‘ആറ് മണിക്കൂർ താലിബാന്റെ പിടിയിൽ, ജീവിതം അവിടെ അവസാനിച്ചെന്ന് കരുതി’, അഫ്ഗാനിൽ നിന്നെത്തിയ മലയാളി പറയുന്നു…

എയർപോർട്ടിൽ എത്തുന്നതിന് മുമ്പ് മണിക്കൂറുകളോളം താലിബാന്റെ പിടിയിൽ ആയിരുന്നുവെന്നും ജീവിതം അവിടെ അവസാനിച്ചുവെന്നാണ് ആ നിമിഷം കരുതിയിരുന്നതെന്നും ദീദിൽ 

 

കണ്ണൂർ: താലിബാൻ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ ദിവസങ്ങൾ കഴിയും തോറും കൂടുതൽ ഗുരുതരമാകുകയാണ്. കുടുങ്ങിക്കിടക്കുന്ന സ്വന്തം പൌരന്മാരെ തിരികെ എത്തിക്കാനുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. പകുതിയിലേറെ പേരെ ഇന്ത്യ തിരികെയെത്തിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപെട്ട് എത്തിയതിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പറുകയാണ് കണ്ണൂർ സ്വദേശി ദീദിൽ രാജീവൻ. എയർപോർട്ടിൽ എത്തുന്നതിന് മുമ്പ് മണിക്കൂറുകളോളം താലിബാന്റെ പിടിയിൽ ആയിരുന്നുവെന്നും ജീവിതം അവിടെ അവസാനിച്ചുവെന്നാണ് ആ നിമിഷം കരുതിയിരുന്നതെന്നും ദീദിൽ പറഞ്ഞു.

‘സ്ഥിതിഗതികൾ മാറിയെന്ന് മനസിലായപ്പോൾ ജീവൻ കൈയ്യിൽപിടിച്ച് രക്ഷപ്പെടാനുള്ള ശ്രമമായിരുന്നു. രണ്ട് വസ്ത്രം മാത്രമെടുത്ത് ഇറങ്ങിയോടുകയായിരുന്നു. എന്റെ മാത്രമല്ല, എല്ലാവരുടേയും അവസ്ഥ അതായിരുന്നു. ആറ് ബസുകളിലായി 150 പേരാണ് എയർ പോർട്ടിലേക്ക് പോയത്. മൂന്ന് തവണ എയർപോർട്ടിന് അടുത്തെത്താൻ ശ്രമം നടത്തി. മൂന്ന് തവണയും പരാജയപ്പെട്ടു. അവസാനം താലിബാൻ പിടിച്ച് കൊണ്ടുപോയി.

എയർപോർട്ടിലേക്ക് എത്തുന്നതിന് മുമ്പ് രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണിവരെ താലിബാന്റെ പിടിയിലായിരുന്നു.അവർ വഴി കാണിച്ച് തരാമെന്ന് പറഞ്ഞാണ് ബസിൽ കയറിയത്. ദൂരെ ആളൊഴിഞ്ഞ ഒരു ഇടത്താണ് എത്തിച്ചത്. ജീവിതം അവസാനിച്ചെന്നും എല്ലാം കഴിഞ്ഞെന്നും കരുതിയ നിമിഷങ്ങളായിരുന്നു അത്. തിരികെ എത്താൻ കഴിയുമെന്ന പ്രതീക്ഷ ആ ബസിൽ തനിക്കൊപ്പമുണ്ടായിരുന്ന ആർക്കുമുണ്ടായിരുന്നില്ലെന്നും ദീദിൽ ഓർമ്മിക്കുന്നു.

തിരികെ നാട്ടിലെത്താൻ കഴിഞ്ഞതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത വലിയ ആശ്വാസമുണ്ടെന്ന് പറഞ്ഞ ദീദിൽ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും നന്ദി അറിയിച്ചു. ഭയപ്പെടുത്തേണ്ടെന്ന് കരുതി പല കാര്യങ്ങളും വീട്ടുകാരോട് പറഞ്ഞിരുന്നില്ലെന്നും ദില്ലിയിൽ തിരികെയെത്തിച്ച ശേഷമാണ് വീട്ടുകാരെ കാര്യങ്ങൾ അറിയിച്ചതെന്നും ദീദിൽ കൂട്ടിച്ചേർത്തു.

 

Courtesy: Asianet News

Leave A Reply

Your email address will not be published.