റെ ആശയം കൈമാറി. ആത്മാവിൻ്റെ ഫലത്തിൽ ഉൾപ്പെട്ട ഇന്ദ്രിയജയം നമ്മുടെ വാക്കുകളിലും സംസാരത്തിലും പ്രകടമാകണം. സാമൂഹിക മാധ്യമങ്ങളുടെ വളരെ സ്വാധീനമുള്ള ഈ കാലഘട്ടത്തിൽ നമ്മുടെ ഓരോ വാക്കുകളും കമൻ്റുകളും സൂഷ്മതയോടെ ഉപയോഗിക്കണ്ടത് ആവശ്യമാണ്. ഫോൺ സംഭാഷണങ്ങൾ പോലും റിക്കോർഡ് ചെയ്യപ്പെടുകയും പിന്നത്തേതിൽ അത് സാമുഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് വിവാദങ്ങൾക്ക് തിരികൊളുത്തപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ സാധാരണ സംസാരങ്ങളിൽ പോലും മാന്യതയും സഭ്യതയും നിലനിർത്തേണ്ടത് ആവശ്യമാണ്. 

2. കേൾക്കുന്നവന് കൃപ ലഭിക്കേണ്ടതിന് ആവശ്യം പോലെ ആത്മീകവർദ്ധനയ്ക്കായ് നല്ല വാക്കല്ലാതെ ആകാത്തത് ഒന്നും നിങ്ങളുടെ വായിൽ നിന്നും പുറപ്പെടരുത് (എഫേസ്യർ 4:29).

പരസ്പര ബഹുമാനത്തോടു കൂടെ ആയിരിക്കണം നാം ആശയവിനിമയം നടത്തണ്ടത് നമ്മുടെ വാക്ക് കേൾവിക്കാരന് കൃപ ലഭിക്കുന്നതിന് കാരണമാകണം. മറ്റുള്ളവരുടെ ആത്മീയ വർദ്ധനയാണ് നമ്മുടെ ശുശ്രൂഷയുടെ ലക്ഷ്യമെങ്കിൽ നല്ല വാക്കല്ലാതെ ആകാത്തതൊന്നും നമ്മുടെ വായിൽ നിന്നും പുറപ്പെടരുത്. ആശയങ്ങളും നിലപാടുകളും കൃത്യതയോടും വ്യക്തതയോടും പറയാം. എന്നാൽ ആകാത്ത വാക്കുകൾ ഉപയോഗിച്ച് കേൾക്കുന്നവൻ്റെ കൃപ നഷ്ടപ്പെടുത്തുന്നതാകരുത് നമ്മുടെ പ്രസംഗങ്ങൾ. പത്രോസ് പരിശുദ്ധാത്മാവ് നിറഞ്ഞവനായ് ദൈവവചനം പ്രസംഗിച്ചു. ഇത് കേട്ടിട്ട് അവർ ഹൃദയത്തിൽ കുത്തു കൊണ്ടു, ‘ഞങ്ങൾ എന്ത് ചെയ്യേണ്ടു’ എന്ന് ചോദിക്കുന്ന ഭാഗം നമുക്കറിയാം (അപ്പോ 2: 37). അവിടെ വചനം കേട്ടവരിൽ മാനസാന്തരം ഉളവായി. എന്നാൽ നമ്മുടെ വാക്കുകൾ കേൾവിക്കാരിൽ വേദന ഉളവാക്കിയാൽ മാനസാന്തരത്തിന് പകരം പിൻമാറ്റം സംഭവിച്ചേക്കാം. മാത്രമല്ല പ്രാസംഗികൻ വിമർശനവിധേയൻ ആകുന്നു, സാമൂഹിക മാധ്യമങ്ങളിൽ അവഹേളിക്കപ്പെടുന്നു. നമ്മുടെ വാക്ക് കൃപയോടു കൂടിയതും കേൾക്കുന്നവർക്ക് കൃപ ലഭിക്കേണ്ടതിനും കാരണമാകട്ടെ.

3. നിങ്ങളിൽ ഒരുവൻ തൻ്റെ നാവിന് കടിഞ്ഞാണിടാതെ തൻ്റെ ഹൃദയത്തെ വഞ്ചിച്ചു കൊണ്ടു താൻ ഭക്തൻ എന്ന് നിരൂപിച്ചാൽ അവൻ്റെ ഭക്തി വ്യർത്ഥം അത്രേ. (യാക്കോബ് 1: 26)

മുകളിൽ പറഞ്ഞ രണ്ട് ഭാഗങ്ങളിലും നമ്മുടെ വാക്കുകൾ എങ്ങനെ ആയിരിക്കണമെന്നും നമ്മുടെ സംസാരം കേൾവിക്കാരിൽ എങ്ങനെ ആയിരിക്കണമെന്നും കാണുന്നു. എന്നാൽ ഇവിടെ ഒരുവൻ തൻ്റെ നാവിന് കടിഞ്ഞാണിടാതെ തൻ്റെ ഹൃദയത്തെ വഞ്ചിക്കുന്നതിനെകുറിച്ച് കാണുന്നു. ഒരുവനിലുള്ള ദൈവസ്നേഹവും ദൈവഭക്തിയും വെളിപ്പെടുന്നത് അവൻ്റെ ജീവിതത്തിലൂടെയാണ്. ഹൃദയത്തിലെ നിരൂപണങ്ങൾക്ക് മാറ്റം വരാതെ വാക്കുകൾ കൊണ്ട് താൻ ഭക്തൻ എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് വ്യർത്ഥമെന്നാണ് യാക്കോബ് ഇവിടെ പഠിപ്പിക്കുന്നത്. കേൾപ്പാൻ വേഗതയും പറയുവാൻ താമസവും കോപത്തിന് താമസവുമുള്ളവരായിരിക്കണമെന്ന് യാക്കോബ് 1:19 ൽ വായിക്കുന്നു. മാത്രമല്ല, മനുഷ്യൻ്റെ കോപം ദൈവത്തിൻ്റെ നീതിയെ തടയുന്നു (1:20). അപ്പോൾ സൗമ്യതയോടെ പ്രസംഗിക്കണ്ട വചനം കോപത്തിൽ ആയാൽ കേൾവിക്കാരിൽ ഉളവാകേണ്ട “മാനസാന്തരത്തിന് യോഗ്യമായ ഫലം കായിപ്പീൻ” എന്ന ദൈവനീതിയെ തടയുകയല്ലേ… നമ്മുടെ പുറമെയുള്ള വാക്കുകൾ കൊണ്ട് നമ്മെ തന്നെ ജ്ഞാനി എന്നും വിശുദ്ധൻ എന്നും ഭക്തൻ എന്നൊക്കെ അവതരിപ്പിക്കാൻ ശ്രമിച്ചാൽ തന്നെത്താൻ ഹൃദയത്തെ വഞ്ചിക്കുന്നു എന്നാണ് വചനം പഠിപ്പിക്കുന്നത്. നാവിന് കഴിഞ്ഞാണിടുക എന്നാൽ സംസാരിക്കാതിരിക്കുക എന്നല്ല, മറിച്ച് ആശയവിനിമയം നടത്തുമ്പോൾ പറയേണ്ടത് മാത്രം പറയുക. ആകാത്ത വാക്കുകൾ ഒഴിവാക്കുക. ഉദാഹരണങ്ങൾ പറയുമ്പോൾ കേൾവിക്കാരെ മൃഗങ്ങളോടും മറ്റ് വസ്തുവകകളോടും ആകാത്ത രീതിയിൽ ഉപമിക്കാതിരിക്കുക. മറ്റുള്ളവരുടെ ശരീരഘടനയും വൈകല്യങ്ങളും ആക്ഷേപരൂപേണ അവതരിപ്പിക്കുന്നത് ദൈവവചന ശുശ്രൂഷകൻ്റെ യോഗ്യതക്ക് ചേർന്നതല്ല. അവരും “ക്രിസ്തുവിൽ കൂട്ടവകാശികളും ഏക ശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകുന്നു” എന്ന് നാം മറക്കരുത്. ഞാൻ ഇങ്ങനെയാണ്… എൻ്റെ ശൈലി ഇങ്ങനെയാണ് എന്നുള്ള പിടിവാശികൾ സുവിശേഷകർക്ക് യോജിച്ചതല്ല. കാരണം, സ്വഭാവത്തിനും, ശൈലിക്കും, സംസ്ക്കാരത്തിനുമൊക്കെ വിപ്ലകരമായ മാറ്റം കൊണ്ടുവന്നിട്ടുള്ളതാണ് സുവിശേഷത്തിൻ്റെ ശക്തി. ആത്മാക്കളെ രക്ഷിക്കുവാൻ ശക്തിയുള്ള വചനം സൗമ്യതയോടെ കൈക്കൊള്ളുവാനും നിർമ്മല സുവിശേഷം സഭ്യമായ് പ്രസ്താവിക്കുവാനും, നമ്മളിലുള്ള പ്രത്യാശയെകുറിച്ച് ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയോടും ഭയഭക്തിയോടും പ്രതിവാദം പറവാൻ നാം ഒരുങ്ങിയിരിക്കുന്നവരാകണം (1പത്രോസ് 3: 15). 

വിധിക്കുന്നതിനെക്കാൾ അധികം സഹിഷ്ണതയുടെ വാക്കുകൾ പുറത്തുവരട്ടെ. പരാതികളെക്കാൾ നന്ദിയുള്ള വാക്കുകൾ ആയിരിക്കട്ടെ. കയ്പ്പുളവാക്കുന്നതിനെക്കാൾ ദയയുടെയും സ്നേഹത്തിൻ്റെയും വാക്കുകളാകട്ടെ നമ്മുടെ സംസാരം. സുവിശേഷ പ്രസംഗങ്ങൾ ക്രിസ്തു കേന്ദ്രീകൃതവും മാനസാന്തര അനുഭവവും ഉളവാക്കുന്നതാകട്ടെ. 

നമ്മുടെ ആശയവിനിമയം സാമൂഹികപ്രതിബദ്ധത ഉള്ളതാകണം. വ്യക്തമായ ആശയവിനിമയം ഒരു സമൂഹത്തിൻ്റെ തന്നെ നിലനില്പ്പിന് കാരണമാണ്. സമൂഹത്തിൻ്റെ ഉന്നമനത്തിന്നും സമാധാനത്തിനും, സമൂഹത്തിൽ മാന്യമായ നിലയിലുള്ള പ്രശ്നപരിഹാരത്തിന് ആശയവിനിമയത്തിനുള്ള പങ്ക് ഏറെയാണ്. നല്ല ആശയവിനിമയം നല്ല ബന്ധങ്ങൾക്ക് വഴിതെളിക്കുന്നു, ദൃഡമായ തീരുമാനങ്ങളിലേക്ക് നയിക്കുന്നു, ആരോഗ്യപരമായ സമൂഹത്തെ വാർത്തെടുക്കാൻ സഹായിക്കുന്നു.

Leave A Reply

Your email address will not be published.