പ്രവേശനോൽസവം ഉദ്‌ഘാടനം നാളെ; പ്രവേശനോത്സവ ഗീതം പുറത്തിറക്കി

‘ഒരു നാൾ പൊട്ടിച്ചിരിച്ചു ഞങ്ങൾ പറന്നുപോകും സ്‌കൂളിൽ’ എന്ന വരി ഈ കാലവും മാറുമെന്ന പ്രതീക്ഷ പങ്കുവയ്‌ക്കുന്നു.

തിരുവനന്തപുരം:

‘‘വിരൽകൊണ്ട്‌ തൊടുമ്പോൾ മുന്നിൽ വിരുന്നുവരുന്നതാരാണ്‌…
ടീച്ചർ… ഞങ്ങടെ കിലുക്കാംപെട്ടി ടീച്ചർ

പാഠം നല്ലതു പോലെ പഠിച്ചാൽ
നേടാം പുഞ്ചിരി മിഠായി… പുഞ്ചിരി മിഠായി…’’

ചൊവ്വാഴ്‌ച ഓൺലൈനായി സ്‌കൂളിലെത്തുന്ന കുട്ടികൾ പാടുന്ന പാട്ടാണിത്‌.

ഈ പ്രവേശനോത്സവ ഗീതം‌ വരി, സംഗീതം, ആലാപനം എന്നിവയാൽ ശ്രദ്ധേയം.

മന്ത്രി വി ശിവൻകുട്ടി ഗീതം പുറത്തിറക്കി. കേരളത്തിലെ മുഴുവൻ വിദ്യാർഥികളുടെ വീടുകളിലും ചൊവ്വാഴ്‌ച ഈ പാട്ട്‌ ഒഴുകിയെത്തും.

‘പുതിയൊരു സൂര്യനുദിച്ചേ വീണ്ടും പുത്തൻ പുലരി പിറക്കുന്നേ ’ എന്ന്‌ തുടങ്ങുന്ന ഗാനം പ്രത്യാശയുടെ കിരണം കുട്ടികൾക്ക്‌ പകരുന്നു.

‘ഒരു നാൾ പൊട്ടിച്ചിരിച്ചു ഞങ്ങൾ പറന്നുപോകും സ്‌കൂളിൽ’ എന്ന വരി ഈ കാലവും മാറുമെന്ന പ്രതീക്ഷ പങ്കുവയ്‌ക്കുന്നു.

മുരുകൻ കാട്ടാക്കടയുടെ വരികൾക്ക്‌ രമേശ്‌ നാരായണനാണ്‌ സംഗീതം. മധുശ്രീ, വിദ്യാർഥികളായ ആരഭി, ആഭേരി, പി വി ഗംഗ ദേവനന്ദന എന്നിവരും പാടുന്നു.  സ്‌റ്റീഫൻ ദേവസ്സിയാണ്‌ ഓർക്കസ്‌ട്രേഷൻ.

പ്രകാശന ചടങ്ങിൽ പൊതു വിദ്യാഭ്യാസ സെക്രട്ടറി ജീവൻ ബാബു, എസ്‌എസ്‌കെ ഡയറക്ടർ എ പി കുട്ടികൃഷ്‌ണൻ, മുരുകൻ കാട്ടാക്കട എന്നിവർ പങ്കെടുത്തു.

പ്രവേശനോൽസവം ഉദ്‌ഘാടനം നാളെ

പുതിയ അധ്യയന വർഷത്തിന്‌ തുടക്കം കുറിക്കുന്ന  പ്രവേശനോൽസവത്തിന്റെ സംസ്ഥാന ഉദ്‌ഘാടനം ചൊവ്വാഴ്‌ച രാവിലെ എട്ടരയ്‌ക്ക്‌ കോട്ടൺ ഹിൽ ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

കോവിഡ്‌ പ്രോട്ടോകോൾ പാലിച്ച്‌ മുപ്പതിൽ താഴെ ആളുകൾ മാത്രമേ പങ്കെടുക്കൂവെന്ന്‌  മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ആശംസാ കാർഡ്‌ എല്ലാ കുട്ടികളുടെയും വീടുകളിൽ അധ്യാപർ എത്തിക്കണമെന്ന്‌ ആവശ്യപ്പെട്ടുവെന്നത്‌ തെറ്റാണ്‌. ആശംസാ കാർഡ്‌ കുട്ടികളിൽ എത്തണമെന്നുമാത്രം.

അവ തപാലിൽ അയക്കാം. കുട്ടികളുടെ വാട്‌സാപ് ഗ്രൂപ്പുകളിലും ഇടാം.

പാഠപുസ്‌തകം വാങ്ങാൻ രക്ഷിതാക്കൾ എത്തുമ്പോൾ കൈമാറിയാലും മതി.

Leave A Reply

Your email address will not be published.