ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും

എഡിറ്റോറിയൽ, പാസ്റ്റർ ജെസ്റ്റിൻ ഗിൽഗാൽ ബാംഗ്ലൂർ

“ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും”

അവസാനം വരെ ഒറ്റക്ക് നില്ക്കേണ്ടി വന്നപ്പോഴും നെഞ്ചോട് ചേർത്ത് പിടിച്ച വചനത്തെ വാനോളം ഉയർത്തിയ സുവിശേഷകൻ മാധവിന് ബിഗ് സല്യൂട്ട് !

വെസ്റ്റ് ബംഗാളിലെ ബാൻഗുര ജില്ലയിലെ ദൻക്കാർഡ ഗ്രാമത്തെ ഇന്ന് ലോകം അറിഞ്ഞു. രക്തസാക്ഷി മരണത്തിലൂടെ സുവിശേഷകൻ മാധവ് ഇനി ജനമനസ്സുകളിൽ. ഉടയവൻ ഏല്പ്പിച്ച ദൗത്യം വിശ്വസ്തതയോടെ നിർവ്വഹിച്ച മാധവ് ഇനി ഭാരത മിഷനറി ചരിത്രത്തിൽ.

നിങ്ങൾക്ക് വേദപുസ്തകം കത്തിക്കാം എന്നാൽ വചനത്തെ ഇല്ലാതാക്കാൻ കഴിയില്ല… സുവിശേഷകരെ അഗ്നിക്കിരയാക്കാം എന്നാൽ സുവിശേഷത്തെ ഇല്ലാതാക്കാൻ കഴിയില്ല… സഭാ കെട്ടിടങ്ങൾ തകർക്കാം എന്നാൽ ദൈവസഭയെ ഇല്ലാതാക്കാൻ കഴിയില്ല. മാധവനെ നിങ്ങൾക്ക്‌ കൊല്ലാൻ കഴിഞ്ഞു എന്നാൽ മാധവൻ്റെ ഉള്ളിലെ ആത്മാവിനെ കെടുത്താൻ നിങ്ങൾക്ക് കഴിയില്ല പ്രിയരെ.

ഉപദ്രവിക്കാം, പീഡകൾ അഴിച്ചുവിടാം, ജയലിൽ അടക്കാം, പട്ടിണിക്കിടാം, കത്തിക്കാം, ചാമ്പലാക്കാം, ചാരം വാരി വിതറാം പക്ഷേ സുവിശേഷം അണയില്ല. അത് കത്തിപടർന്നു കൊണ്ടേയിരിക്കും.

രണ്ട് മണിക്കുർ നേരത്തേക്ക് തള്ളി പറയാനുള്ളതല്ല മാധവനിൽ സുവിശേഷം കൊണ്ടുവന്ന മാറ്റം. വചനം ശക്തയാണ്, ചൈതന്യമാണ്, രൂപാന്തരമാണ്, നിത്യജീവനാണ്, സൗഖ്യമാണ്, സ്നേഹമാണ്, സമാധാനമാണ്. അതാണ് സുവിശേഷത്തിൻ്റെ ശക്തി.

പിതാവായ ദൈവം പുത്രനായ യേശുകിസ്തുവിലുടെ പരിശുദ്ധാത്മാവിനാൽ സകല ലോകത്തിനും വെളിപ്പെടുത്തിക്കൊടുത്ത സത്യസുവിശേഷം ജനഹൃദയങ്ങളിൽ വെളിച്ചമായി എന്നും ഉണ്ടാകും. യേശുക്രിസ്തുവിൻ്റെ രണ്ടാം വരവ് വരെ അത് ഈ ലോകത്തിൽ പ്രസംഗിക്കപ്പെടും.

ആദ്യ നൂറ്റാണ്ടു മുതൽ ദൈവസഭയ്ക്ക് പീഡകൾ ഉണ്ട്. എന്നാൽ വചനം ജീവിക്കുന്നു. ആർക്കും പിടിച്ചുനിർത്താൻ കഴിയാത്ത ഒരു അഗ്നിയായി അത് ലോകത്തിൽ കത്തി പടർന്നുകൊണ്ടിരിക്കും. ഒരു മാധവിനെ ഇല്ലാതാക്കാം എന്നാൽ ആയിരം മാധവ്മാർ എഴുന്നേറ്റു വരും. അതാണ് ദൈവസഭയുടെ ചരിത്രം. രക്തസാക്ഷികളുടെ രക്തം സഭയ്ക്ക് വിത്താണ്.

മതേതര ജനാധിപത്യ ഭാരതത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യം എല്ലാവരുടെയും അവകാശമാണ്. അത്കൊണ്ട് സുവിശേഷം ഈ നാട്ടിൽ പ്രസംഗിക്കപ്പെടണം. ഞങ്ങളുടെ പ്രാണപ്രിയൻ ഞങ്ങളെ ഏല്പ്പിച്ച ദൗത്യം വിശ്വസ്തതയോടെ നിർവ്വഹിക്കും. ജീവൻ പോയാലും പ്രാണത്യാഗം സംഭവിച്ചാലും സുവിശേഷം ഞങ്ങളിലൂടെ പ്രസംഗിക്കപ്പെടും.

വെസ്റ്റ് ബംഗാളേ… ഡെൻഗൾഡ ജില്ലയേ… ബെംഗൂര ഗ്രാമമേ… ഒരു വലിയ ഉണർവ്വിനായി ഒരുങ്ങുക. സുവിശേഷകൻ മാധവനെ അഗ്നിക്കിരയാക്കിയവരെ യേശു നിങ്ങളെ സ്നേഹിക്കുന്നു, ഞങ്ങൾ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു. മാധവിനെ നിങ്ങൾ നിഷ്ഠുരമായി മരണത്തിലേക്ക് തള്ളിവിട്ടപ്പോൾ, സകലത്തെയും ജയിച്ച ക്രിസ്തു ഉള്ളിലുള്ള മാധവ് മരണത്തെ ആസ്വദിക്കുകയായിരുന്നു.

ക്രൈസ്തവ സമൂഹമേ, വെസ്റ്റ് ബെംഗാളിലെ ദൻക്കാർഡ ഗ്രാമത്തിലെ സുവിശേഷകൻ മാധവിനെ പോലെ അറിയപ്പെടാത്ത അനേക ദൈവദാസന്മാർ ഇന്ത്യൻ ഗ്രാമങ്ങളിൽ ഉണ്ട്. നമുക്ക് അന്യോന്യം കരുതാം, സ്നേഹിക്കാം, പ്രാർത്ഥിക്കാം, സുവിശേഷത്തിനു വേണ്ടി ഒന്നിച്ച് നില്ക്കാം. ദൈവരാജ്യത്തിന് വേണ്ടി അധ്വാനിക്കുന്ന ജനത്തെ വചനത്തിൽ ഉറപ്പിക്കുന്ന ദൈവദാസന്മാരെയും കുടുംബങ്ങളെയും നമുക്ക് ചേർത്തുപിടിക്കാം. ഉൾപ്പെട്ടു നില്ക്കുന്ന സംഘടന ഏതായാലും പരസ്പരമുള്ള പകയും വിദ്വേഷവും മറന്ന് ക്രിസ്തു പഠിപ്പിച്ച ദൈവസ്നേഹത്തിൽ നമുക്കൊന്നിക്കാം.

സുവിശേഷ രണാംഗണത്തിൽ അന്ത്യശ്വാസം വരെ ധീരയോടെ പോരുതിയ സുവിശേഷയോദ്ധാവ് മാധവിന് പ്രത്യശയോടെ വിട ! പോയി വിശ്രമിക്ക കാലാവസാനത്തിങ്കൽ നിൻ്റെ ഓഹരി പ്രാപിക്കാൻ നീ എഴുന്നേറ്റു വരും.

പാസ്റ്റർ ജെസ്റ്റിൻ ഗിൽഗാൽ, ബാംഗ്ലൂർ

ചെയർമാൻ, ഗിൽഗാൽ വിഷൻ മീഡിയ നെറ്റ് വർക്ക്.

Leave A Reply

Your email address will not be published.