കാട്ടുപന്നിയെ നിയമപ്രകാരം വെടിവെച്ചുകൊന്നയാൾക്കെതിരെ നടപടി, കർഷക കൂട്ടായ്മ ഫോറസ്റ്റ് റയിഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി

*കാട്ടുപന്നിയെ നിയമപ്രകാരം വെടിവെച്ചുകൊന്നയാൾക്കെതിരെ നടപടി, കർഷക കൂട്ടായ്മ ഫോറസ്റ്റ് റയിഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി*

താമരശ്ശേരി: കേരളത്തിൽ ആദ്യമായി നിയമപ്രകാരം കാട്ടുപന്നിയെ വെടിവച്ചു കൊന്ന കോടഞ്ചേരി പഞ്ചായത്തിലെ ജോർജ്ജ് കുട്ടിക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് കർഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.
വെടിവെച്ച് കൊന്ന ശേഷം പന്നിയുടെ ജഢത്തിൽ ചവിട്ടി തോക്കുപിടിച്ച് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് വഴി പന്നിയോട് കാട്ടിയ അനാദരവാണെന്ന് ചുണ്ടിക്കാട്ടിയാണ് വെടിവെക്കാൻ അനുമതി നൽകിയവരുടെ പട്ടികയിൽ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കിയത്.

മാർച്ചിനു ശേഷം താമരശ്ശേരി ബിഷപ്പ് റമീജിയോസ് ഇഞ്ചനാനിയിലിൻ്റെ നേതൃത്വത്തിൽ റയിഞ്ച് ഓഫീസർക്ക് നിവേദനം നൽകി. ജോർജ്കുട്ടിയുടെ പേരിലുള്ള കേസ് പിൻവലിക്കുക, കാർഷിക വിളകൾക്കും, ജീവനും സംരക്ഷണം നൽകുക, വന്യ ജീവി ആക്രമണങ്ങൾക്ക് പരിഹാരം കാണുക, കൃഷി നാശം സംഭവിച്ചവർക്കും, വന്യ ജീവി ആക്രമണത്തിൽ പരിക്കേറ്റവർക്കും മതിയായ നഷ്ട പരിഹാരം നൽകുക തുടങ്ങി യ ആവശ്യങ്ങൾ അധികാരികളുടെ മുന്നിൽ സമർപ്പിച്ചു.
എന്നാൽ ജോർജ്ജ് കുട്ടിയുടെ പേരിൽ കേസെടുത്തിട്ടില്ലെന്നും, തോക്ക് ലൈസൻസ് റദ്ദാക്കിയിട്ടില്ലെന്നും ഫോറസ്റ്റ് റയിഞ്ച് ഓഫീസർ പറഞ്ഞു. പന്നികളെ വെടിവെക്കാനായി തയ്യാറാക്കിയ ആളുകളുടെ പട്ടികയിൽ നിന്നും ഒഴിവാക്കുക മാത്രമാണ് ചെയ്തതെന്നും, ഒരു മാപ്പപേക്ഷ നൽകിയാൽ പട്ടികയിൽ വീണ്ടും ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.