മംഗളൂരുവില്‍ 40 വര്‍ഷം പഴക്കമുള്ള ക്രൈസ്തവ ആരാധനാലയം തകര്‍ത്തു

മംഗളൂരു: മംഗളൂരുവില്‍ കഴിഞ്ഞ 40 വര്‍ഷങ്ങളായി ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിച്ചിരുന്ന പ്രാര്‍ത്ഥനാ ഹാള്‍ അജ്ഞാതര്‍ തകര്‍ത്തു. പന്‍ജിമൊഗാരുവിലെ ഉരുഡാഡി ഗുഡെയില്‍ പ്രദേശവാസികള്‍ രൂപം നല്‍കിയിരിക്കുന്ന സെന്റ്‌ ആന്റണി ബില്‍ഡിംഗ്‌ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലുള്ള 585 ചതുരശ്രയടി സ്ഥലത്ത് നിര്‍മ്മിച്ചിരുന്ന പ്രാര്‍ത്ഥനാലയമാണ് ഇക്കഴിഞ്ഞ ശനിയാഴ്ച അജ്ഞാതരായ ചിലര്‍ തകര്‍ത്തത്. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ലെങ്കിലും തീവ്ര ഹിന്ദുത്വവാദികളാണോയെന്ന സംശയം ഉയരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. വര്‍ഷങ്ങളായി തങ്ങള്‍ പ്രാര്‍ത്ഥിച്ചിരുന്ന പ്രാര്‍ത്ഥനാ മന്ദിരം തകര്‍ത്തതില്‍ പ്രദേശവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുകയാണ്. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.വി രാജേന്ദ്ര സംഭവത്തേക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

സെന്റ്‌ ആന്റണി ബില്‍ഡിംഗ്‌ കമ്മിറ്റിയും വിമണ്‍ ആന്‍ഡ് ചൈല്‍ഡ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റും തമ്മില്‍ പ്രാര്‍ത്ഥനാ ഹാള്‍ നിലനിന്നിരുന്ന സ്ഥലം സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. തര്‍ക്കവിഷയമായ സ്ഥലത്തെ നിര്‍മ്മിതികളൊന്നും നിയമനടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ തകര്‍ക്കരുതെന്ന് ഫോര്‍ത്ത് അഡീഷണല്‍ ജഡ്ജും, ജെ.എം.എഫ്.സി കോടതി ഇക്കഴിഞ്ഞ ജനുവരി 28-ന് വിധിക്കുകയും ചെയ്തിരുന്നതാണ്. ഫെബ്രുവരി 14-ന് ഈ കേസ് വീണ്ടും പരിഗണിക്കുവാനിരിക്കെയാണ് ആരാധനാലയം തകര്‍ക്കപ്പെട്ടത്. അജ്ഞാതരായ ചില വ്യക്തികള്‍ പ്രാര്‍ത്ഥനാ ഹാള്‍ പരിസരത്തെ മരങ്ങള്‍ വെട്ടിയെന്നും, അതിന് ശേഷമായിരിക്കാം പ്രാര്‍ത്ഥനാ ഹാള്‍ തകര്‍ത്തതെന്നുമാണ് അധികൃതര്‍ പറയുന്നത്.

സംഭവം അറിഞ്ഞ ഉടന്‍ തന്നെ കാവൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലീസ് തങ്ങളുടെ പരാതിയുടെ പുറത്ത് യാതൊരു നടപടിയും കൈകൊണ്ടില്ലെന്നും മംഗളൂരു രൂപതയുടെ പി.ആര്‍.ഒ ഫാ. റോയ് കാസ്റ്റെലിനോ ആരോപിച്ചു. ഈ നടപടി തികച്ചും കോടതിയലക്ഷ്യമാണെന്നു ഫാ. റോയ് പറയുന്നു. വിമണ്‍ ആന്‍ഡ് ചൈല്‍ഡ് വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡെപ്യൂട്ടി ഡയറക്ടറില്‍ നിന്നും തങ്ങള്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.വി രാജേന്ദ്ര പറഞ്ഞു. തര്‍ക്കവിഷയമായ സ്ഥലത്ത് ഒരു അംഗണവാടി നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് രാജ് എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിന് പരാതി ലഭിച്ചിട്ടുണ്ടെങ്കിലും പ്രാര്‍ത്ഥനാ ഹാള്‍ തകര്‍ത്തതാരെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടര്‍ന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ മഹേഷ്‌ സംഭവ സ്ഥലം സന്ദര്‍ശിച്ചിരിന്നു.

Leave A Reply

Your email address will not be published.