ജോർജ് മത്തായി സി.പി.എ നിത്യതയിൽ

ഡാളസ്: പെന്തെക്കോസ്തിലെ സീനിയർ മാധ്യമ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനുമായ ജോർജ് മത്തായി സിപിഎ (ഉപദേശിയുടെ മകൻ – 71) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് ഡാളസിൽ നടക്കും.

സഹധർമ്മിണി : ഐറീൻ. മക്കൾ: ഡോ. ഡയനാ എബ്രഹാം (പാർക്കർ സിറ്റി കൗൺസിലർ), പ്രിസില്ല തോമസ്. മരുമക്കൾ: ജോൺസൺ മേലേടം, ഷിബു തോമസ്. കൊച്ചുമക്കൾ: ഗബ്രിയേല എബ്രഹാം, അനബെല്ല ഏബ്രഹാം, അരിയന തോമസ്, കെയറിസ് തോമസ്, സോഫിയ തോമസ്.

സഹോദരന്മാർ : ഗ്രേസി ഫിലമോന്‍, (ഡാളസ്), റവ.ഡോ.സാമുവല്‍ മത്തായി (ഭോപ്പാല്‍), ലീലാമ്മ ഉമ്മന്‍, (ഒക്ലഹോമ ) കുഞ്ഞമ്മ ദാനിയല്‍, (ഡാളസ്), സൂസമ്മ ചെറിയാന്‍ (ജനറൽ സെക്രട്ടറി, ഐപിസി സോദരി സമാജം, സ്റ്റേറ്റ് കൗൺസിൽ) ഗ്ലോറി ചെറിയാന്‍, (ഫ്‌ലോറിഡ)

പ്രശസ്ത സുവിശേഷ പ്രവർത്തകനായ കല്ലട മത്തായി ഉപദേശിയുടെ രണ്ടാമത്തെ മകനായി 1950 ൽ കുന്നത്തൂരിൽ ജനിച്ചു.

‘ഉപദേശിയുടെ മകൻ’ എന്നറിയപ്പെട്ടിരുന്ന ജോർജ് മത്തായി പെന്തെക്കോസ്തുലോകത്തെ സജീവ നിരീഷകനായിരുന്നു. പറയുന്നതുപോലെ പ്രവർത്തിക്കുകയും പ്രവർത്തിക്കുന്നതു മാത്രം പറയുകയും ചെയ്യുവാനും ആവോളം ശ്രമിച്ച ജോർജ് മത്തായിയ്ക്ക് എല്ലാ മേഖലയിലും വൻ സുഹൃത്ത് വലയമുള്ള വ്യക്തിയായിരുന്നു.

ജീവരുണ്യ പ്രവർത്തനത്തെ പെന്തെക്കോസ്തിൽ ജനകീയമാക്കിയ ജോർജ് മത്തായി ഒട്ടേറെ പേർക്ക് ആശ്വാസമായിരുന്നു.

ഒരു ഉപദേശിയുടെ മകനായി ജനിച്ചതുകൊണ്ട് ബാല്യകാലത്ത് നേരിടേണ്ടി വന്ന ഒട്ടേറെ ജീവിത വേദനകളും അവഗണകളും തന്നെ സഭാ നേതൃത്വത്തിൽ നിന്നുമുണ്ടായ തിക്താനുഭവങ്ങളും തന്നെ ഒരു ദൈവനിഷേധിയാക്കി.എന്നാൽ തൻ്റെ 32 മത്തെ വയസിലുണ്ടായ മാരക രോഗങ്ങളും തുടർന്നുണ്ടായ അത്ഭുത രോഗസൗഖ്യവും ദൈവത്തിലേക്ക് കുടുതൽ അടുക്കുവാനിടയായി. തനിക്കു ലഭിച്ച അത്ഭുത രോഗശാന്തി ലോകമെമ്പാടും എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും ഗാനത്തിലൂടെയും മറ്റും വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

രോഗത്തിൻ്റെ കടുത്ത പ്രതിസന്ധിയിലായിരുന്നപ്പോൾ എഴുതിയ ‘മനസ്സേ വ്യാകുല മരുതേ… ‘ എന്ന ഗാനം ലോക പ്രസിദ്ധമായി. യേശുവേ അങ്ങൊന്നു കല്പിച്ചാൽ, സ്വർഗീയ മണവാളൻ വെളിപ്പെടാറായി, സുന്ദരരൂപനെ, വിങ്ങിപ്പൊട്ടുന്ന ഹൃദയമിതാ, കാര്യക്കാരൻ കാരണഭൂതൻ തുടങ്ങി 20 ഓളം ഗാനങ്ങൾ ക്രൈസ്തവ കൈരളിയ്ക്കു സമ്മാനിച്ചു. ‘ഉപദേശിയുടെ മകൻ’ എന്ന പേരിൽ എഴുതിയ ആത്മകഥ ഏറെ വായിക്കപ്പെട്ടു. തുടർന്ന് ദൃശ്യാവിഷ്കാരം നല്കി ‘ഉപദേശിയുടെ മകൻ’ എന്ന പേരിൽ സിനിമയുണ്ടായി. ഇതു ഒട്ടേറെ വിമർശനങ്ങൾക്കു ഇടയായെങ്കിലും പെന്തെക്കോസ്തിൻ്റെ അരനൂറ്റാണ്ട് മുമ്പുള്ള ചരിത്രത്തിൻ്റെ നേർരേഖയായി. ഐ പി സി ഗ്ലോബൽ മീഡിയ അസോസിയേഷൻ മാധ്യമ പുരസ്കാരം തുടങ്ങി വിവിധ സാഹിത്യ അവാര്‍ഡുകള്‍ നേടിയ അദ്ദേഹത്തിനു ഓക്ലഹോമ സ്റ്റേറ്റിന്റെ ഔട്ട്സ്റ്റാന്‍ഡിംഗ് പബ്ലിക്ക് സര്‍വീസ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ജോർജ് മത്തായിയുടെ ജീവിതത്തിലെ കഷ്ടപ്പാടുകളും ക്ലേശങ്ങളും ദാരിദ്യവുമൊക്കെ മറ്റുള്ളവരുടെ വേദനയെ ഒപ്പുന്നതിനായി പരിണമിച്ചു.

പെന്തെക്കോസ്തു ലോകത്തും മറ്റിതര സമുദായങ്ങളിലും കഷ്ടപ്പെടുന്നവർക്കായും ദുരിതമനുഭവിക്കുന്നവർക്കായും ഒരു നല്ല ശമര്യക്കാരനായി പ്രവർത്തിച്ച ജോർജ് മത്തായിയുടെ പ്രവർത്തനങ്ങൾ എന്നും പ്രകീർത്തിക്കപ്പെടും.

എഴുത്തുകാരനും മാധ്യമ പ്രവർത്തകനും ഗാന രചയിതാവുമൊക്കെയായി സജീവമായിരുന്ന ജോർജ് മത്തായി നല്ലൊരു സംഘാടകനും സഭാ നിരീക്ഷകനുമായിരുന്നു.

ഒട്ടേറെ വിദ്യാർത്ഥികൾക്കു വിദ്യാഭ്യാസ സഹായവും രോഗികൾക്ക് ചികിത്സാ ധനസഹായവും ദുരിതമനുഭവിക്കുന്നവർക്ക് അന്നം നല്കിയും ഒട്ടേറെ പേരിൽ ദൈവസ്നേഹം പകർന്നു.

 

 

 

 

Leave A Reply

Your email address will not be published.