ക്രിസ്ത്യന്‍ ഗ്രന്ഥങ്ങള്‍ കത്തിച്ചു, വൈദികന് നേരെ വടിവാള്‍ ആക്രമണത്തിന് ശ്രമം: കര്‍ണ്ണാടകയില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണം തുടര്‍ക്കഥ

ബെംഗളൂരു: കര്‍ണാടകയില്‍ തീവ്ര ഹിന്ദുത്വവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്ന ആക്രമണവും ഭീഷണിയും തുടര്‍ക്കഥ. കോലാറിലാണ് ഏറ്റവും ഒടുവിലായി തീവ്രഹിന്ദു വലതു പക്ഷ പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചത്. തീവ്ര ഹിന്ദു പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ ഗ്രന്ഥങ്ങള്‍ കത്തിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാളെ പോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഭീഷണിയുള്ള പശ്ചാത്തലത്തില്‍ ക്രിസ്ത്യൻ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിരിന്നുവെന്നാണ് പോലീസ് ഭാഷ്യം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കര്‍ണാടകയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന 38ാമത്തെ ആക്രമണമാണ് കോലാര്‍ സംഭവം.

ഇതിനിടെ ഇന്നലെ ശനിയാഴ്ച കര്‍ണാടകയിലെ ബെലാഗവിയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ അക്രമി വടിവാളുമായി അതിക്രമിച്ചു കയറിയ സംഭവത്തെ കുറിച്ചുള്ള വാര്‍ത്തയും ചര്‍ച്ചയായിട്ടുണ്ട്. വൈദികനെ ആക്രമിക്കാന്‍ ഇയാള്‍ പിന്നാലേ പോകുന്നതു സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഫാ. ഫ്രാന്‍സിസ് ഡിസൂസയെയാണ് പ്രതി ആക്രമിക്കാന്‍ ശ്രമിച്ചത്. വടിവാളിനു പുറമെ ഇയാളുടെ കൈവശം കയറും ഉണ്ടായിരുന്നു. സംഭവത്തില്‍ പള്ളിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയെന്നും അക്രമിയെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചതായും പോലീസ് അറിയിച്ചുവെങ്കിലും ക്രൈസ്തവ സമൂഹത്തില്‍ ആശങ്ക വര്‍ദ്ധിച്ചിട്ടുണ്ട്. അപകടകരവും അസ്വസ്ഥതയുളവാക്കുന്നതുമായ സംഭവമെന്നാണ് ബംഗളൂരു അതിരൂപതയുടെ വക്താവ് ജെ എ കാന്ത്രാജ് വിശേഷിപ്പിച്ചത്.

കര്‍ണ്ണാടകയില്‍ മതപരിവര്‍ത്തന നിരോധന ബില്ല് അവതരിപ്പിച്ചതിന് ശേഷം നിരവധി അക്രമസംഭവങ്ങളാണ് സംസ്ഥാനത്തു ഉടനീളം ഉണ്ടായിരിക്കുന്നത്. ഈ വർഷം ജനുവരി മുതൽ സെപ്തംബർ വരെ കർണാടകയിൽ 32 ദേവാലയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അതിൽ 6 എണ്ണം ഒക്‌ടോബറിനും ഡിസംബറിനുമിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടവയാണെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം, അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് ആൻഡ് യുണൈറ്റഡ് എഗെയ്ൻസ്റ്റ് ഹെയ്റ്റ് രേഖപ്പെടുത്തിയ വസ്തുതാന്വേഷണ റിപ്പോർട്ടിൽ പരാമര്‍ശമുണ്ടായിരിന്നു.

 

Leave A Reply

Your email address will not be published.