ലോകത്തെ ആദ്യത്തെ സൗജന്യ വീഡിയോ ബൈബിള്‍ പ്രവര്‍ത്തനമാരംഭിച്ചു

ഒപെലികാ: വീഡിയോ രൂപത്തിലുള്ള ലോകത്തെ ആദ്യത്തെ സൗജന്യ ബൈബിള്‍ പ്രവര്‍ത്തനം ആരംഭിച്ചു. യേശുവിന്റെ വചനം ലോകമെമ്പാടും പ്രഘോഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ‘ദി വീഡിയോ ബൈബിള്‍’ എന്ന പ്രേഷിത സംഘടനയാണ് ലോകത്തെ ആദ്യത്തെ സൗജന്യ വീഡിയോ ഓഡിയോ ബൈബിള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ യുവസമൂഹത്തിനും പ്രായമായവര്‍ക്കും, വിദ്യാഭ്യാസമില്ലാത്തവര്‍ക്കും, എഴുതുവാനും വായിക്കുവാനും ബുദ്ധിമുട്ടനുഭവപ്പെടുന്നവര്‍ക്കും, വൈകല്യമുള്ളവര്‍ക്കും മനസ്സിലാക്കുവാന്‍ കഴിയുന്ന തരത്തില്‍ യേശുവിന്റെ സുവിശേഷങ്ങളെ വീഡിയോ-ഓഡിയോ രൂപത്തില്‍ പങ്കുവെക്കുക എന്നതാണ് വീഡിയോ ബൈബിള്‍ ലക്ഷ്യം വെക്കുന്നത്.

പൊതുജനങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ കൊണ്ടാണ് വീഡിയോ ബൈബിള്‍ തയ്യാറാക്കിയിരിക്കുന്നത്. യാക്കോബിന്റെ പുസ്തകത്തില്‍ നിന്നുമാണ് വീഡിയോ ബൈബിള്‍ ആരംഭിക്കുന്നത്. ഫിലിപ്പീയര്‍ക്കു എഴുതിയ ലേഖനം അടക്കമുള്ള വിവിധ പുസ്തകങ്ങളിലൂടെ മുന്നേറി പുതിയ നിയമത്തിന്റെ ബാക്കി ഭാഗങ്ങളിലൂടെ പുരോഗമിക്കുന്ന വീഡിയോ ബൈബിള്‍ യേശുവിന്റെ വരവിനെ കുറിച്ച് വിവരിക്കുന്ന പഴയനിയമ പുസ്തകങ്ങളില്‍ അവസാനിക്കുന്ന രീതിയിലാണ് തയ്യാറാക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ 90 മണിക്കൂര്‍ ആയിരിക്കും വീഡിയോ ബൈബിളിന്റെ ദൈര്‍ഘ്യം.

ലോകമെമ്പാടുമായി 60 കോടിയിലധികം ഉപഭോക്താക്കളുള്ള ‘യു വേര്‍ഷന്‍’ ബൈബിള്‍ ആപ്പിന്റേയും, 1.6 കോടി വാര്‍ഷിക സന്ദര്‍ശകരുള്ള ‘ദി ഗോസ്പല്‍ കൊയാളിഷന്‍’ എന്ന വെബ്സൈറ്റിന്റേയും, മാക്സ് മക്ലീന്റെ ഓഡിയോ ബൈബിള്‍ ‘ബിബ്ലിക്കാ’യുടേയും, സഹകരണത്തോടെയാണ് ലോകത്തെ ആദ്യത്തെ വീഡിയോ ബൈബിള്‍ ജനങ്ങളിലേക്കെത്തുന്നത്. ഇതിനുപുറമേ, വചനപ്രഘോഷകരുടെയും, ബൈബിള്‍ പ്രസാധകരുടേയും, കലാകാരന്‍മാരുടേയും, ദൈവശാസ്ത്രജ്ഞരുടേയും പിന്തുണയും വീഡിയോ ബൈബിളിനുണ്ട്. ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ‘യൂട്യൂബ്’ലൂടെ ഏവര്‍ക്കും ഈ ബൈബിള്‍ കാണാനും കേള്‍ക്കുവാനും അവസരമൊരുക്കുന്നുണ്ട്. യേശുവിന്റെ സുവിശേഷം പ്രചരിപ്പിക്കുന്നതില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ സംരഭത്തിനായി തങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ നല്‍കാമെന്നും ദി വീഡിയോ ബൈബിളിന്റെ വെബ്സൈറ്റില്‍ പറയുന്നുണ്ട്.

Leave A Reply

Your email address will not be published.