നാം ദൈവത്തിൻ്റെ മക്കൾ | We Are The Children Of God

Editorial | എഡിറ്റോറിയൽ, പാസ്റ്റർ ജെസ്റ്റിൻ ഗിൽഗാൽ, ബാംഗൂർ

ഓരോ കലണ്ടർ വർഷത്തിലും ആഘോഷിക്കുവാനും ഓർക്കുവാനും വ്യത്യസ്ഥ ദിവസങ്ങൾ ഉണ്ട്. എല്ലാ ദിവസവും പോലെ തന്നെയെ ഉള്ളുവെങ്കിലും ജീവിതത്തിന്റെ അതിവേഗപ്പാച്ചിലുകൾക്കിടയിൽ, രണ്ടറ്റം കൂട്ടി മുട്ടിക്കാനുള്ള ഓട്ടത്തിനിടയിൽ, ജാതി-മത-ദേശ പ്രത്യേകതകൾ അനുസരിച്ചും, സംഘടനപരമായും, സാംസ്‌കാരികവുമായും ഒക്കെ ദിവസങ്ങൾക്ക് പ്രത്യേകത ലഭിക്കുന്നുണ്ട് എന്നത് സാമൂഹ്യപരമായി അംഗീകരിക്കുന്നു.

എന്നാൽ ക്രൈസ്തവീയത പിന്തുടരുന്നവർക്ക് എല്ലാ ദിവസവും ഒരുപോലെ പ്രധാനപ്പെട്ടതാണ്. അതിലുപരി “നാം ദൈവത്തിൻ്റെ മക്കൾ” എന്ന് വിളിക്കപ്പെടുന്നത് എത്രയോ ശ്രേഷ്ഠമായ പദവിയാണ്. ദൈവാത്മാവ് നയിക്കുന്ന ഏവരും ദൈവത്തിൻ്റെ മക്കൾ എന്നാണ് വിശുദ്ധ വേദപുസ്തകം പഠിപ്പിക്കുന്നത്. ഈ ലോകത്തിൽ വ്യത്യസ്ത കുടുംബങ്ങളിൽ ജനിക്കാൻ ഭാഗ്യം ലഭിച്ചവരാണ് നാം ഓരോരുത്തരും. മാത്രമല്ല, ജനിച്ചുവീണ നമുക്ക് ഓരോരുത്തർക്കും ഒരു ജനന ദിവസമുണ്ട്. എന്നാൽ മരണ ശേഷം മാത്രമേ നമ്മുടെ മരണ ദിവസം രേഖപ്പെടുത്താൻ കഴിയുകയുള്ളൂ.

ഒരു വ്യക്തിയുടെ ജീവിതത്തിൽ ജനന ദിവസമെന്നത് സ്വാഭാവികമാണ്. കൂടാതെ വിവാഹ വാർഷിക ദിനം തുടങ്ങി വിവിധ വാർഷിക ദിനങ്ങൾ നാം ഓർക്കാറുണ്ട്. ഓരോ വാർഷിക ദിനത്തിലും ദൈവം നടത്തിയ വിധങ്ങൾക്ക് നന്ദി പറയുന്നതും, ആ സന്തോഷം പങ്ക് വയ്ക്കുന്നതും നല്ലതു തന്നെയാണ്. എന്നാൽ ഇന്ന് ചില പ്രത്യേക ദിവസങ്ങൾ പല പേരിൽ നാം തന്നെ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നു. ദൈവമക്കളുടെ ഇടയിലും ഈ പ്രവണത കണ്ടു വരുന്നു. എന്നാൽ ലോകം അംഗീകരിച്ച ചില പ്രത്യേക ദിവസങ്ങൾ ഉണ്ട്. ഉദാ: ലോക തൊഴിലാളി ദിനം, അദ്ധ്യാപക ദിനം, ലോക പരിസ്ഥിതി ദിനം തുടങ്ങിയവ. ഇങ്ങനെ ലോകം അംഗീകരിച്ച ദിവസങ്ങൾക്ക് പിന്നിൽ ഓരോ ചരിത്രവുമുണ്ടായിരുന്നു. ഇന്ന് ലോക പരിസ്ഥിതി ദിനം. 1974 ൽ യു‌എസ്‌എയിലെ സ്‌പോക്കെയ്ൻ നഗരത്തിലാണ് ഈ ദിവസം ആദ്യമായി ആചരിച്ചത്. 1972 ൽ ഐക്യരാഷ്ട്ര പൊതുസഭ മനുഷ്യ പരിസ്ഥിതി സംബന്ധിച്ച സ്റ്റോക്ക്ഹോം സമ്മേളനത്തിന്റെ ആദ്യ ദിവസം ലോക പരിസ്ഥിതി ദിനം സ്ഥാപിച്ചു. രണ്ടുവർഷത്തിനുശേഷം, 1974 ൽ “ഒരേയൊരു ഭൂമി” എന്ന പ്രമേയവുമായി ആദ്യത്തെ WED നടന്നു.

1889-ൽ മാർക്‌സിസ്റ്റ് ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഗ്രസ് ഒരു വലിയ അന്താരാഷ്ട്ര പ്രകടനത്തിനുള്ള പ്രമേയം അംഗീകരിച്ചു, അതിൽ തൊഴിലാളികളെ ദിവസത്തിൽ 8 മണിക്കൂറിൽ കൂടുതൽ ജോലിചെയ്യരുതെന്ന് അവർ ആവശ്യപ്പെട്ടു. ഇതിനുശേഷം ഇത് ഒരു വാർഷിക പരിപാടിയായി മാറുകയും മെയ് 1 തൊഴിലാളി ദിനമായി ആഘോഷിക്കുകയും ചെയ്തു. മാത്രമല്ല, അങ്ങനെയുള്ള പ്രത്യേക ദിവസങ്ങൾ സമൂഹത്തോടുള്ള കടപ്പാടും വ്യക്തിക്കളിൽ സാമൂഹിക പ്രതിബദ്ധത ഉളവാക്കുന്നതിനും കാരണമാകുന്നു.

എന്നാൽ ക്രിസ്തു വിശ്വാസിയെ സംബന്ധിച്ച് വീണ്ടും ജനനം (Born Again) പ്രാപിക്കുക എന്നത് പ്രധാനകാര്യമാണ്. പാപികളുടെ രക്ഷക്കായ് ലോകത്തിലേക്ക് അവതരിച്ച ലോക രക്ഷകനായ യേശുക്രിസ്തുവിനെ ഹൃദയത്തിൽ രക്ഷകനായ് സ്വീകരിച്ച് മാനസാന്തര അനുഭവം പ്രാപിക്കുന്നതാണ് വീണ്ടും ജനനം. ഉപദേശിയുടെ മക്കൾ ആയാലും, വിശ്വാസിയുടെ മക്കൾ ആയാലും യേശു കർത്താവിനെ ഹൃദയത്തിൽ കൈക്കൊണ്ട് യേശുവിൻ്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും “ദൈവമക്കൾ” ആകുവാൻ ദൈവം അധികാരം കെടുത്തു. അങ്ങനെ ദൈവത്തിൻ്റെ മകനായ് / മകളായ് തീർന്ന ആ ദിവസമല്ലേ ജീവിതത്തിലെ ഏറ്റവും ഭാഗ്യകരമായ ദിനം ! “നാം ദൈവത്തിൻ്റെ മക്കൾ” എന്ന് വിളിക്കപ്പെടുന്നത് നിത്യതയോളം നിലനില്ക്കുന്ന ഒരു പദവിയാണ്.

ദൈവത്തിൻ്റെ മക്കൾ എങ്കിൽ ദൈവത്തിൻ്റെ അവകാശികളും ക്രിസ്തുവിൻ്റെ കൂട്ടവകാശികളും എന്നാണ് വചനം നമ്മെ പഠിപ്പിക്കുന്നത്. യേശു കർത്താവിൻ്റെ മടങ്ങിവരവിൽ യേശുവിനോട് ചേർന്ന് തേജസ്കരിക്കപ്പെടേണ്ടതിന് നാം ഓരോരുത്തരും വിണ്ടും ജനനം പ്രാപിച്ച് ദൈവമക്കളായ് തീരണം എന്ന് വിശുദ്ധ വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു.

ആയതിനാൽ നാം വീണ്ടും ജനനം പ്രാപിക്കാം… ”ദൈവത്തിൻ്റെ മക്കൾ” എന്ന് വിളിക്കപ്പെടാം… മരണത്തിനപ്പുറമുള്ള നിത്യജീവനുവേണ്ടി ഒരുങ്ങാം…

ഇന്ന് ലോക പരിസ്ഥിതി ദിനം | World Environmental Day
ആരോഗ്യപരമായ പരിസ്ഥിതി സംരക്ഷണവും സമൂഹത്തിന്റെ സംരക്ഷണവും ആശംസിക്കുന്നു…

ക്രിസ്തുവിൽ നിങ്ങളുടെ സഹോദരൻ
പാസ്റ്റർ ജെസ്റ്റിൻ ഗിൽഗാൽ, ബാംഗൂർ
Chief Editor, GilgalVision
Chairman, GilgalVision Media Network

Leave A Reply

Your email address will not be published.