നൂറുകണക്കിന് കുടുംബങ്ങളുടെ വയറുനിറച്ച് ക്രൈസ്തവ കൈരളി

നൂറുകണക്കിന് കുടുംബങ്ങളുടെ വയറുനിറച്ച ക്രൈസ്തവ കൈരളിയുടെ അനുഭവങ്ങൾ പങ്ക് വച്ചും, ഒപ്പം നിന്നവർക്ക് നന്ദി അറിയിച്ചും ഡയറക്ടർ അലൻ പള്ളിവടക്കൻ

നൂറുകണക്കിന് കുടുംബങ്ങളുടെ വയറുനിറച്ചു 15 മാസങ്ങൾ!

കണ്ണുകളിലെ തിളക്കം അത്ഭുതപ്പെടുത്തിയ ഒട്ടേറെ അനുഭവങ്ങൾ! നിറഞ്ഞു മങ്ങിയ കണ്ണുകളിൽ പലരും ദൈവത്തെ കണ്ട നിമിഷങ്ങൾ! അപകടം തൊട്ടുതൊടാതെ പോയ ചില യാത്രകൾ! വയറസ് കണ്ണടച്ചു വഴിമാറിപോയ സന്ദർഭങ്ങൾ!

നൂറുകണക്കിന് കുടുംബങ്ങളുടെ വയറുനിറച്ച ക്രൈസ്തവ കൈരളിയുടെ അനുഭവങ്ങൾ പങ്ക് വച്ചും, ഒപ്പം നിന്നവർക്ക് നന്ദി അറിയിച്ചും ഡയറക്ടർ അലൻ പള്ളിവടക്കൻ…

ഓരോ തവണയും ഒപ്പം നിന്നു ചിലവഴിച്ച സുഹൃത്തുക്കൾ സുമനസ്സുകൾ! അർഹരിൽ അർഹരെ കണ്ടെത്തിത്തന്ന സഹകാരികൾ!ലാഭം വേണ്ടെന്നു വച്ച വ്യാപാരി സുഹൃത്തുക്കൾ! നന്ദി! പ്രാർഥനക്കും പിന്തുണക്കും! ഇനിയും തുടരുന്ന ഞങ്ങളുടെ യാത്രകൾ!

2020 മാർച് മുതൽ 2021 ജൂൺ വരെ ക്രൈസ്‌തവ കൈരളി നന്മയുടെ ഫീഡ്-വൺ-ഫാമിലി നൂറുകണക്കിന് ആളുകളുടെ വിശപ്പ് അകറ്റി എന്നു പറയുന്നതിൽ അഭിമാനം ഉണ്ട്. ജൂലൈ മാസത്തിനുള്ളത് പണിപ്പുരയിലും!. 

20 കിലോയിൽ അധികം ഭാരം വരുന്ന ഏകദേശം 2000 രൂപ വിലമതിക്കുന്ന ഭക്ഷണ-അവശ്യ-സാധനങ്ങളുടെ കിറ്റുകൾ ആണ് ഫീഡ്-വൺ-ഫാമിലി സഹായം നൽകുന്നത്.

ജാതി-മത-വർണ്ണ-രാഷ്രീയനുഭാവ ഭേദമെന്യേ എല്ലാവരെയും ഒന്നായിക്കണ്ട് അർഹരെ തിരഞ്ഞെടുക്കുവാൻ ഞങ്ങളെ സഹായിക്കുന്നത് അതാതു പ്രദേശങ്ങളിലെ സാമൂഹിക/രാഷ്ട്രീയ/അദ്ധ്യാത്മീക പ്രവർത്തകരാണ്.

യാതൊരു പരസ്യപ്രഹസനങ്ങളും കൂടാതെ, ഒന്നിച്ചു കൂട്ടി വ്യാപനത്തിന് അവസരം കൊടുക്കാതെ, വാങ്ങുന്നവൻറെ അഭിമാനത്തിന് വിലകൊടുത്തുകൊണ്ടു അതാതു വീടുകളുടെ പടിക്കൽ ഈ കിറ്റുകൾ എത്തിക്കുവാൻ ഞങ്ങൾ കഴിവതും ശ്രദ്ധിക്കാറുണ്ട്.

വരുന്ന സർക്കാർ-ഓണക്കിറ്റിൽ കുട്ടികൾക്കുള്ള വിഭവങ്ങൾ കൂട്ടി ചേർക്കുന്ന സന്തോഷകരമായ വാർത്ത കണ്ടപ്പോൾ ആദ്യം മുതൽക്കേ കുട്ടികളെ കരുതി ബിസ്ക്കറ്റ്, സേമിയ, ശർക്കര, അവൽ തുടങ്ങിയവ അടങ്ങിയ കിറ്റുകൾ നൽകുന്നത് ഓർത്തു ഞങ്ങൾ സ്വയം അഭിമാനിക്കുന്നു. 

ഇടതടവില്ലാതെ ഓരോ മാസവും ആവശ്യക്കാരിലേക്കു എത്താൻ ഞങ്ങൾക്ക് കഴിഞ്ഞത് ദൈവകൃപ ഒന്നുകൊണ്ടു മാത്രമാണ്.

പ്രളയത്തിലും കാറ്റിലും ഒക്കെ പലതവണ ഞങ്ങൾ സഹായം എത്തിച്ചിരുന്നെങ്കിലും ഞങ്ങളെ കൊണ്ട് കൂട്ടിയാൽ കൂടുന്നതിലും പലമടങ്ങു അധികം ചെയ്യാൻ ഇത്തവണ കോവിഡ്-കാല-സഹായത്തിൽ ഒരുപിടി നല്ല മനസ്സുകൾ ഉണ്ടായിരുന്നു എന്നതും ഞങ്ങൾക്ക് ഒരു ആശ്വാസം ആയിരുന്നു. 

ചാരിറ്റി പരസ്യപ്പെടുത്തില്ല എന്ന പതിവ് വാശിക്ക് വിപരീതമായി ഇങ്ങനെ ഒരു എഴുത്തു വാക്കുകളിൽ ഒതുങ്ങാത്ത നന്ദി അല്പം എങ്കിലും പ്രദര്ശിപ്പിക്കുവാൻ ആണ്. ഒപ്പം നിൽക്കുന്നവർക്കും, സഹായിച്ചവർക്കും, സഹായിക്കുന്നവർക്കും, പ്രോത്സാഹിപ്പിക്കുന്നവർക്കും , ആകെ വിലയുടെ 25% ശതമാനത്തിനു മുകളിൽ ഡിസ്‌കൗണ്ട് ഇട്ട വ്യാപാരികൾക്കും, ആളുകളെ കണ്ടെത്താൻ സഹായിച്ചവർക്കും, പ്രാർത്ഥിച്ചവർക്കും, കിറ്റ് ചുമന്നു സഹായിച്ചവർക്കും, സഹായം കിട്ടിയിട്ടും മറന്നുകളയാതെ പതിവായി ഞങ്ങൾക്ക് വേണ്ടിയും, ഇതിനു പിന്നിൽ നിന്നവർക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നവർക്കും, എല്ലാം… ഒരായിരം നന്ദി!

സ്നേഹം,

Allen Pallivadakkan

Kraisthava Kairali

 

 

 

 

 

Leave A Reply

Your email address will not be published.