കോവിഡ് രൂക്ഷമാകുന്നു; ബെംഗളൂരു ഉൾപ്പെടെ ആറു ജില്ലകൾ കേന്ദ്ര നിരീക്ഷണത്തിൽ

ബെംഗളൂരു: കോവിഡ് -19 രൂക്ഷമായ ആറുജില്ലകൾ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണത്തിൽ. ബെംഗളൂരു അർബൻ, ദാവൻഗെരെ, കൊപ്പാൾ, ബല്ലാരി, ദക്ഷിണ കന്നഡ, മൈസൂരു എന്നീ ജില്ലകളാണ് കേന്ദ്രത്തിന്റെ നിരീക്ഷണത്തിലുള്ളത്.

ഈ ജില്ലകളിലെ പോസിറ്റിവിറ്റി നിരക്ക്, നിലവിലുള്ള രോഗികളുടെ എണ്ണം, മരണനിരക്ക് എന്നിവ പഠിച്ചശേഷം ആശുപത്രി സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുകയാണെന്ന് ഹെൽത്ത് കമ്മിഷണർ പങ്കജ് കുമാർ പാണ്ഡെ പറഞ്ഞു.

മരണം കൂടുതൽ സ്ഥിരീകരിച്ച ജില്ലകളിൽ കൂടുതൽ വെന്റിലേറ്ററുകൾ ലഭ്യമാക്കാനുള്ള നടപടികൾ തുടങ്ങി. സംസ്ഥാന കുടുംബാരോഗ്യ ക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥർ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്താൻ ഈ ജില്ലകളിലെ സർക്കാർ-സ്വകാര്യ ആശുപത്രികളുടെ മേധാവികളുമായി വീഡിയോകോൺഫറൻസ് നടത്തുന്നുണ്ട്.

ഈ ആറു ജില്ലകളിലെ ഗർഭിണികൾ, പ്രായമായവർ, ഗുരുതരമായ അസുഖങ്ങളുള്ളവർ എന്നിവർക്ക്‌ കൂടുതൽ ശ്രദ്ധകൊടുത്തുവരുകയാണ്.

നാലര ലക്ഷം രോഗികളാകുന്ന നാലാമത്തെ സംസ്ഥാനമായി കർണാടകം മാറി. രാജ്യത്തെ മെട്രോ നഗരങ്ങളിൽ മുംബൈയെ പിന്നിലാക്കി ബെംഗളൂരു കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തെത്തി.

നഗരത്തിൽ കൺടെയ്ൻമെന്റ് സോണുകളും കൂടിവരികയാണ്. 29,588 കൺടെയ്ൻമെന്റ് സോണുകൾ റിപ്പോർട്ട് ചെയ്തതിൽ നിലവിൽ 19,680 കൺടെയ്ൻമെന്റ് സോണുകളാണ് ആക്ടീവായുള്ളത്.

Leave A Reply

Your email address will not be published.