മോശെയുടെ വടി അംശവടിയോ?

പാസ്റ്റർ ടി.വി തങ്കച്ചൻ എഴുതുന്നു

മോശെയുടെ അംശവടി പുരാവസ്തു ശേഖരത്തിൽ കൊച്ചിയിൽ സൂക്ഷിക്കപ്പെടുന്നതു സംബന്ധിച്ച വാർത്തകൾ ഇപ്പോൾ മാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുകയാണല്ലോ! ആരാണു മോശെ? മോശെയുടെ വടി അംശവടിയോ? അംശവടി കൊച്ചിയിൽ എത്താൻ വഴിയുണ്ടോ? എന്നീ കാര്യങ്ങൾ ചിന്തിക്കാൻ കഴിയാതെ ഭരതത്തിലെ അറിയപ്പെടുന്ന ഉന്നതസ്ഥാനീയരായ പ്രമുഖർ ഒരു വ്യാജ ഡോകടറുടെ വാചാലതയിൽ കുടുങ്ങിപ്പോയതിനാൽ ധനാഢ്യരും സാധാരണക്കാരും സാമ്പത്തികമായി കബളിപ്പിക്കപ്പെട്ട വാർത്ത എല്ലാവരെയും വളരെ അത്ഭുതപ്പെടുത്തുന്നതാണു. വാർത്തകളുടെ സത്യാവസ്ഥ നിയമപരമായി കണ്ടെത്തി നിയമനടപടികൾക്കായി വിടുന്നു. എന്നാൽ മോശെയുടെ വടിയെ സംബന്ധിച്ച കാര്യങ്ങൾ ഇനിയെങ്കിലും നാം അറിഞ്ഞിരിക്കേണ്ട വസ്തുതയാണു.

ആരാണു മോശെ?

വിശുദ്ധ ബൈബിളിൽ പഴയനിയമത്തിൽ പുറപ്പാടു പുസ്തകത്തിൽ തുടങ്ങി ബൈബിളിൽ ഉടനീളം പേരു പറയപ്പെട്ടിട്ടുള്ള ഒരു വ്യക്തിയാണു മോശെ. BC പതിമൂന്നാം നൂറ്റാണ്ടിൽ ഈജിപ്തിൽ അടിമകളായി കണക്കാക്കപ്പെട്ട യിസായേൽ ജനതയുടെ ലേവി കുടുംബത്തിൽ ജനിച്ച മകനായിരുന്നു മോശെ. യിസ്രായേൽ ജനത്തിന്റെ ഈജിപ്റ്റിലെ ബാഹുല്യവും ശക്തിയും കണ്ട്‌ ഭീതിപ്പെട്ട ഫറവോൻ എബായരുടെ ആൺകുഞ്ഞുങ്ങളെ എല്ലാം കൊന്നുകളയാൻ കൽപന പുറപ്പെടുവിച്ച വേളയിൽ മോശെ എന്ന ശിശുവിനെ രക്ഷിപ്പാനായി തന്റെ മാതാവു ഒരു ഞാങ്ങണ (കാട്ടുചൂരൽ) പെട്ടകത്തിൽ മൂന്നുമാസമായ ശിശുവിനെ കിടത്തി നൈൽനദീതീരത്തു ഞാങ്ങണയുടെ ഇടയിൽ വെച്ചിട്ടു മടങ്ങിപ്പോയി. ഫറവോന്റെ പുത്രി നദിയിൽ കുളിപ്പാൻ ദാസിമാരുമായി വന്നപ്പോൾ കുഞ്ഞിന്റെ കരച്ചിൽ കേട്ടു പെട്ടകം കണ്ടെത്തി കുഞ്ഞിനെ കൊട്ടാരത്തിൽ കൊണ്ടുപോയി വളർത്തി. ‘വെള്ളത്തിൽ നിന്നു വലിച്ചെടുക്കപ്പെട്ടവൻ’ എന്ന അർത്ഥം വരുന്ന ‘മോശെ’ എന്നു ഫറവോന്റെ പുത്രി ആ ശിശുവിനു പേരിട്ടു.

നാൽപതു വയസ്സു വരെ ഫറവോന്റെ കൊട്ടാരത്തിൽ വളർന്നു സകല അഭ്യാസങ്ങളും പഠിച്ച മോശെ ഒരിക്കൽ ഒരു മിസ്രയീമ്യൻ യിസ്രായേല്യനെ ഉപദ്രവിക്കുന്നതു കണ്ടിട്ട്‌ മിസ്രയീമ്യനെ കൊലചെയ്തശേഷം മിദ്യാനിലേക്കു പലായനം ചെയ്കയും അവിടെ യിത്രോ (റെഗൂവേൽ) എന്ന ഒരു പുരോഹിതന്റെ മകളെ വിവാഹം ചെയ്തു അവരുടെ ആടുകളെ മേയ്ക്കയും ചെയ്തു വന്നു. ഒരിക്കൽ ആടുകളെ മേയ്ക്കുന്ന വേളയിൽ യഹോവയായ ദൈവം തീ കത്തുന്ന ഒരു മുൾപ്പടർപ്പിൽ പ്രത്യക്ഷനായി മേശെയെ അടുത്തുവിളിച്ചു മിസ്രയീമിൽ അടിമവേല ചെയ്തു കഷ്ടപ്പെട്ടു നിലവിളിക്കുന്ന യിസ്രായേൽമക്കളെ അവിടെനിന്നു മോചിപ്പിച്ചു പാലും തേനും ഒഴുകുന്ന കനാൻ ദേശത്തേക്കു കൊണ്ടുപോകുന്നതിനുള്ള ദൗത്യം ഭരമേൽപിക്കയുണ്ടായി. തന്റെ എൺപതാം വയസ്സിൽ അഹരോൻ എന്ന തന്റെ സഹോദരന്റെ സഹായത്തോടെ 25 ലക്ഷത്തോളം വരുന്ന യിസ്രായേൽ ജനത്തെ ഫറവോന്റെ അടിമത്വത്തിൽ നിന്നും മോചിപ്പിച്ചു 40 വർഷത്തെ മരുഭൂമി യാത്രയ്ക്കു നേതൃത്വം നൽകി ദൈവകൽപനപ്രകാരം അനേകം അത്ഭുതപ്രവൃത്തികൾ ചെയ്തു ജനത്തെ നയിച്ച നേതാവാണു മോശെ. സീനായ്മലമുകളിൽ വെച്ചു ദൈവത്തോടുകൂടെ 40 ദിവസം ചിലവിട്ടു ദൈവം സ്വന്തം വിരൽകൊണ്ടു കൽപലകയിൽ എഴുതിനൽകിയ പത്തുകൽപനകളുമായി ജനത്തിന്റെ അടുക്കൽ വന്ന പ്രവാചകനാണു മോശെ. ബൈബിളിലെ ആദ്യത്തെ അഞ്ചുപുസ്തകങ്ങളുടെ രചയിതാവും മോശെയാണു എന്നു വിശ്വസിക്കപ്പെടുന്നു.

മോശെയുടെ വടി:

മോശെ 40 വർഷം ആടുകളെ മേയ്ക്കുന്ന ഒരു ഇടയനായിരുന്നു. ആട്ടിടയന്മാർ പൊതുവെ ആടുകളുടെ നിയന്ത്രണത്തിനും ഇടയന്റെ സംരക്ഷണത്തിനും മറ്റുമായി ഒരു വടി ഉപയോഗിക്കാറുണ്ട്‌. അതിനു മറ്റു വിശേഷതകൾ ഒന്നും തന്നെ ഉള്ളതല്ല. എന്നാൽ ഫറവോന്റെ അടുക്കൽ മോശെ ചെന്നു യിസ്രായേൽ ജനത്തെ വിട്ടയപ്പാൻ യഹോവ കൽപിക്കുന്നു എന്നു പറയുമ്പോൾ ഫറവോൻ യഹോവയെ അറിയാത്തതിനാൽ ജനത്തെ വിട്ടയപ്പാൻ വിസമ്മതിച്ചാൽ ചില അടയാളങ്ങൾ പ്രവർത്തിക്കുന്നതിനു ദൈവം മോശെക്കു അധികാരം നൽകി. അങ്ങനെ നൽകിയ അടയാളങ്ങളിൽ ഒന്നാണു മോശെയുടെ കയ്യിലുള്ള വടി നിലത്തിടുവാൻ ദൈവം കൽപിക്കയും നിലത്തിട്ടപ്പോൾ അതു സർപ്പമായി തീരുകയും അതിന്റെ വാലിൽ പിടിച്ചപ്പോൾ വീണ്ടും അതു വടിയായി മാറുകയും ചെയ്തതു. അപ്രകാരം ഫറവോന്റെ മുമ്പാകെ അഹരോൻ മോശെയോടുകൂടെ ഈ അടയാളം പ്രവർത്തിച്ചപ്പോൾ മിസ്രയീമിലെ മന്ത്രവാദികളും അങ്ങനെ തന്നെ ചെയ്തു. എന്നാൽ അഹരോന്റെ വടി മന്ത്രവാദികളുടെ വടിയെ വിഴുങ്ങിക്കളഞ്ഞു. ദൈവത്തിന്റെ ശക്തി ഇറങ്ങിവസിച്ച ഈ വടി പിന്നിടു ദൈവത്തിന്റെ വടി എന്നും അറിയപ്പെട്ടു. ഈ വടി ഉപയോഗിച്ചു മിസ്രയീമിലെ നദിയിലെ വെള്ളം രക്തമായി മാറുകയും ദേശത്തു തവളകൾ നിറയുകയും ആകാശത്തുനിന്നു കൽമഴ മിസ്രയീമിൽ പെയ്യുകയും വെട്ടുക്കിളി ദേശത്തു നിറയുകയും ചെയ്തതായ ന്യായവിധികൾ മിസ്രയീമ്യർക്കു സംഭവിച്ചു. എന്നാൽ യിസ്രായേൽ മക്കൾക്കു വേണ്ടി ചെങ്കടൽ രണ്ടായി വിഭജിക്കപ്പെട്ടതും മരുഭുമിയിൽ പാറയെ അടിച്ചപ്പോൾ വെള്ളം സമൃദ്ധിയായി ലഭിച്ചതും ഈ വടിയാൽ തന്നെ. ഇതൊക്കെ സംഭവിച്ചതു വടിയുടെ ശ്രേഷ്ടത കൊണ്ടല്ല, വടിയുടെ ശക്തി വെളിപ്പെടുത്താനുമല്ല. ദൈവകൽപന അനുസരിച്ചു മോശെയും അഹരോനും അങ്ങനെ ചെയ്തതിനാൽ ദൈവത്തിന്റെ ശക്തി വെളിപ്പെടുത്തുകയാണു അതിലൂടെ ചെയ്തതു. അതെ, ദൈവത്തെ അനുസരിപ്പാൻ തയ്യാറാകുന്ന ഏതൊരു വ്യക്തിയെയും ദൈവത്തിനു ഉപയോഗിപ്പാൻ കഴിയും എന്നു തിരിച്ചറിയുകയാണു വേണ്ടതു. അല്ലാതെ ഒരു വസ്തുവും പൂജിക്കപ്പെടേണ്ടതല്ല.

മോശെയുടെ അംശവടി:

ഇങ്ങനെ ഒരു പദപ്രയോഗം ബൈബിളിൽ ഉള്ളതല്ല. മോശെക്കു അങ്ങനെ ഒരു അംശവടി ഉണ്ടായിരുന്നില്ല. അഥവാ മോശെ ഉപയോഗിച്ച ഇടയന്റെ വടിയാൽ അത്ഭുതങ്ങൾ നടന്നിട്ടുള്ളതിനാൽ അവ വല്ലവിധത്തിലും എവിടെയെങ്കിലും സൂക്ഷിക്കപ്പെടാൻ വഴിയില്ല. സൂക്ഷിക്കപ്പെട്ടാലും ഇപ്പോൾ കൊച്ചിയിൽ എത്താൻ വഴിയില്ല. എത്തിയാലും പുരാവസ്തു ശേഖരത്തിൽ കണ്ടതുപോലെ പുതുമയുള്ള തിളക്കത്തിൽ അതു കിട്ടുകയില്ല. മൂവായിരത്തി മുന്നൂറു വർഷത്തെ പഴക്കം എങ്കിലും അതിനു തോന്നിക്കുന്നതായിരിക്കണം. മാത്രമല്ല, മോശെ ഉപയോഗിച്ച വടി ആടിനെ മേയ്ക്കുന്നവർ ഉപയോഗിക്കുന്ന കാട്ടിലെ ഒരു സാധാരണ വടിയായിരുന്നല്ലൊ. എന്നാൽ അതു അത്ഭുതം പ്രവർത്തിക്കാൻ ഉപയോഗിച്ചപ്പോൾ ദൈവത്തിന്റെ വടി എന്നു അറിയപ്പെട്ടു. അതിൽ ഒരു സർപ്പം ചുറ്റി നിൽക്കയോ അങ്ങനെ കൊത്തി ഉണ്ടാക്കി ഉപയോഗിക്കയോ ചെയ്തിട്ടുണ്ടാവില്ല. മോശെയുടെ വടി ഒരു നിമിഷത്തേക്കു സർപ്പമായി മാറുകയും പിന്നീടു അതു വടിയായി മാറുകയുമാണു ഉണ്ടായതു. ആ വടി സർപ്പമാക മാത്രമല്ല, മറ്റു പല അത്ഭുതങ്ങളും അതുപയോഗിച്ചു നടന്നു എന്നതിനാൽ അതിന്റെ ഒന്നും രൂപം വരാതെ സർപ്പം ചുറ്റിയ വടിയായി അതിനെ അംഗീകരിക്കേണ്ടതില്ല. ചില മതമേലദ്ധ്യക്ഷരുടെ കയ്യിലെ അംശവടിയും അതിലെ സർപ്പരൂപവും മോശെക്കും ഉണ്ടായിരുന്നതായി ആരെങ്കിലും സങ്കൽപിക്കുന്നുണ്ടാവാം. ഇതൊക്കെ ദൈവം നൽകിയ അധികാരചിഹ്നമോ നിർമ്മിതരൂപങ്ങളോ വസ്തുക്കളോ ആണെന്നു ബൈബിൾ തെളിയിക്കുന്നുമില്ല.

Leave A Reply

Your email address will not be published.