മുൻ ചീഫ് സെക്രട്ടറി ജെ. അലക്സാണ്ടർ (83) അന്തരിച്ചു

ബെംഗളൂരു : കർണാടക മുൻ മന്ത്രിയും മുൻ ചീഫ് സെക്രട്ടറിയും മലയാളിയുമായ ജെ.അലക്സാണ്ടർ(83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ദിരാനഗർ ചിന്മയ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: പരേതയായ ഡെൽഫിൻ അലക്സാണ്ടർ. മക്കൾ: ഡോ.ജോസ്, ഡോ.ജോൺസൺ. മരുമക്കൾ: മേരി ആൻ, ഷെറിൽ.

1938 ഓഗസ്റ്റ് 8ന് കൊല്ലം മങ്ങാട് കണ്ടച്ചിറ പുതുവേൽത്തറ ജോൺ ജോസഫിന്റെയും എലിസബത്തിന്റെയും 7 മക്കളിൽ മൂന്നാമനായി ജനനം. കൊല്ലം എസ്എൻ കോളജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദമെടുത്തശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽനിന്ന് എംഎ പാസായി. ഫാത്തിമാ മാതാ നാഷനൽ കോളജിൽ അധ്യാപകനായിരിക്കെ 1963ൽ ഐഎഎസ് ലഭിച്ചു. ആദ്യ നിയമനം മംഗലാപുരത്തു സബ് കലക്‌ടറായിട്ടാണ്.

33 വർഷത്തെ സേവനത്തിനു ശേഷം 1996ൽ സിവിൽ സർവീസിൽനിന്നു വിരമിച്ചതോടെ, അലക്സാണ്ടർ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു. ബെംഗളൂരുവിലെ ഭാരതി നഗർ (നിലവിൽ സർവജ്ഞനഗർ) മണ്ഡലത്തെ പ്രതിനീധികരിച്ച് കോൺഗ്രസ് എംഎൽഎയായി. തുടർന്ന് 2003ൽ ടൂറിസം മന്ത്രിയായി. കർണാടക പിസിസി വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു.

30 വർഷത്തിലധികം ബെംഗളൂരു സിറ്റി വൈഎംസിയുടെ പ്രസിഡന്റായിരുന്നു. ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഒാഫ് ഇന്ത്യൻ ഒറിജിൻ (ജിഒപിഒ) ഉപദേശക സമിതി അംഗം, സേവ്യേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഓൺറപ്രണർഷിപ് (എക്സ്ഐഎംഇ) കൊച്ചി ബ്രാഞ്ച് ചെയർമാൻ, ബാംഗ്ലൂർ കേരള സമാജം പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. 69 ാം വയസ്സിലാണ് അലക്സാണ്ടർ ധാർവാഡ് കർണാടക സർവകലാശാലയിൽനിന്നു പിഎച്ച്ഡി നേടിയത്.

Leave A Reply

Your email address will not be published.