അറുപതു കഴിയുമ്പോൾ ആത്മീയത്തിലേക്കോ

എഴുതാതെ വയ്യ: ജോർജ് മാത്യു പുതുപ്പള്ളി

‘അറുപതു കഴിയുന്നവർ ആത്മീയത്തിലേക്ക്’ എന്നത് വിശ്വപ്രസിദ്ധമായ
ഒരു ചൊല്ലാണ്. ദൈവവിശ്വാസികളിൽ പലരും ജാതിമതഭേദമെന്യേ അങ്ങനെ ചെയ്യുന്നവരാണ്.

മനുഷ്യസ്നേഹിയായിരുന്ന ശ്രീ കെ പി കേശവമേനോനും നിരൂപക സാമ്രാട്ട് ശ്രീ കുട്ടികൃഷ്ണ മാരാരുമൊക്കെ അക്കൂട്ടത്തിൽപ്പെടുന്നു. ‘ഭൂമിയിലെ ജീവിതം തീരാറായി ഇനി എങ്ങനെങ്കിലും സ്വർഗത്തിൽ എത്തണം’ എന്ന ചിന്തയാണ് പലരെയും അതിനു പ്രേരിപ്പിക്കുന്നത്.

‘ഏറെ നാൾ ഇനിയും ഭൂമിയിൽ ആയുസുണ്ടല്ലോ’ എന്ന മൗഢ്യധാരണ യൗവനക്കാരെ ആത്മീയചിന്തകളിൽ നിന്നു പിന്നോട്ടു നയിക്കാൻ സാദ്ധ്യതയുണ്ട്. ‘മരണത്തിന് ആൺപെൺ വ്യത്യാസമോ പ്രായഭേദമോ ഇല്ല’ എന്ന ആത്യന്തികസത്യം അവർ വിസ്മരിച്ചു പോകുന്നു.

ചെറുപ്പം മുതൽ സ്വർഗത്തിൽ പോകണം എന്ന ചിന്ത എന്നെയും ഭരിച്ചിരുന്നു. കോവിഡിൽ നിന്ന് യേശുകർത്താവ് അത്ഭുതകരമായി രക്ഷിച്ചപ്പോഴും, ഞാൻ അറുപതിലേക്ക് പ്രവേശിച്ചപ്പോഴും ആത്മീയ ചിന്ത ഏറെ വർദ്ധിച്ചു. പേരിലും പ്രശസ്തിയിലും സൗന്ദര്യത്തിലും സമ്പത്തിലും ആരോഗ്യത്തിലും ഒരു കാര്യവുമില്ലെന്ന് തിരിച്ചറിഞ്ഞു. അതുകൊണ്ട് തലമുടിയും മീശയും താടിയും ഈ നിമിഷംവരെ ചായംപൂശി കറുപ്പിക്കാൻപോലും ശ്രമിച്ചിട്ടില്ല. നാളെ പുഴു തിന്നാനുള്ള ഈ ശരീരം എന്തിന് ചായംപൂശി മോടി പിടിപ്പിക്കണം ?

അതുകൊണ്ട് ഞാൻ അതിഭക്തനോ പൂർണ്ണ വിശുദ്ധനോ എന്ന് ആരും തെറ്റിദ്ധരിക്കരുതേ.
ഇച്ഛിക്കുന്ന നന്മ ചെയ്യാൻ കഴിയാതെ ഇച്ഛിക്കാത്ത തിന്മ പലപ്പോഴും ചെയ്യുന്ന ഒരു സാധു മനുഷ്യനാണ് ഞാൻ. സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു തനി ഗ്രാമീണൻ. വലിയ പുകഴ്ചയോ പ്രതാപമോ ഒന്നും അവകാശപ്പെടാനില്ലാത്ത വെറും സാധാരണക്കാരൻ. എന്തെങ്കിലും പുകഴാനുണ്ടെങ്കിൽ അത് യേശുകർത്താവിന്റെ ഔദാര്യം ഒന്നുമാത്രം.

കരസ്ഥമാക്കിയ നേട്ടങ്ങളൊക്കെ വെറും മായയാണെന്ന് കോവിഡ് ദിനങ്ങൾ എന്നെ പഠിപ്പിച്ചു. പേരിനും പ്രശസ്തിക്കുമുള്ള ആഗ്രഹങ്ങൾ പൂർണ്ണമായി ഇല്ലാതായി. പൂവ് കൊഴിയുന്നതുപോലെ അനേക മനുഷ്യജീവനുകൾ കൊഴിയുന്നതുകണ്ട് മനസ് പലപ്പോഴും മരവിച്ചു. ലോകമോഹങ്ങളുടെ സ്ഥാനത്തു തത്വചിന്തകൾ കുടിയേറി. യേശുകർത്താവ് മാത്രമാണ് ആത്യന്തികസത്യമെന്ന് പൂർണ്ണമായി തിരിച്ചറിഞ്ഞു. ഭൂമിയിലെ താൽക്കാലിക ജീവിതം സ്വർഗത്തിലേക്കു പോകുന്നതിനു മുമ്പുള്ള ‘പരിശീലനനാളുകൾ’ (Training Period) മാത്രമാണെന്നു ബോദ്ധ്യമായി.

ലോക്‌ഡൗൺ നാളുകൾ എനിക്ക് പൂർണ്ണമായും എഴുത്തിന്റെയും വായനയുടെയും പ്രസംഗകേൾവിയുടെയും നാളുകളായിരുന്നു. സമൃദ്ധിയുടെ സുവിശേഷകരുടെയും (Prosperity Theology) രോഗശാന്തി വീരരുടെയും മോഹനവാഗ്ദാനങ്ങൾ പ്രവചിക്കുന്ന പ്രവാചകരുടെയും പ്രസംഗങ്ങൾ ഞാൻ പൂർണ്ണമായും ഒഴിവാക്കി.

സമ്പത്തും ബംഗ്ലാവും കാറും ആഡംബര ജീവിതവും ബിസിനസും എസ്റ്റേറ്റുമൊക്കെ മിഥ്യയെന്നു തിരിച്ചറിഞ്ഞ എനിക്ക് അവരുടെ പ്രസംഗങ്ങളോടും ഒട്ടും താല്പര്യമില്ല. കഷ്ടതയുടെ മാർഗത്തിലൂടെ മാത്രമാണ് സ്വർഗ്ഗരാജ്യപ്രവേശനമെന്നാണ് വിശുദ്ധ ബൈബിളിലൂടെ യേശുകർത്താവും പൗലൊസും മറ്റ് അപ്പൊസ്തലന്മാരും പഠിപ്പിക്കുന്നത്.

ഏതു നിമിഷവും മരിക്കാം എന്ന വിശ്വാസത്തോടെയാണ് ഞാൻ ജീവിക്കുന്നത്. വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും എനിക്കില്ല. എങ്കിലും മരണം ആർക്കും ഏതു നേരത്തും ഒരു കാരണവും കൂടാതെ സംഭവിക്കാമല്ലോ. മരണശേഷമുള്ള കാര്യങ്ങൾ എങ്ങനെയായിരിക്കുമെന്ന് അറിയാൻ എല്ലാവരെയുംപോലെ എനിക്കും ആകാംക്ഷയുണ്ട്.

ആത്മാവ് ശരീരത്തിൽ നിന്നു വേർപെടുമ്പോഴുള്ള അവസ്ഥ എങ്ങനെയായിരിക്കുമെന്ന്
അറിയാൻ എനിക്കും ഉദ്വേഗജനകമായ ഒരു കൗതുകമുണ്ട്. ദൈവദൂതന്മാർക്കൊപ്പം പോകുമ്പോൾ നമ്മുടെ പ്രിയപ്പെട്ടവർ കൂടെയില്ലാത്തതിലുള്ള വിഷമം ഉണ്ടാകുമോ, അവരെ ഭൂമിയിൽ ഉപേക്ഷിച്ചു പോരുന്നതിന്റെ വിരഹവേദന ഉണ്ടാകുമോ എന്നൊക്കെ അറിയാനുള്ള മാനുഷികമായ ജിജ്ഞാസയുണ്ട്.

ഇതൊന്നും ഉണ്ടാകുകയില്ലെന്ന് വിശുദ്ധ ബൈബിൾ പഠിപ്പിക്കുന്നുണ്ട്. എങ്കിലും മരിച്ചു മുൻ പരിചയമില്ലാത്തതിനാൽ മാനുഷികമായി ഇത്തരം സംശയങ്ങൾ ഉണ്ടാവുക സ്വാഭാവികമാണല്ലോ. അറിഞ്ഞുകൊണ്ട് ഇന്നുവരെ ആരെയും ഞാൻ ഉപദ്രവിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല. മന:സാക്ഷിക്കു വിരുദ്ധമായി ഒന്നും പ്രവർത്തിച്ചിട്ടില്ല. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഓർമയിലുള്ളവ ഓർത്ത് ക്ഷമ ചോദിച്ചിട്ടുണ്ട്. അതിൽ ദുരഭിമാനമോ ലജ്ജയോ തോന്നിയിട്ടുമില്ല.

യേശുകർത്താവിനെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. സ്വർഗത്തിൽ പോകുമെന്നു തന്നെയാണ് എന്റെ വിശ്വാസം. എങ്കിലും വിസ ലഭിക്കുമോ എന്നറിയാൻ കോൺസുലേറ്റിനു (എംബസി) മുമ്പിൽ കാത്തു നിൽക്കുന്ന ഒരു സഞ്ചാരിയുടെ ഉത്കണ്ഠ ഇടയ്ക്കിടെ എന്നെ ചെറുതായി അലട്ടാറുണ്ട്.

കോവിഡ് വാക്‌സിനേഷൻ എടുക്കാൻ പോയപ്പോഴും വായിച്ചും കേട്ടറിഞ്ഞുമുള്ള കാര്യങ്ങളോർത്തു നേരിയ ഭയം തോന്നി. ചിലർ കുഴഞ്ഞു വീണെന്നും, മുഖത്തു നീരു വന്നെന്നും, മരിച്ചെന്നുമൊക്കെയായിരുന്നു കേട്ടറിഞ്ഞ വാർത്തകൾ. എങ്കിലും ധൈര്യം സംഭരിച്ചുപോയി. കുത്തിവച്ചപ്പോൾ ഒരു ഉറുമ്പ് കടിക്കുന്ന വേദന പോലും ഉണ്ടായില്ല. കേട്ടറിഞ്ഞ കാര്യങ്ങളെല്ലാം അതിശയോക്തി കലർന്ന വ്യാജപ്രചാരണങ്ങളാണെന്നു ബോദ്ധ്യമായി.

ഇതു പോലെയായിരിക്കും മരണശേഷമുള്ള കാര്യങ്ങളും. സ്വർഗത്തിൽ ഭവനം ക്രമീകരിച്ചിട്ടുണ്ടെന്ന് വാഗ്ദത്തം തന്നത് ഭോഷ്കു പറയാത്ത മഹാദൈവമായ യേശുകർത്താവാണ്. അവിടുന്നു തന്റെ പരിശുദ്ധ രക്തം നൽകിയാണ് എന്റെ പാപം ക്ഷമിച്ചത്. കർത്താവ് എനിക്ക് സ്വർഗം നിഷേധിക്കില്ലെന്നും, സ്വർഗീയ യാത്ര സന്തോഷകരമായിരിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു.

ഇനിയും ഒത്തിരി കാര്യങ്ങൾ ഈ ഭൂമിയിൽ എനിക്കു ചെയ്തു തീർക്കേണ്ടതുണ്ട്. രണ്ട് ആത്മീയ മാസികകൾ എഡിറ്റ്‌ ചെയ്യേണ്ടതുണ്ട്. വേറെ ഒരുപാട് ജോലികളുണ്ട്. ദൈവം ആയുസ്തന്നാൽ അതെല്ലാം ചെയ്തു തീർക്കണം. ഇല്ലെങ്കിൽ ശുശ്രൂഷ പൂർത്തിയാക്കി എന്റെ സ്വർഗീയ ഭവനത്തിൽ പോകണം. അതിനു വേണ്ടതായ ആത്മീയ-മാനസിക ധൈര്യം ഈ നാളുകളിൽ ഞാൻ പ്രാപിച്ചു കൊണ്ടിരിക്കുകയാണ്, പ്രാർത്ഥനയിലൂടെയും വായനയിലൂടെയും ധ്യാനത്തിലൂടെയും എഴുത്തുകളിലൂടെയും ചിന്തകളിലൂടെയും…………

Leave A Reply

Your email address will not be published.