“അനർഹർക്ക് ആനുകൂല്യം ലഭിക്കും”: ന്യൂനപക്ഷ സ്കോളർഷിപ്പില്‍ അപ്പീലുമായി സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ ക്രൈസ്തവര്‍ക്കും ഇസ്ലാം മതസ്ഥര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്ക്കും ജനസംഖ്യാനുപാതികമായി സ്കോളർഷിപ് വിതരണം ചെയ്യുവാനുള്ള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സുപ്രീം കോടതിയിൽ അപ്പീൽ നൽകി. 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ. ജനസംഖ്യാനുപാതികമായി സ്കോളർഷിപ് നൽകിയാൽ അനർഹർക്ക് ആനുകൂല്യം ലഭിക്കുമെന്നും ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം.

സച്ചാർ, പാലോളി കമ്മിറ്റികൾ മുസ്ലിം സമുദായത്തിലെ പിന്നാക്കാവസ്ഥ കണ്ടെത്തിയിരുന്നുവെന്നും അതിനാലാണു മുസ്ലിം വിഭാഗത്തിനു കൂടുതൽ സ്കോളർഷിപ് അനുവദിച്ചതെന്നും സര്‍ക്കാര്‍ വാദിക്കുന്നുണ്ട്. നിലവിൽ ക്രൈസ്തവർക്കിടയിലെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പഠിക്കുന്നതിന് ജസ്റ്റിസ് ജെ. ബി. കോശിയുടെ അധ്യക്ഷതയിൽ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ആ സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം പിന്നാക്കാവസ്ഥ ഉണ്ടെങ്കിൽ അതിന് അനുപാതികമായി സ്കോളർഷിപ്പ് നൽകാൻ തയ്യാറാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജെ.ബി. കോശി റിപ്പോർട്ട് വരുന്നതിന് മുമ്പ് ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പ് നൽകിയാൽ അനർഹർക്ക് അത് ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. അതിനാൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. സ്റ്റാന്റിങ് കോൺസൽ സി.കെ. ശശിയാണ് കേരളത്തിന്റെ അപ്പീൽ സുപ്രീം കോടതിയിൽ ഫയൽചെയ്തത്.

അതേസമയം അപ്പീലിനുള്ള സര്‍ക്കാര്‍ നിലപാട് ക്രൈസ്തവര്‍ക്ക് തിരിച്ചടിയായി മാറുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് അനുസരിച്ച് തുല്യപരിഗണനയോടെ വിതരണം ചെയ്യാൻ ഹൈക്കോടതി മേയ് 28ന് നിർദേശിച്ചിരുന്നു. ഹൈക്കോടതി വിധി അനുസരിച്ച് 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ സ്കോളര്‍ഷിപ്പ് അനുവദിക്കുവാനാണ് സര്‍ക്കാര്‍ തീരുമാനത്തിലെത്തിയത്. ഇതേ തുടര്‍ന്നു ക്രിസ്ത്യന്‍ 18.38%, മുസ്‌ലിം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്ന എന്ന രീതിയില്‍ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തുവരികയായിരിന്നു.

Leave A Reply

Your email address will not be published.