തോരാതെ ദുരിതം. ദുരന്തത്തിൻ്റെ ആഴം തിട്ടപ്പെടുത്താനാവാതെ കേരളം. 25 ൽ അധികം പേർക്ക് ജീവഹാനി സംഭവിച്ചതായി ഭയക്കുന്നു.

തിരുവനന്തപുരം: കേരളത്തെ വീണ്ടും നടുക്കത്തിലാഴ്ത്തി മഴയും പ്രളയവും വിടാതെ തുടരുന്നു. ശനിയാഴ്ച കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുൾ പൊട്ടലുകളിലുമായി എത്ര പേരെ നഷ്ടപ്പെട്ടു എന്നു പോലും രാത്രി വൈകിയും തിട്ടപ്പെടുത്താനായില്ല. വിവിധ ഭാഗങ്ങളിലായുണ്ടായ ദുരന്തങ്ങളിൽ 25 ൽ അധികം പേർക്ക് എങ്കിലും ജീവഹാനി സംഭവിച്ചിരിക്കാം എന്നാണ് ആശങ്കപ്പെടുന്നത്. കാണാതായവരുടെ മുഴുവൻ കണക്കുകൾ കൂടി എടുക്കുമ്പോൾ ഇത് വീണ്ടും ഉയരും.

മധ്യകേരളത്തിലാണ് മഴ കനത്ത് തുടങ്ങിയത്. തുടർന്ന് ദുരന്ത വാർത്തകൾ തെക്കൻ ജില്ലകളിൽ നിന്നു കൂടി ആവർത്തിച്ചു തുടങ്ങി. ഉയർന്ന മേഖലകളിലാണ് ഏറ്റവും അധികം ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

വന്‍ദുരന്തമുണ്ടായത് കോട്ടയത്താണ്. കിഴക്കന്‍മേഖല വെള്ളത്തിലായി. കൂട്ടിക്കല്‍ പ്ലാപ്പിള്ളിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പതിനഞ്ചുപേരെ കാണാതായി. ഏഴുപേരുടെ മൃതേദേഹം കണ്ടെത്തി. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ക്ലാരമ്മ ജോസഫ് (65), സിനി (35), സിനിയുടെ മകള്‍ സോന (10) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. പ്ലാപ്പള്ളി ടൗണിലെ ചായക്കടയും രണ്ടുവീടും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. പ്ലാപ്പള്ളിയില്‍ കാണാതായവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തൊട്ടിപ്പറമ്പില്‍ മോഹനന്റെ ഭാര്യ സരസമ്മ, ആറ്റുചാലില്‍ ജോമി ആന്റണിയുടെ ഭാര്യ സോണിയ, മുണ്ടശേരി വേണുവിന്റെ ഭാര്യ റോഷ്‌നി എന്നിവരെയാണ് കാണാതായതായി സ്ഥിരീകരിച്ചത്. പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. കനത്തമഴയും പിന്നീടുണ്ടായ ഉരുള്‍പൊട്ടലുകളും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തു.

ഇടുക്കി കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചിയില്‍ ഉരുള്‍പൊട്ടി ഏഴ് പേരെ കാണാതായി. പതിനേഴോളം പേരെ രക്ഷപ്പെടുത്തിയതായാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം.

നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. അഞ്ച് വീടുകള്‍ ഒഴുകിപ്പോയിട്ടുണ്ട്. കനത്ത മഴ ഉണ്ടായിരുന്നില്ലെങ്കിലും മൂന്നിടത്ത് ഉരുള്‍ പൊട്ടലുണ്ടായതായാണ് സൂചനകള്‍.

ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് കൊക്കയാര്‍. ഉറുമ്പിക്കര ഈസ്റ്റ് കോളനി, പൂവഞ്ചി വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. എത്ര പേര്‍ ദുരന്തത്തിലകപ്പെട്ടുവെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

റോഡുകള്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ ഈ മേഖല പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്. മഴയും ഇരുട്ടും വൈദ്യുതിസംവിധാനങ്ങള്‍ തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുന്നുണ്ടെന്നാണ് വിവരം

തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. സ്വകാര്യസ്ഥാപനത്തിലെ സഹപ്രവര്‍ത്തകരായ യുവതിയും യുവാവുമാണ് മരിച്ചത്. കൂത്താട്ടുകുളം സ്വദേശിയായ നിഖില്‍, ഇദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്ത യുവതിയുമാണ് മരിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ തെക്കന്‍ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. നെയ്യാറിലും ജലനിരപ്പ് ഉയരുകയാണ്. അമ്പൂരി ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 370 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. കരമനയാറ്റില്‍ ജലനിരപ്പ് ഉയരുകയാണ്. വെള്ളായണിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്ന് 27 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കണ്ണമ്മൂലയില്‍ ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായിട്ടുണ്ട്. ജാര്‍ഖണ്ഡ് സ്വദേശി നെഹര്‍ദീപ് കുമാറിനെയാണ് കാണാതായത്.

മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മഴക്കെടുതി നേരിടുന്ന കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ കൺട്രോൾ റൂമുകൾ ആരംഭിച്ചു.

 

Leave A Reply

Your email address will not be published.