‘കൊറോണ വൈറസ് വുഹാനിലെ ലാബിൽ നിന്ന് ഉത്ഭവിച്ചത്’; തെളിവുകളുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.

രണ്ട് ലക്ഷത്തിലേറെ പേരുടെ ജീവൻ കവർന്ന കൊറോണ വൈറസ് ഉത്ഭവിച്ചത് ചൈനയിലെ വുഹാൻ ലാബിൽ നിന്നാണെന്ന് ആരോപിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. എബിസി ന്യൂസിനോടായിരുന്നു പോംപിയോയുടെ പ്രതികരണം. വൈറസിന്റെ ഉറവിടം വുഹാൻ ലാബാണെന്നതിന് തെളിവുകൾ നിരവധിയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ചൈന മനഃപൂർവം വൈറസ് പുറത്തുവിട്ടതാണോ എന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം നൽകിയില്ല.

35 ലക്ഷം പേരെ ബാധിക്കുകയും 2,40,000 ലേറെ പേരുടെ ജീവൻ കവർന്നെടുക്കുകയും ചെയ്ത കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചിരുന്നു. വൈറസുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ബെയ്ജിംഗ് മറച്ചുവച്ചുവെന്നും ലോകത്തിന് മുന്നിൽ അവർ കുറ്റക്കാരാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ആദ്യം ചൈനയിലെ വെറ്റ് മാർക്കറ്റിൽ നിന്നാണ് വൈറസ് പടർന്നതെന്നാണ് അമേരിക്ക പറഞ്ഞതെങ്കിൽ നിലവിൽ അവർ വിരൽ ചൂണ്ടുന്നത് വുഹാൻ ലാബിലേക്കാണ്.

വൈറസിന്റെ ഉത്ഭവം എവിടെ നിന്നാണെന്ന് കണ്ടെത്താൻ ചാരന്മാരെ നിയോഗിച്ചിരിക്കുകയാണ് ട്രംപ് എന്നാണ് ഒടുവിലായി പുറത്തുവരുന്ന വിവരം. മുൻ സിഐഎ ഡയറക്ടർ കൂടിയായിരുന്ന മൈക്ക് പോംപിയോ വുഹാൻ ലാബിൽ നിന്ന് തന്നെയാണ് വൈറസിന്റെ ഉത്ഭവമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,48,302 ആയി. 35,66,469 പേർക്ക് രോഗം സ്ഥിരീകരിച്ചു. 11,53,999 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. കൊവിഡ് മൂലം ലോകത്ത് ഇന്നലെ മാത്രം 3,433 പേർ മരിച്ചു. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 80,952 പേർക്കാണ്.

Leave A Reply

Your email address will not be published.