ഇസ്രയേലിൽ നിന്ന് ആദ്യ യാത്രാവിമാനം സൗദിയുടെ വ്യോമമേഖലയിലൂടെ യു.എ.ഇയില്‍; ചരിത്ര നീക്കം

ഇസ്രയേല്‍ യാത്രാവിമാനം യു.എ.ഇയില്‍ എത്തി. ഇസ്രയേല്‍– യു.എ.ഇ സമാധാനകരാറിന് പിന്നാലെയാണ് ആദ്യയാത്രാവിമാനം അബുദാബിയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം തുടങ്ങാൻ തീരുമാനിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ചരിത്രത്തിലാദ്യമായി ഇസ്രയേലിൽ നിന്നുള്ള യാത്രാവിമാനം യുഎഇയിലെത്തുന്നത്.

സൗദി അറേബ്യയുടെ വ്യോമമേഖലയിലൂടെയായിരുന്നു എൽ.വൈ.971 നമ്പർ വിമാനത്തിൻറെ യാത്ര. ഇതാദ്യമായാണ് സൗദിയുടെ വ്യോമമേഖലയിലൂടെ ഇസ്രയേൽ വിമാനം പറക്കുന്നത്. യുഎസ് പ്രസിഡൻററ് ഡോണൾഡ് ട്രംപിൻറെ മരുമകനും മുഖ്യഉപദേശകനുമായ ജാറെദ് കുഷ്ണർ അടക്കമുള്ള യുഎസ് ഉദ്യോഗസ്ഥരും ഇസ്രയേൽ പ്രതിനിധികളും യാത്രക്കാരാണ്.

ഹീബ്രു, അറബിക്, ഇംഗ്ളീഷ് ഭാഷകളിൽ സമാധാനം എന്ന് രേഖപ്പെടുത്തിയ വിമാനം നാളെ അബുദാബിയിൽ നിന്ന് ഇസ്രയേലിലേക്ക് മടങ്ങും. തുടർന്ന് ഇരുരാജ്യങ്ങളുടേയും വ്യോമയാനമന്ത്രാലയങ്ങളുടെ ചർച്ചയുടെ അടിസ്ഥാനത്തിൽ നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കും.

Leave A Reply

Your email address will not be published.