സുവിശേഷകൻ പ്രഫ. എം.വൈ. യോഹന്നാൻ (84) അന്തരിച്ചു

കൊച്ചി: പ്രമുഖ സുവിശേഷകനും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ് സ്ഥാപക പ്രസിഡന്റും ടി വി- റേഡിയോ പ്രഭാഷകനുമായ പ്രഫ. എം.വൈ. യോഹന്നാൻ (84) അന്തരിച്ചു.

വൃക്ക സംബന്ധമായ അസുഖത്തെതുടർന്നു ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്കാരം പിന്നീട്. ഭൗതിക ശരീരം രാജഗിരി ആശുപത്രി മോർച്ചറിയിൽ.

മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന അഗപ്പെ ഡയഗ്നോസ്റ്റിക് ചെയർമാനായ  പ്രഫ.എം.വൈ.യോഹന്നാൻ, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് റിട്ട. പ്രിൻസിപ്പലാണ്. 100ൽപരം സുവിശേഷ പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവു കൂടിയാണ്.

കോലഞ്ചേരിയിലെ കടയിരുപ്പിൽ ഇടത്തരം കാർഷിക കുടുംബത്തിലാണ് പ്രഫ. എം.വൈ. യോഹന്നാൻ ജനിച്ചത്. സ്വകാര്യ വിദ്യാർഥിയായി പഠനം നടത്തി ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പിന്നീട് യൂണിവേഴ്സിറ്റി റാങ്കോടെ ബിഎഡ് പൂർത്തിയാക്കി. 1964ൽ സെന്റ് പീറ്റേഴ്സ് കോളജിൽ അധ്യാപകനായി ചേർന്നു. 33 വർഷം അധ്യാപകനായി ജോലി ചെയ്തു. 1995ൽ പ്രിൻസിപ്പലായി നിയമിതനായി. രണ്ടുവർഷത്തിനുശേഷം വിരമിച്ചു.

Leave A Reply

Your email address will not be published.