പതിനൊന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ തിങ്കളാഴ്ച്ച വിരമിക്കുന്നു

സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്റർ കേരള

എട്ട് ഐ.പിഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 11 മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ തിങ്കളാഴ്ച്ച സര്‍വ്വീസില്‍ നിന്ന് വിരമിക്കും. പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് എ.ഡി.ജി.പി ഇ.ജെ.ജയരാജ്, പോലീസ് ആസ്ഥാനത്തെ ഭരണവിഭാഗം ഡി.ഐ.ജി എസ്.സുരേന്ദ്രന്‍, പബ്ലിക്ക് ഗ്രീവന്‍സസ് എ.ഐ.ജി സേവ്യര്‍ റ്റി.എഫ്, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എറണാകുളം റെയ്ഞ്ച് എസ്.പി സാബു.പി.എസ്, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് തിരുവനന്തപുരം റെയ്ഞ്ച് എസ്.പി ആര്‍.സുകേശന്‍, റെയില്‍വെ എസ്.പി എസ്.രാജേന്ദ്രന്‍, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഇന്‍റേണല്‍ സെക്യൂരിറ്റി എസ്.പി രതീഷ് കൃഷ്ണന്‍, ക്രൈം ബ്രാഞ്ച് എറണാകുളം എസ്.പി ടോമി സെബാസ്റ്റ്യന്‍, പോലീസ് ആസ്ഥാനത്തെ സ്പെഷ്യല്‍ സെല്‍ എസ്.പി വി.അജിത്ത്, പാലക്കാട് ക്രൈം ബ്രാഞ്ച് എസ്.പി രാജു.എ.എസ്, കേരള പോലീസ് അക്കാഡമി അസിസ്റ്റന്‍റ് ഡയറക്ടര്‍ സി.വി.പാപ്പച്ചന്‍ എന്നിവരാണ് വിരമിക്കുന്നത്.

വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈനായി നടത്തിയ ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഓണ്‍ലൈനായി പങ്കെടുത്തു.

എ.ഡി.ജി.പി ഇ.ജെ.ജയരാജ് 1983 ല്‍ അസിസ്റ്റന്‍റ് കമാണ്ടന്‍റായാണ് പോലീസില്‍ ചേര്‍ന്നത്. വിവിധ ബറ്റാലിയനുകളില്‍ കമാണ്ടന്‍റായും മലപ്പുറം, ആലപ്പുഴ എന്നിവിടങ്ങളില്‍ എസ്.പിയായും ജോലി ചെയ്തു. ബറ്റാലിയന്‍ ഡി.ഐ.ജി, ക്രൈം ബ്രാഞ്ച്, ബറ്റാലിയന്‍ ഐ.ജി, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍, ലോട്ടറി ഡയറക്ടര്‍, കോസ്റ്റല്‍ സെക്യൂരിറ്റി എ.ഡി.ജിപി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ ശ്രീലത (ഡെപ്യൂട്ടി ഡയറക്ടര്‍, കൃഷി വകുപ്പ്) മക്കള്‍ ആതിര, അമിത് രാജ്.

1988 ല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി പോലീസില്‍ പ്രവേശിച്ച എസ്.സുരേന്ദ്രന്‍ 1998 ല്‍ ഡിവൈ.എസ്.പിയും 2006ല്‍ എസ്.പിയും ആയി. 2012 ല്‍ ഐ.പി.എസ് ലഭിച്ച അദ്ദേഹം കാസര്‍ഗോഡ്, കൊല്ലം റൂറല്‍, ആലപ്പുഴ ജില്ലകളില്‍ ജില്ലാ പോലീസ് മേധാവിയായും ഡി.ഐ.ജിയായി സ്ഥാനക്കയറ്റം ലഭിച്ചശേഷം തിരുവനന്തപുരം സിറ്റി, കൊച്ചി സിറ്റി കമ്മീഷണറായും തൃശ്ശൂര്‍ ഡി.ഐ.ജിയായും പ്രവര്‍ത്തിച്ചു. ഭാര്യ ബിന്ദുലേഖ. മകള്‍ നൂപുര.

1987 ല്‍ സബ് ഇന്‍സ്പെക്ടറായി സര്‍വ്വീസ് ആരംഭിച്ച റ്റി.എഫ്.സേവ്യറിന് 1997 ല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായും 2005 ല്‍ ഡിവൈ.എസ്.പിയായും 2013 ല്‍ എസ്.പിയായും സ്ഥാനക്കയറ്റം ലഭിച്ചു. കൊല്ലം ക്രൈം ബ്രാഞ്ച് എസ്.പി, കെ.എസ്.സി.ഡി.സി മാനേജിംഗ് ഡയറക്ടര്‍, എസ്.എ.പി കമാണ്ടന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2018 ല്‍ ഐ.പി.എസ് ലഭിച്ചു. ഭാര്യ ഐറിസ് സേവ്യര്‍. മക്കള്‍ ഡെറിക്ക്, ഡോ.ഡാനിയ.

1987 ല്‍ സബ് ഇന്‍സ്പെക്ടറായ പി.എസ്.സാബുവിന് 1996 ല്‍ ഇന്‍സ്പെക്ടറായും 2006 ല്‍ ഡിവൈ.എസ്.പിയായും 2013 ല്‍ എസ്.പിയായും സ്ഥാനക്കയറ്റം ലഭിച്ചു. എന്‍.ആര്‍.ഐ സെല്‍, സ്പെഷ്യല്‍ സെല്‍, ക്രൈം ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പിയായും പാലക്കാട്, കോട്ടയം, കാസര്‍ഗോഡ്, ആലപ്പുഴ എന്നിവിടങ്ങളില്‍ ജില്ലാ പോലീസ് മേധാവിയായും പി.എസ്.സി വിജിലന്‍സ് ഓഫീസറായും പ്രവര്‍ത്തിച്ചു. 2018 ല്‍ ഐ.പി.എസ് ലഭിച്ചു. റാന്നി സ്വദേശിയായ അദ്ദേഹത്തിന്‍റെ ഭാര്യ ആശ. മക്കള്‍ ജയലക്ഷ്മി, കണ്ണന്‍.

കിളിമാനൂര്‍ പോങ്ങനാട് സ്വദേശിയായ ആര്‍.സുകേശന്‍ 1987 ല്‍ സബ് ഇന്‍സ്പെക്ടറായി
പോലീസില്‍ ചേര്‍ന്നു. 1997 ല്‍ ഇന്‍സ്പെക്ടറായും 2006 ല്‍ ഡിവൈ.എസ്.പിയായും 2014 ല്‍ എസ്.പിയായും സ്ഥാനക്കയറ്റം ലഭിച്ചു. 2018 ല്‍ ഐ.പി.എസ് ലഭിച്ചു. പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍, കണ്‍സ്യൂമര്‍ ഫെഡ് എം.ഡി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ സുമം (ഗ്രാമവികസന വകുപ്പ്). രണ്ടു മക്കള്‍.

തിരുവനന്തപുരം പൂവാര്‍ സ്വദേശിയായ എസ്.രാജേന്ദ്രന്‍ 1987 ലാണ് സബ് ഇന്‍സ്പെക്ടറായി സര്‍വീസില്‍ പ്രവേശിച്ചത്. 1998 ല്‍ ഇന്‍സ്പെക്ടറായും 2007 ല്‍ ഡിവൈ.എസ്.പിയായും 2014 ല്‍ എസ്.പിയായും സ്ഥാനക്കയറ്റം ലഭിച്ചു. സംസ്ഥാന വനിതാ സെല്‍, വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ, സ്പെഷ്യല്‍ സെല്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയിരുന്നു. 2020 ല്‍ ഐ.പി.എസ് ലഭിച്ചു. ഭാര്യ അജന്ത (ടീച്ചര്‍). മക്കള്‍ ആതിര, ഐശ്വര്യ, രാഹുല്‍.

തൊടുപുഴ സ്വദേശിയായ രതീഷ് കൃഷ്ണന്‍ 1988 ബാച്ചില്‍ സബ് ഇന്‍സ്പെക്ടര്‍ ആണ്. 1999 ല്‍ ഇന്‍സ്പെക്ടറായും 2007 ല്‍ ഡിവൈ.എസ്.പിയായും 2015 ല്‍ എസ്.പിയായും സ്ഥാനക്കയറ്റം ലഭിച്ചു. പാലക്കാട് ക്രൈം ബ്രാഞ്ച് എസ്.പിയായും കെ.എ.പി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്‍റായും സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തെ എസ്.പിയായും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ആയും പ്രവര്‍ത്തിച്ചു. 2020 ല്‍ ഐ.പി.എസ് ലഭിച്ചശേഷം സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്ത് എസ്.പിയായി നിയമിതനായി.

തൊടുപുഴ സ്വദേശിയായ ടോമി സെബാസ്റ്റ്യന്‍ 1989 ലാണ് സബ് ഇന്‍സ്പെക്ടറായി സര്‍വീസില്‍ പ്രവേശിച്ചത്. 2000 ല്‍ ഇന്‍സ്പെക്ടറായും 2007 ല്‍ ഡിവൈ.എസ്.പിയായും 2015 ല്‍ എസ്.പിയായും സ്ഥാനക്കയറ്റം ലഭിച്ചു. ട്രാഫിക് സൗത്ത് സോണ്‍ എസ്.പിയായും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വിജിലന്‍സ് ഓഫീസര്‍ ആയും പ്രവര്‍ത്തിച്ചു. ഐ.പി.എസ് ലഭിച്ചശേഷം എറണാകുളം ക്രൈം ബ്രാഞ്ച്, കോഴിക്കോട് സിറ്റി, കൊച്ചി സിറ്റി, എറണാകുളം റൂറല്‍, കോട്ടയം, തിരുവനന്തപുരം റൂറല്‍, തൃശ്ശൂര്‍ എന്നീ ജില്ലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ ലിനി ടോമി. മക്കള്‍ ഡോ.രാഹുല്‍ ടോമി, രേഷ്മ ടോമി.

1995 ല്‍ സബ് ഇന്‍സ്പെക്ടറായി സര്‍വീസ് ആരംഭിച്ച വി.അജിത്തിന് 2002 ല്‍ ഇന്‍സ്പെക്ടറായും 2008 ല്‍ ഡി.വൈ.എസ്.പിയായും തുടര്‍ന്ന് എസ്.പിയായും സ്ഥാനക്കയറ്റം ലഭിച്ചു. ട്രാഫിക് സൗത്ത് സോണ്‍ എസ്.പി, ഭീകരവിരുദ്ധ സേന എസ്.പി, ശ്രീപത്മനാഭസ്വാമിക്ഷേത്രം ചീഫ് സെക്യൂരിറ്റി ഓഫീസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ മിനി (ടീച്ചര്‍). രണ്ടുമക്കള്‍.

പാലക്കാട് ജില്ലയിലെ വെള്ളിനേഴി സ്വദേശിയായ എ.എസ്.രാജു 1995 ല്‍ സബ് ഇന്‍സ്പെക്ടര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. 2002 ല്‍ ഇന്‍സ്പെക്ടറായും 2008 ല്‍ ഡിവൈ.എസ്.പിയായും 2017 ല്‍ എസ്.പിയായും സ്ഥാനക്കയറ്റം ലഭിച്ചു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ആസ്ഥാനത്ത് എസ്.പി ആയിരുന്നു. ഭാര്യ രാധിക (ടീച്ചര്‍). മക്കള്‍ അഭിറാം, അനിരുദ്ധ്.

ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും കഴിവ് തെളിയിച്ച ഫുട്ബോള്‍ താരമായ സി.വി.പാപ്പച്ചന്‍ ആംഡ് പോലീസ് അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടറായി 1985 ലാണ് ജോലിയില്‍ പ്രവേശിച്ചത്. കെ.എ.പി അഞ്ചാം ബറ്റാലിയന്‍, മൂന്നാം ബറ്റാലിയന്‍, ഒന്നാം ബറ്റാലിയന്‍, ഐ.ആര്‍. ബറ്റാലിയന്‍, കേരള പോലീസ് അക്കാദമി എന്നിവിടങ്ങളില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം കേരള പോലീസ് ടീമിന്‍റെ ക്യാപ്റ്റനായിരുന്നു. എട്ടു വര്‍ഷം തുടര്‍ച്ചയായി സന്തോഷ് ട്രോഫി ടൂര്‍ണ്ണമെന്‍റില്‍ കളിച്ചു. കാലിക്കറ്റ് നെഹ്റു കപ്പ് ഇന്‍റര്‍നാഷണല്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റ്, നെഹ്റു ഗോള്‍ഡ് കപ്പ് ടൂര്‍ണമെന്‍റ്, പ്രീ വേള്‍ഡ് കപ്പ്, ബ്രിസ്റ്റോള്‍ ഫെഡറേഷന്‍ കപ്പ്, സൗത്ത് ഏഷ്യന്‍ ഫെഡറേഷന്‍ കപ്പ് എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. 2017 ല്‍ നാഗാലാന്‍ഡില്‍ നടന്ന ഡി.എന്‍.മല്ലിക് സ്മാരക ഓള്‍ ഇന്ത്യ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള പോലീസ് ടീമിന്‍റെ മാനേജരും ചീഫ് കോച്ചുമായിരുന്നു. കേരള പോലീസ് ജൂഡോ ടീമിന്‍റെ മാനേജര്‍ എന്ന നിലയില്‍ ഡല്‍ഹിയിലും കട്ടക്കിലും നടന്ന ഓള്‍ ഇന്ത്യ പോലീസ് ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിന്‍റെ പ്രകടനത്തിന് ചുക്കാന്‍ പിടിക്കാന്‍ കഴിഞ്ഞു.

Leave A Reply

Your email address will not be published.